Articles
നെതന്യാഹു തോറ്റിടടത്ത് ട്രംപ് എന്ത് ചെയ്യും?
താത്കാലികമായോ ദീര്‍ഘ കാലത്തേക്കോ ഗസ്സക്കാരെ ഏറ്റെടുക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ട്രംപിന്റെ ആവശ്യം ഹമാസും ഈജിപ്തും തള്ളുകയുണ്ടായി. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദിയും ട്രംപിന്റെ ആവശ്യം നിരസിച്ചു. അരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു, പലതരം നാശനഷ്ടങ്ങള്‍ സഹിച്ചു. എന്നിട്ടും ഇസ്റാഈലിന്റെ തീമഴയോട് 15 മാസം ഫലസ്തീനികള്‍ പൊരുതി നിന്നത് തങ്ങളുടെ ഭൂമി സംരക്ഷിക്കാനായിരുന്നു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന്റെ രണ്ടാം വാരത്തിലേക്ക് കടക്കവെ ഗസ്സയില്‍ പുതിയ ഭീതി രൂപപ്പെടുകയാണ്. ഗസ്സ വെടിപ്പാകണമെങ്കില്‍ അവിടെയുള്ള ജനങ്ങളില്‍ ഒരു വിഭാഗത്തെ ജോര്‍ദാനോ ഈജിപ്തോ ഏതെങ്കിലും ഗള്‍ഫ് രാജ്യങ്ങളോ ഏറ്റെടുക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ലോകത്തോടുള്ള മറ്റൊരു വെല്ലുവിളിയാണ്. ഫലസ്തീനികളെ ഗസ്സയില്‍ നിന്ന് പിഴുതെറിയുക എന്ന ഇസ്റാഈലിന്റെ ആഗ്രഹത്തെ അമേരിക്കന്‍ പ്രസിഡന്റ് നടപ്പാക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍. സയണിസ്റ്റ് ഭരണകൂടത്തിന് സാധിക്കാത്തത് ട്രംപ് ഏറ്റെടുക്കുകയാണ്. ഫലസ്തീനികളോട് സഹതാപമുണ്ടെങ്കില്‍ അവരെ അമേരിക്കക്ക് ഏറ്റെടുക്കാമായിരുന്നു. തന്റെ ആദ്യ ഭരണത്തില്‍, ജറൂസലമിനെ യഹൂദവത്കരിക്കാനും ഇസ്റാഈല്‍ തലസ്ഥാനമാക്കാനുമുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ തീരുമാനത്തെ, ട്രംപ് പിന്തുണച്ചത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. താത്കാലികമായോ ദീര്‍ഘ കാലത്തേക്കോ ഗസ്സക്കാരെ ഏറ്റെടുക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ട്രംപിന്റെ ആവശ്യം ഹമാസും ഈജിപ്തും തള്ളുകയുണ്ടായി. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദിയും ട്രംപിന്റെ ആവശ്യം നിരസിച്ചു. ഫലസ്തീനികളുടെ പ്രശ്നം പരിഹരിക്കേണ്ടത് ഫലസ്തീന്‍ മണ്ണില്‍ വെച്ചായിരിക്കണമെന്ന് അയ്മന്‍ സഫാദി കൂട്ടിച്ചേര്‍ത്തു. അരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു, പലതരം നാശനഷ്ടങ്ങള്‍ സഹിച്ചു. എന്നിട്ടും ഇസ്റാഈലിന്റെ തീമഴയോട് 15 മാസം ഫലസ്തീനികള്‍ പൊരുതി നിന്നത് തങ്ങളുടെ ഭൂമി സംരക്ഷിക്കാനായിരുന്നു.
ഗസ്സയിലുള്ളവര്‍ ഇന്തോനേഷ്യയിലേക്ക് മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് ആ വാര്‍ത്ത ട്രംപ് നിഷേധിക്കുകയുണ്ടായി. ഇതിനിടയില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഭീഷണി ആവര്‍ത്തിക്കുകയാണ്. കരാര്‍ പ്രകാരം എല്‍ബിന്‍ യഹൂദി എന്ന ബന്ദിയെ മോചിപ്പിക്കുന്നതില്‍ ഹമാസ് താമസം വരുത്തിയെന്നാരോപിച്ച് ഇസ്റാഈല്‍ സൈന്യം വടക്കന്‍ ഗസ്സയില്‍ വെടിയുതിര്‍ക്കുകയുണ്ടായി. അതില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്തിലേറെ ഫലസ്തീനികളെ കൊലപ്പെടുത്തുകയുണ്ടായി. വെസ്റ്റ് ബാങ്കില്‍ തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ഇസ്റാഈലിന്റെ ശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അവിടെയുണ്ടായ അക്രമം. വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ട് മാത്രം ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിക്കുന്നില്ല. ഇസ്റാഈലും അമേരിക്കയും കരാര്‍ പാലിച്ചാലും ഗസ്സക്കാരുടെ ജീവിതം കഠിനവും ബുദ്ധിമുട്ടേറിയതുമാണ്. 48,000ത്തിലേറെ ഫലസ്തീനികളെ കൊന്നൊടുക്കിയതിനു പുറമെ ഗസ്സയെ ഏതാണ്ട് ഇസ്റാഈല്‍ പൂര്‍ണമായി നശിപ്പിച്ചു. ഗസ്സക്കേറ്റ മുറിവുകള്‍ ആഴത്തിലുള്ളതാണ്. ഗസ്സയില്‍ ജീവിച്ചിരിപ്പുള്ള ഓരോരുത്തരും എന്തെങ്കിലും നഷ്ടപ്പെട്ടവരാണ്. ഭൂരിപക്ഷം പേര്‍ക്കും തിരിച്ചു കിട്ടിയത് സ്വന്തം ജീവന്‍ മാത്രമാണ്.
