Horrors Remembrance Day
വിഭജനത്തിന്റെ മുറിവില്‍ വീണ്ടും മുളക് തേക്കുമ്പോള്‍
1947ന്റെ മുറിവുകളുണക്കി സമൂഹത്തില്‍ ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഭരണാധികാരികള്‍. അതിനു പകരം ശത്രുതയും ഭിന്നതയും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണോ സര്‍ക്കാര്‍ എന്ന് സന്ദേഹിപ്പിക്കുന്നതാണ് ആഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ അധ്യായമാണ് വിഭജനം. അവിഭക്ത ഇന്ത്യയിലെ കോടിക്കണക്കിനാളുകളെ വിട്ടുമാറാത്ത ദുരിതത്തിലാഴ്ത്തിയ ദുഃഖകരമായ സംഭവമാണത്. ദശലക്ഷക്കണക്കിനാളുകള്‍ നാടും വീടും വിട്ട് ഇന്ത്യ-പാക് അതിര്‍ത്തിയായി സങ്കല്‍പ്പിക്കപ്പെടുന്ന റാഡ്ക്ലിഫ് രേഖയുടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും പലായനം ചെയ്തു. കാലങ്ങളായുള്ള അധ്വാനത്തിലൂടെ നേടിയതും തലമുറകളായി സമ്പാദിച്ചതുമെല്ലാം ഉപേക്ഷിക്കേണ്ടി വന്നു അവര്‍ക്ക്. ഉറ്റവരും ഉടയവരും വേര്‍പ്പെട്ടു. 1941ലും 1951ലും നടന്ന കാനേഷുമാരി അനുസരിച്ച്, രണ്ടരക്കോടിയോളം പേര്‍ പുതുതായി സൃഷ്ടിക്കപ്പെട്ട അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ പാക്കിസ്ഥാനിലേക്കും മാറിത്താമസിച്ചു. ലോകം കണ്ട വന്‍ കുടിയേറ്റങ്ങളിലൊന്നായിരുന്നു അത്. വിഭജനാനന്തരം നടന്ന കലാപത്തില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കൂട്ടക്കുരുതികളില്‍ ഒന്നായിരുന്നു അതിത്തി പ്രദേശങ്ങളില്‍ അന്നു കണ്ടത്. ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് വിവിധ കണക്കുകളനുസരിച്ച് മരിച്ചവരുടെ എണ്ണം. രാജ്യത്തിന് എന്നും തലവേദനയായി തുടരുന്ന കശ്മീര്‍ പ്രശ്‌നവും അതിര്‍ത്തി സംഘര്‍ഷവുമെല്ലാം അതിന്റെ ബാക്കിപത്രങ്ങളാണ്.
വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നത് വസ്തുതയാണ്. എങ്കിലും അതെല്ലാം മറന്ന് സ്വസ്ഥമായ ഒരു ജീവിതം നയിക്കാനാഗ്രഹിക്കുന്നു ഇന്ന് ഇന്ത്യന്‍ ജനത. 1947ന്റെ മുറിവുകളുണക്കി സമൂഹത്തില്‍ ഐക്യത്തിന്റെയും യോജിപ്പിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഭരണാധികാരികള്‍. ഖേദകരമെന്നു പറയട്ടെ, അതിനു പകരം വിഭജനത്തിന്റെ മുറിപ്പാടുകളില്‍ മുളക് തേച്ച് ജനതയില്‍ ശത്രുതയും ഭിന്നതയും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണോ സര്‍ക്കാര്‍ എന്ന് സന്ദേഹിപ്പിക്കുന്നതാണ് സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്നാള്‍, ആഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ട്വീറ്റിലൂടെയാണ് നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്. പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവും ഇറങ്ങി.
അവിഭക്ത ഇന്ത്യയിലെ ജനങ്ങളോ രാഷ്ട്രപിതാവ് ഗാന്ധിജിയോ ആഗ്രഹിച്ചതായിരുന്നില്ല വിഭജനം. ചിലര്‍ ആരോപിക്കുന്നതു പോലെ മുഹമ്മദലി ജിന്നയുടെ അധികാരമോഹത്തിന്റെ അനന്തര ഫലവുമല്ല അത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിതമായി കെട്ടുറപ്പുള്ള ഒരു മികച്ച രാജ്യമായി അവിഭക്ത ഇന്ത്യ മാറണമെന്നാണ് ഇവരൊക്കെയും ആഗ്രഹിച്ചത്. തങ്ങള്‍ ഇന്ത്യ വിടേണ്ടി വന്നാല്‍, പിന്നീടൊരിക്കലും ഇന്ത്യന്‍ ജനത സ്വസ്ഥമായും സമാധാനത്തോടെയും ജീവിക്കാനിടവരരുതെന്ന ബ്രിട്ടീഷ് കൊളോണിയല്‍ ദുഷ്ട ചിന്തയാണ് രാജ്യത്തെ വിഭജനത്തിലേക്കെത്തിച്ചത്. ഇതിനായി ബ്രിട്ടീഷ് ഭരണകൂടം ഒരുക്കിയ കെണിയില്‍ ആദ്യം വീണത് ആര്യ സമാജമായിരുന്നു. സമാജത്തിന്റെ നേതാവായിരുന്ന ലാല ലജ്പത് റായി 1890ല്‍ ഖോരക്പൂരില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചു. പിന്നീട് ഹിന്ദു മഹാസഭാ നേതാവ് വി ഡി സവര്‍ക്കര്‍ ഇതേറ്റെടുത്തു. 1937ല്‍ ഗുജറാത്തില്‍ നടന്ന ഹിന്ദു മഹാസഭാ യോഗത്തിലാണ് അദ്ദേഹം ഈ വാദം അവതരിപ്പിച്ചത്. ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് ദേശീയതകളാണ്. ഹിന്ദുക്കളായ നമ്മള്‍ സ്വയം ഒരു രാഷ്ട്രമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ചരിത്രപരമായ വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ദേശീയതയില്‍ നിന്ന് മറ്റു മതങ്ങളെ ഒഴിവാക്കി ഹിന്ദുത്വ ദേശീയത സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അതുപോലെ ബംഗാള്‍ വിഭജനമെന്ന ആവശ്യം ആദ്യമുയര്‍ത്തിയത് ജനസംഘം സ്ഥാപക പ്രസിഡന്റായ ശ്യാംപ്രസാദ് മുഖര്‍ജിയായിരുന്നു.
