Connect with us

National

സൈന്യം 10 ശതമാനത്തിന്റെ നിയന്ത്രണത്തിലെന്ന് രാഹുൽ ഗാന്ധി; വിവാദം

"കോർപ്പറേറ്റ് മേഖലകൾ, ബ്യൂറോക്രസി, നീതിന്യായ വ്യവസ്ഥ... എന്തിനേറെ സൈന്യം പോലും രാജ്യത്തെ 10 ശതമാനം ജനവിഭാഗത്തിന്റെ (ഉയർന്ന ജാതിക്കാർ) നിയന്ത്രണത്തിലാണ്. ബാക്കിയുള്ള 90 ശതമാനം വരുന്ന പിന്നാക്കക്കാർ, ദളിതർ, പട്ടികവർഗ്ഗക്കാർ, മറ്റ് ന്യൂനപക്ഷ വിഭാഗക്കാർ എന്നിവർക്ക് ഇവിടെയെങ്ങും സ്ഥാനമില്ല" - രാഹുൽ പറഞ്ഞു

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ സൈന്യം ’10 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ (ഉയർന്ന ജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവർ) നിയന്ത്രണത്തിലാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ, ബീഹാറിലെ ഔറംഗാബാദിൽ നടത്തിയ പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“കോർപ്പറേറ്റ് മേഖലകൾ, ബ്യൂറോക്രസി, നീതിന്യായ വ്യവസ്ഥ… എന്തിനേറെ സൈന്യം പോലും രാജ്യത്തെ 10 ശതമാനം ജനവിഭാഗത്തിന്റെ (ഉയർന്ന ജാതിക്കാർ) നിയന്ത്രണത്തിലാണ്. ബാക്കിയുള്ള 90 ശതമാനം വരുന്ന പിന്നാക്കക്കാർ, ദളിതർ, പട്ടികവർഗ്ഗക്കാർ, മറ്റ് ന്യൂനപക്ഷ വിഭാഗക്കാർ എന്നിവർക്ക് ഇവിടെയെങ്ങും സ്ഥാനമില്ല” – രാഹുൽ പറഞ്ഞു. ഇതാദ്യമായാണ് രാഹുൽ ഗാന്ധി സൈന്യത്തെ ഈ പശ്ചാത്തലത്തിൽ പരാമർശിക്കുന്നത്.

ഒരു വർഷത്തിലേറെയായി സാമൂഹിക നീതിക്കും തുല്യ അവസരങ്ങൾക്കുമായി അദ്ദേഹം ഉയർത്തുന്ന ആവശ്യങ്ങൾക്ക് ശക്തി പകരുന്നതാണ് ഈ പ്രസ്താവന. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം.

സംവിധാനത്തിന് പുറത്തുള്ള 90 ശതമാനം ഇന്ത്യക്കാരെ’ കണ്ടെത്താനും അവരുടെ അവകാശങ്ങളും ഭരണഘടനാപരമായ ഉറപ്പുകളും സംരക്ഷിക്കാനും ഒരു ദേശീയ ജാതി സെൻസസ് ആവശ്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഞങ്ങൾക്ക് ഡാറ്റ ആവശ്യമുണ്ട്. എത്ര ദളിതർ, ഒ ബി സി, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ… എന്നിവരുണ്ടെന്ന് അറിയണം. ജാതി സെൻസസിനായുള്ള ഈ ആവശ്യം വഴി ഞങ്ങൾ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. 90 ശതമാനം ജനങ്ങൾക്ക് പങ്കാളിത്ത അവകാശങ്ങൾ ഇല്ലെങ്കിൽ, ഭരണഘടനയെ സംരക്ഷിക്കാൻ കഴിയില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെയും ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ അഭിപ്രായങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ നടത്തിയ “അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ തല്ലിച്ചതയ്ക്കുന്നു” എന്ന പരാമർശത്തിൽ സുപ്രീം കോടതി അദ്ദേഹത്തിന് താക്കീത് നൽകിയിരുന്നു.

സൈന്യത്തെ ‘അപകീർത്തിപ്പെടുത്താൻ’ സ്വാതന്ത്ര്യമുണ്ട് എന്നതിനൊന്നും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നില്ല എന്ന് അലഹബാദ് ഹൈക്കോടതി മുൻപ് നിരീക്ഷിച്ചിട്ടുണ്ട്. ഒരു പ്രത്യേക കോടതിയുടെ സമൻസിനെ ചോദ്യം ചെയ്തുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

അതേസമയം, രാഹുൽ ഗാന്ധി ഇപ്പോൾ സായുധ സേനയിൽ ജാതി തിരയുകയാണെന്നും പ്രധാനമന്ത്രി മോദിയോടുള്ള വെറുപ്പിൽ അദ്ദേഹം ഇന്ത്യയെ വെറുക്കുന്നതിൻ്റെ അതിർവരമ്പ് കടന്നിരിക്കുന്നുവെന്നും ബിജെപി നേതാവ് സുരേഷ് നഖുവ പ്രതികരിച്ചു.

---- facebook comment plugin here -----

Latest