പതിനഞ്ച് മാസം ഇസ്റാഈല്‍ നടത്തിയ അക്രമങ്ങളുടെ ദുരിതം അടുത്ത തലമുറ വരെ അനുഭവിക്കേണ്ടിവരും. തകര്‍ന്നില്ലാതായ ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് ദശാബ്ദങ്ങള്‍ വേണ്ടിവരും. അതിന് ചെലവാകുന്ന കോടിക്കണക്കിന് ഡോളറിന്റെ കണക്കുകളാണ് വിദഗ്ധര്‍ നിരത്തുന്നത്. ഗസ്സയുടെ പുനര്‍നിര്‍മിതിക്ക് 50 ബില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകളില്‍ പറയുന്നു. വെടിനിര്‍ത്തലിനു ശേഷം യു എന്‍ ഉള്‍പ്പെടെയുള്ളവരുടെ ഏജന്‍സികള്‍ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ആവശ്യമായ ഭക്ഷണം, ടെന്റുകള്‍, തണുപ്പിനെ അതിജീവിക്കാനുള്ള പുതപ്പുകള്‍, മെത്തകള്‍, വസ്ത്രങ്ങള്‍, ഇന്ധനം എന്നിവ വിതരണം ചെയ്തുവരുന്നു.
എന്നാല്‍, ഗസ്സയുടെ പുനര്‍നിര്‍മാണത്തിനുള്ള ഭീമമായ ഫണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യം മുമ്പിലുണ്ട്. ഗസ്സയെ ഈ അവസ്ഥയിലാക്കിയ ഇസ്റാഈലിനും അവര്‍ക്ക് കൂട്ടുനിന്ന അമേരിക്കക്കും ഈ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. ആള്‍ നാശത്തിനു പുറമെ ഗസ്സയെ ഈ വിധം തവിടുപൊടിയാക്കിയ ഈ രണ്ട് രാജ്യങ്ങള്‍ ഗസ്സയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്. അന്താരാഷ്ട്ര തലത്തില്‍ ഇങ്ങനെയൊരാവശ്യം ഉയര്‍ന്നു വരേണ്ടതുണ്ട്. എല്ലാം നശിപ്പിച്ചതിനു ശേഷം താത്കാലിക വെടിനിര്‍ത്തല്‍ എന്ന രീതിയില്‍ പ്രശ്നം അവസാനിപ്പിക്കുന്നത് അക്രമികളെ സഹായിക്കലാണ്.
ബോംബ് വര്‍ഷത്തെ പേടിച്ച് പലായനം ചെയ്തവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനും ഖത്വറില്‍ ഒപ്പിട്ട കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സ്വന്തം വീട് എവിടെയാണെന്ന് തിരിച്ചറിയാനാകാത്ത വിധം എല്ലാം തകര്‍ന്നടിഞ്ഞ ഇടത്ത് നിന്ന് എങ്ങനെയാണ് സ്വന്തം വീടുകള്‍ കണ്ടെത്താനാകുക. വടക്കന്‍ ഗസ്സയിലെ തൊണ്ണൂറ് ശതമാനം വാസ സ്ഥലങ്ങളും കോണ്‍ക്രീറ്റ് കൂമ്പാരമായി മാറിക്കഴിഞ്ഞു. ഒന്നേമുക്കാല്‍ ലക്ഷം കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു എന്നാണ് കണക്ക്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാന്‍ 21 വര്‍ഷമെടുക്കും. അതിനായി മാത്രം 120 കോടി ഡോളര്‍ ചെലവാകുമെന്ന് യു എന്‍ കണക്കുകള്‍ പറയുന്നു. യുദ്ധം മൂലം ഗസ്സയുടെ വികസനം 69 വര്‍ഷം പിറകോട്ടു പോയെന്നും 18 ലക്ഷം പേര്‍ക്ക് അടിയന്തര പാര്‍പ്പിട സൗകര്യമൊരുക്കേണ്ടതുണ്ടെന്നും യു എന്‍ ഡെവലപ്മെന്റ് പ്രോഗ്രാം റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളും വിദ്യാലയങ്ങളും മറ്റു പൊതുജന സ്ഥാപനങ്ങളും റോഡുകളും പൂര്‍ണമായി പുനര്‍നിര്‍മിക്കേണ്ടതുണ്ട്. 37 ആശുപത്രികളുണ്ടായിരുന്ന ഗസ്സയില്‍ നിലവില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നത് ഒരു ഡസന്‍ ആശുപത്രികളാണ്. വൈദ്യുതി, ശുദ്ധജലം, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍വ സ്ഥിതിയില്‍ കൊണ്ടുവരേണ്ടതുണ്ട്. ഉപജീവനത്തിനുള്ള മാര്‍ഗങ്ങളും ഉണ്ടാക്കേണ്ടതുണ്ട്. ഗസ്സയുടെ പുനര്‍നിര്‍മാണം അത്ര എളുപ്പമല്ല. തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ തന്നെ പതിനഞ്ച് വര്‍ഷം വരെ കാത്തിരിക്കണം. അതുകൂടാതെ ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 40 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുണ്ട്. അവ നീക്കം ചെയ്യുന്നതും ശ്രമകരമാണ്. ചുരുക്കത്തില്‍ ഗസ്സയിലെ ജനജീവിതം സാധാരണ നിലയിലാകാന്‍ ദശകങ്ങള്‍ കാത്തിരിക്കണം.