അതേസമയം, രാജ്യത്തെ പ്രമുഖ മുസ്‌ലിം നേതാക്കളെല്ലാം ഇന്ത്യാ വിഭജന നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് നേതാവായിരുന്ന അബുല്‍ കലാം ആസാദ്, സ്വാതന്ത്ര്യ സമര സേനാനിയും അറിയപ്പെടുന്ന ഉറുദു കവിയുമായിരുന്ന ഹസ്രത്ത് മൊഹാനി, ഖാന്‍ അബ്ദുല്‍ ഖാഫര്‍ ഖാന്‍, സ്വതന്ത്ര ഇന്ത്യയുടെ മൂന്നാമത് പ്രസിഡന്റായിരുന്ന ഡോ. സകീര്‍ ഹുസൈന്‍, ജാമിഅ മില്ലിയ്യ സ്ഥാപകരിലൊരാളായിരുന്ന മൗലാനാ ഹുസൈന്‍ അഹ്്മദ് മഅ്ദനി, ദേശീയ സമരത്തില്‍ പങ്കെടുത്തതിന് ഗാന്ധിജിയോടൊപ്പം ഒരേ സെല്ലില്‍ തടവ് ശിക്ഷ അനുഭവിച്ച സയ്യിദ് മുഹമ്മദ് ഖാദിരി തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. എന്നിട്ടും ദേശീയ സമരത്തോട് പുറം തിരിഞ്ഞുനിന്ന ചില കപട ദേശീയ വാദികള്‍ മുസ്‌ലിംകളെ ദേശദ്രോഹികളായി ചിത്രീകരിക്കുകയും പാക്കിസ്ഥാനിലേക്ക് പോകൂ എന്നാക്രോശിച്ചു കൊണ്ടിരിക്കുകയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്നാള്‍ വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുമ്പോള്‍ അത് രാജ്യത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും സ്പര്‍ധയും സൃഷ്ടിക്കാനല്ലേ സഹായിക്കുകയുള്ളൂ?
ഇപ്പോള്‍ ഇത്തരമൊരാശയം മോദിയും ബി ജെ പിയും എടുത്തിട്ടതില്‍ രണ്ട് ലക്ഷ്യങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രധാനമായും കാണുന്നത്. ഉത്തര്‍ പ്രദേശിലടക്കം അടുത്തു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലാക്കാക്കിയുള്ള വര്‍ഗീയ ധ്രുവീകരണം. പെഗാസസ്, ഇന്ധന വിലക്കയറ്റം, കാര്‍ഷിക വിരുദ്ധ നയം, കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ് മറ്റൊന്ന്. ഇതോടൊപ്പം ആര്യസമാജവും ഹിന്ദു മഹാസഭയും ആര്‍ എസ് എസും ഉയര്‍ത്തിപ്പിടിച്ച ഹിന്ദുത്വ രാഷ്ട്രമെന്ന അജന്‍ഡയിലേക്കുള്ള പ്രയാണത്തിന് വേഗം വര്‍ധിപ്പിക്കാനും ഇത് സഹായകമാകുമെന്ന് അവര്‍ കരുതുന്നുണ്ടാകണം. ദ്വിരാഷ്ട്രവാദം ഉയര്‍ത്തുമ്പോള്‍ ലാല ലജ്പത് റായിയും സവര്‍ക്കറും സമാന ഹിന്ദുത്വ നേതാക്കളും ഉദ്ദേശിച്ചിരുന്നത് പാക്കിസ്ഥാന്‍ ഒരു മുസ്‌ലിം രാഷ്ട്രമെന്ന പോലെ ഇന്ത്യ ഒരു ഹിന്ദു രാജ്യമായിത്തീരണമെന്നായിരുന്നു. അത് നടന്നില്ല. എങ്കിലും ഈ ലക്ഷ്യത്തില്‍ നിന്ന് ഇപ്പോഴും അവര്‍ പിന്തിരിഞ്ഞിട്ടില്ല. സംഘ്പരിവാര്‍ രാജ്യത്ത് ഇതപര്യന്തം നടത്തിവരുന്ന കലാപങ്ങളും വംശഹത്യയും പശുഭീകരതയുമെല്ലാം ഇതിന്റെ ഭാഗമാണല്ലോ. വിഭജനത്തിന്റെ ഭീതിദ ദിനങ്ങളും ദുരിതങ്ങളും മോദി സര്‍ക്കാറിന്റെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുമ്പോള്‍ രാജ്യത്ത് കൂടുതല്‍ രക്തപ്പുഴ ഒഴുകും. അതിലൂടെ നീന്തിവേണം അവര്‍ക്ക് ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് എത്താന്‍.




