National
ന്യൂഡൽഹിയിലെ മരണങ്ങളിൽ 15% വായു മലിനീകരണം മൂലം; നഗരത്തിലെ ഏറ്റവും വലിയ ആരോഗ്യ ഭീഷണിയെന്ന് പഠനം
കണ്ടെത്തലുകൾ വായു മലിനീകരണത്തെ ഒരു പരിസ്ഥിതിപരമായ ബുദ്ധിമുട്ടായി കാണാതെ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി കണക്കാക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഉയർത്തിക്കാട്ടുന്നുവെന്ന് വിദഗ്ധർ
ന്യൂഡൽഹി | 2023-ൽ ന്യൂഡൽഹിയിൽ നടന്ന മൊത്തം മരണങ്ങളിൽ ഏകദേശം 15 ശതമാനത്തിനും കാരണം വായു മലിനീകരണമെന്ന് പഠന റിപ്പോർട്ട്. ഏറ്റവും പുതിയ ഗ്ലോബൽ ബർഡൻ ഡിസീസ് (ജി ബി ഡി) ഡാറ്റകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നഗരത്തിലെ ഏറ്റവും വലിയ ആരോഗ്യ ഭീഷണിയായി വായു മലിനീകരണം മാറിയിരിക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ മാസം ആദ്യം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐ എച് എം ഇ) പുറത്തിറക്കിയ ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിശകലനം അനുസരിച്ച്, കഴിഞ്ഞ വർഷം രാജ്യ തലസ്ഥാനത്ത് 17,188 മരണങ്ങൾ പർട്ടികുലേറ്റ് മാറ്റർ ( particulate matter പി എം 2.5) മലിനീകരണവുമായുള്ള ദീർഘകാല സമ്പർക്കം മൂലമുണ്ടായതാണ്. ഇതിനർത്ഥം ഡൽഹിയിലെ ഓരോ ഏഴ് മരണങ്ങളിൽ ഒന്നിന്റെയും കാരണം നഗരത്തിലെ വിഷലിപ്തമായ വായുവാണെന്നാണ്.
ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾക്കിടയിലും, വായു മലിനീകരണത്തെ മരണവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് ‘നിർണ്ണായകമായ തെളിവുകളൊന്നും’ ഇല്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാടെടുക്കുന്നത്. വായു മലിനീകരണം മരണത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളിൽ ഒന്നായി കണക്കാക്കാമെന്നും മന്ത്രാലയം പറയുന്നു.
ജി ബി ഡി ഡാറ്റ വിശകലനം ചെയ്ത സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിലെ (സി ആർ ഇ എ) ഗവേഷകർ പറയുന്നത്, ഈ കണ്ടെത്തലുകൾ വായു മലിനീകരണത്തെ ഒരു പരിസ്ഥിതിപരമായ ബുദ്ധിമുട്ടായി കാണാതെ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി കണക്കാക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഉയർത്തിക്കാട്ടുന്നു എന്നാണ്.
ശ്വാസകോശങ്ങളെ മാത്രമല്ല പർട്ടിക്കുലേറ്റ് മാറ്റർ മലിനീകരണം ബാധിക്കുന്നതെന്ന് സി ആർ ഇ എ അനലിസ്റ്റ് ഡോ. മനോജ് കുമാർ പറഞ്ഞു. ശ്വസിക്കുമ്പോൾ, നേർത്ത കണികകൾ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുകയും ലൻസിലെ ചെറുഅറകളിൽ എത്തുകയും പിന്നീട് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. കാലക്രമേണ, ഈ കണികകൾ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി, ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കും. ഇത് പക്ഷാഘാതം, ഹൃദയാഘാതം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അധികൃതർ നിരവധി വായു ഗുണനിലവാര മാനേജ്മെന്റ് പദ്ധതികൾ അവതരിപ്പിച്ചെങ്കിലും, ഡൽഹിയിൽ വായു മലിനീകരണം മൂലമുള്ള മരണങ്ങൾ 2018-ലെ 15,786-ൽ നിന്ന് 2023-ൽ 17,188 ആയി ഉയർന്നതായി ജി ബി ഡി വിശകലനം കാണിക്കുന്നു. ഇതേ കാലയളവിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളും വർദ്ധിച്ചെങ്കിലും വായു മലിനീകരണം മൂലമുള്ള മരണങ്ങളെക്കാൾ കുറവാണ്.





