Connect with us

National

വിമാന ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം; റീഫണ്ട് നിയമങ്ങൾ പൊളിച്ചെഴുതാൻ ഡി ജി സി എ

മെഡിക്കൽ എമർജൻസി കാരണം ടിക്കറ്റ് റദ്ദാക്കുന്നവർക്ക് റീഫണ്ടിന് പകരം ക്രെഡിറ്റ് ഷെൽ (ഭാവിയിൽ ഉപയോഗിക്കാനുള്ള ക്രെഡിറ്റ്) നൽകാനുള്ള ഓപ്ഷനും വിമാനക്കമ്പനികൾക്ക് നൽകാം

Published

|

Last Updated

ന്യൂഡൽഹി | വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളിൽ കാര്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് വ്യോമയാന റെഗുലേറ്ററായ ഡി ജി സി എ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ വിമാന യാത്രക്കാർക്ക് അധിക ചാർജ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ അനുമതി നൽകുന്നതാണ് പ്രധാന ശുപാർശ. ഈ 48 മണിക്കൂർ സമയപരിധിയെ ഡി ജി സി എ ‘ലുക്ക്-ഇൻ ഓപ്ഷൻ’ എന്നാണ് വിളിക്കുന്നത്.

‘ലുക്ക്-ഇൻ ഓപ്ഷൻ’ സമയത്ത് ടിക്കറ്റ് റദ്ദാക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ അധിക ചാർജ് ഈടാക്കാൻ പാടില്ല. ഭേദഗതി ചെയ്യുമ്പോൾ പുതുക്കിയ വിമാനത്തിന്റെ നിരക്ക് മാത്രം നൽകിയാൽ മതി. എന്നാൽ, ഈ സൗകര്യം, ആഭ്യന്തര വിമാനങ്ങൾക്ക് ബുക്കിംഗ് തീയതി മുതൽ 5 ദിവസത്തിൽ കുറഞ്ഞ സമയത്തിനുള്ളിലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 15 ദിവസത്തിൽ കുറഞ്ഞ സമയത്തിനുള്ളിലും പുറപ്പെടുന്ന സർവീസുകൾക്ക് ലഭ്യമല്ല. 48 മണിക്കൂറിന് ശേഷം മാറ്റം വരുത്തുകയാണെങ്കിൽ സാധാരണ റദ്ദാക്കൽ ഫീസ് ബാധകമാകും.

ഇതിനുപുറമെ, ഒരു ട്രാവൽ ഏജന്റ് വഴിയോ പോർട്ടൽ വഴിയോ ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തിൽ, ഏജന്റുമാർ വിമാനക്കമ്പനിയുടെ പ്രതിനിധികളായതിനാൽ റീഫണ്ട് നൽകേണ്ട ബാധ്യത വിമാനക്കമ്പനിക്കായിരിക്കും എന്നും റെഗുലേറ്റർ നിർദ്ദേശിക്കുന്നു. കൂടാതെ, റീഫണ്ട് പ്രക്രിയ 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്നും വിമാനക്കമ്പനികൾ ഉറപ്പാക്കണം. ടിക്കറ്റ് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുമ്പോൾ, ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ യാത്രക്കാരൻ തെറ്റ് ചൂണ്ടിക്കാട്ടിയാൽ അതേ വ്യക്തിയുടെ പേര് തിരുത്തുന്നതിന് വിമാനക്കമ്പനി അധിക ചാർജ് ഈടാക്കാൻ പാടില്ല എന്നതും പ്രധാന നിർദ്ദേശമാണ്.

മെഡിക്കൽ എമർജൻസി കാരണം ടിക്കറ്റ് റദ്ദാക്കുന്നവർക്ക് റീഫണ്ടിന് പകരം ക്രെഡിറ്റ് ഷെൽ (ഭാവിയിൽ ഉപയോഗിക്കാനുള്ള ക്രെഡിറ്റ്) നൽകാനുള്ള ഓപ്ഷനും വിമാനക്കമ്പനികൾക്ക് നൽകാം. വിമാന ടിക്കറ്റ് റീഫണ്ടുകളുമായി ബന്ധപ്പെട്ട നിലവിലെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ.

കരട് സി എ ആറിൽ (സിവിൽ ഏവിയേഷൻ റിക്വയർമെന്റ്) നവംബർ 30 വരെ ഡി ജി സി എ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.

Latest