Kerala
റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് മാനേജിംഗ് ഡയറക്ടറും, ബ്രാന്‍ഡ് അംബാസഡര്‍ ദുല്‍ഖര്‍ സല്‍മാനും ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം
പത്തനംതിട്ട വള്ളിക്കോട് സ്വദേശിയുടെ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്.
പത്തനംതിട്ട | റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് മാനേജിംഗ് ഡയറക്ടറും, ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷനില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം. പത്തനംതിട്ട വള്ളിക്കോട് സ്വദേശിയുടെ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്. പ്രതിപട്ടികയില്‍ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് മാനേജിംഗ് ഡയറക്ടര്‍ ഒന്നാം പ്രതിയും പത്തനംതിട്ട മലബാര്‍ ബിരിയാണി സ്പൈസസ് രണ്ടാം പ്രതിയും, ബ്രാന്‍ഡ് അംബാസഡര്‍ മൂന്നാം പ്രതിയായുമാണ്. കേറ്ററിങ് ഏറ്റെടുത്ത് ചെയ്യുന്ന ആവലാതിക്കാരന്‍, വിവാഹം നടത്തുന്നതിലേക്കാണ് രണ്ടാം പ്രതിയുടെ കടയില്‍ നിന്നും 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി അരി ഉപയോഗിച്ചു കൊണ്ട് ബിരിയാണി തയ്യാറാക്കിയിരുന്നു. ഇതിനോടൊപ്പം ചിക്കന്‍കറിയും വെജിറ്റിബിള്‍ കറിയും ഉണ്ടാക്കിയിരുന്നു. ഇത് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാകുകയും അവര്‍ ജയരാജനെ പ്രതിയാക്കി ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിരിയാണി പാചകത്തിനായി ഉപയോഗിച്ച അരിയുടെ ചാക്കില്‍ രേഖപ്പെടുത്തിയിരരിക്കുന്ന തിയ്യതി കാലാവധി കഴിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. ഈ അരിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് ആവലാതിക്കാരന്‍ പറയുന്നത്. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് എന്ന സ്ഥാപനത്തിന്റെ പരസ്യം പ്രചോദനമായാണ് ആവലാതിക്കാരന്‍ ഈ ബിരിയാണി റൈസ് വാങ്ങാന്‍ സ്വാധീനിക്കപ്പെടുന്നത്. ഈ സംഭവം മൂലം സമുഹത്തില്‍ ജയരാജന്റെ സ്ഥാപനത്തിന്റെ മേലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു.പിന്നീട് പല വിവാഹപാര്‍ട്ടികളും പരിപാടി റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 50 കി.ഗ്രാം റൈസിന്റെ വിലയായ 10,250 രൂപയും 5 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിചിലവും ഈ പ്രതികളില്‍ നിന്നും ഈടാക്കി തരണമെന്നും കാണിച്ചാണ് കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് പ്രതികള്‍ കമ്മീഷനില്‍ ഹാജരാകാന്‍ ഉത്തരവിട്ടത്.