ഇസ്റാഈലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചുവെങ്കിലും ഗസ്സയുടെ ഭരണം ആരുടെ കൈയിലെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. 2006ലെ തിരഞ്ഞെടുപ്പിലെ വിജയം ഹമാസിനെ ശക്തിപ്പെടുത്തി.
2007 മുതല്‍ ഗസ്സയുടെ ഭരണം ഹമാസിന്റെ നിയന്ത്രണത്തിലാണ്. ഹമാസിന്റെ ഭരണത്തെ ഇസ്റാഈലും അമേരിക്കയും വിവിധ അറബ് രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഇസ്റാഈല്‍ അതിമോഹം വെച്ചുപുലര്‍ത്തുന്ന രാജ്യമാണ്. വഞ്ചനയും കാപട്യവും ഇസ്റാഈലിന്റെ മുഖമുദ്രയാണ്. ഫലസ്തീന്‍ ജനതയെ ഇല്ലാതാക്കുക, വെസ്റ്റ് ബാങ്കിലെ യഹൂദവത്കരണം പൂര്‍ത്തിയാക്കുക, ഗസ്സയെ സ്വന്തമാക്കുക, ലബനാനെ വരുതിയില്‍ കൊണ്ടുവരിക, ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുക, നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഗ്രേറ്റര്‍ ഇസ്റാഈല്‍ സ്ഥാപിക്കുക… സയണിസ്റ്റുകള്‍ ഓരോ ദിവസവും ഉണരുന്നത് ഈ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ്. ഹമാസിന്റെയും ഭരണത്തിന്റെയും പേരുപറഞ്ഞ് ജൂത രാജ്യം പുതിയ പോര്‍മുഖം തുറക്കുകയാണെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ തലേന്ന് ഇസ്റാഈല്‍ സൈനിക വക്താവ് ഗസ്സയുടെ ഭൂപടം പുറത്തുവിടുകയുണ്ടായി. ഫലസ്തീനികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന പ്രദേശങ്ങള്‍ രേഖപ്പെടുത്തി കൊണ്ടുള്ളതായിരുന്നു പ്രസ്തുത ഭൂപടം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വടക്കന്‍ ഗസ്സയില്‍ നിന്ന് മറ്റു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റര്‍ പ്രദേശം ഇസ്റാഈല്‍ കൈയടക്കി വെച്ചിരിക്കുകയാണ്. അതുപോലെ ഇസ്റാഈല്‍ സൈന്യം വിവിധയിടങ്ങളില്‍ സ്ഥാപിച്ച ചെക്ക്പോസ്റ്റുകള്‍ അതേപടി തുടരുന്നു.
ചുരുക്കത്തില്‍ പതിനഞ്ച് മാസത്തെ യുദ്ധത്തോടെ ഗസ്സയുടെ ഭരണ നിയന്ത്രണം ഇസ്റാഈല്‍ ഏറ്റെടുത്തു കഴിഞ്ഞു. യുദ്ധാനന്തരം ഗസ്സയുടെ സമ്പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുദ്ധാനന്തര ഗസ്സയുടെ ഭരണകാര്യത്തില്‍ ഇടപെടാന്‍ ഹമാസിനെയും ഫലസ്തീനിനെയും അനുവദിക്കില്ല എന്ന് ഇസ്റാഈല്‍ ഭീഷണിപ്പെടുത്തുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഭീഷണി ആവര്‍ത്തിക്കുകയുണ്ടായി. വെടിനിര്‍ത്തല്‍ കരാര്‍ താത്കാലികമായിരിക്കാമെന്നും ഗസ്സയില്‍ പോരാട്ടം പുനരാരംഭിക്കാനുള്ള അവകാശം ഇസ്റാഈലിന് ഉണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ പുതിയ ഭീഷണി.
മുഴുവന്‍ ബന്ദികളെയും തിരിച്ചു കിട്ടിയാല്‍ ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്റാഈല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തത് അമേരിക്കയും ഇസ്റാഈലും പിന്‍വാങ്ങാന്‍ തയ്യാറല്ല എന്ന തുറന്നുപറച്ചിലാണ്.