Kerala
ബാങ്ക് വിളിയെ അധിക്ഷേപിച്ച സംഭവം: യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി
പൊലീസിൽ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്താണ് മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി മൊയ്തീൻകുട്ടി അഡ്വ. വി.കെ റഫീഖ് മുഖേന കോടതിയെ സമീപിച്ചത്.
കൊച്ചി| നിസ്കാരത്തിന് മുമ്പുള്ള ബാങ്ക് വിളിയെ മതസ്പർധയുണ്ടാക്കുന്ന രൂപത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ, യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ഹൈക്കോടതിയിൽ പുതിയ ഹർജി. പൊലീസിൽ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ ചോദ്യം ചെയ്താണ് മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി മൊയ്തീൻകുട്ടി അഡ്വ. വി.കെ റഫീഖ് മുഖേന കോടതിയെ സമീപിച്ചത്.
ബാങ്ക് വിളിയെ പരിഹസിച്ച് ആരിഫ് ഹുസൈൻ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് അടിസ്ഥാനം. മത അവഹേളനത്തിന് ക്രിമിനൽ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ കോട്ടക്കൽ പോലീസ്, ഡിവൈഎസ്പി, ജില്ലാ പോലീസ് മേധാവി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും, പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. മതവിദ്വേഷം പരത്തുന്ന ആരിഫിന്റെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ നേരത്തെയും ഹൈക്കോടതിയിൽ ഹർജികൾ എത്തിയിരുന്നു.
ഈരാറ്റുപേട്ട സ്വദേശി എൻ.എം.നിയാസ് മുമ്പ് നൽകിയ ഹർജിയിൽ കോടതി, ആരിഫ് ഹുസൈന് നോട്ടീസ് അയച്ച് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് ഈരാറ്റുപേട്ട പോലീസ് കോടതിയെ അറിയിച്ചതിനെ തുടർന്ന്, സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ കോടതിയെ അറിയിക്കുകയായിരുന്നു.






