National
മാലദ്വീപില്‍ നിന്നും സ്വദേശത്തേക്ക് പണം അയക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകളില്‍ ഇളവ് വരുത്തുമെന്ന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ
ചര്‍ച്ചകളെ തുടര്‍ന്ന് പ്രതിമാസ കൈമാറ്റ പരിധി 10,00,000 ഡോളറായി മാലദ്വീപ് മോണിറ്ററി അതോറിറ്റി ഉയര്‍ത്തിയിട്ടുണ്ടെന്നും എസ്ബിഐ
ന്യൂഡല്‍ഹി | മാലദ്വീപില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക്
നാട്ടിലേക്ക് പണം അയക്കാന്‍ നേരിടുന്ന പ്രതിസന്ധിക്ക് ഉടന്‍
പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പ്രതിസന്ധി
മറികടക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സഹായത്തോടെ നടത്തിയ
ചര്‍ച്ചകളെ തുടര്‍ന്ന് പ്രതിമാസ കൈമാറ്റ പരിധി 10,00,000
ഡോളറായി മാലദ്വീപ് മോണിറ്ററി അതോറിറ്റി ഉയര്‍ത്തിയിട്ടുണ്ടെന്നും എസ്ബിഐ
ഇന്റര്‍നാഷണല്‍ ബേങ്കിങ് മാനേജിംഗ് ഡയറക്ടര്‍ റാം മോഹന്‍
റാവു അമ്‌റ, ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയെ അറിയിച്ചു. ഇതോടെ
കഴിഞ്ഞ മാസം 25 മുതല്‍ ഡോളര്‍ നിക്ഷേപം 400ല്‍ നിന്ന് 150 ആയി കുറച്ച
സാഹചര്യം മറികടക്കാനാവുമെന്നും എസ്ബിഐ അറിയിച്ചു.
മോശം സാമ്പത്തിക സാഹചര്യം മൂലം ആഭ്യന്തര വിപണിയിലേക്ക് ഡോളര്‍
വരവ് കുറഞ്ഞതിനെ തുടര്‍ന്ന് ഡോളര്‍ കൈമാറ്റത്തിന്
മോണറ്ററി അതോറിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ്
പ്രവാസികള്‍ക്ക് തടസമായത്. പ്രതിമാസ കൈമാറ്റ പരിധി ഉയര്‍ത്തിയതോടെ
പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍
പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് വിദ്യാഭ്യാസ,
ആരോഗ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തുക നാട്ടിലേക്ക്
അയയ്ക്കാന് കഴിയും. ഇതിനുള്ള നടപടിക്രമങ്ങള്‍ മാലദ്വീപിലെ അവധി ദിനങ്ങള്‍ കഴിയുന്നതോടെ തയ്യാറാക്കുമെന്നും എസ്ബിഐ അറിയിച്ചു. വിദേശനാണ്യ നില മെച്ചപ്പെട്ടാലുടന്‍ പണം അയയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. മാലദ്വീപിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പിന്തുണയ്ക്കാന്‍
എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്നും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.






