Connect with us

Prathivaram

നമ്മൾ ഇന്ത്യക്കാർ...

സ്വാതന്ത്ര്യത്തിന്റെ യുദ്ധഭൂമിയിൽ പൊരുതിമരിച്ച അറിയുന്നവരും അറിയപ്പെടാത്തവരുമായ പതിനായിരക്കണക്കിന് ധീര രക്തസാക്ഷികളുടെ സ്മരണകളുയർത്തിപ്പിടിക്കുക എന്നുള്ളതാണ് പ്രധാനം. ഇന്ത്യയിലെ ജനതയുടെ മനസ്സിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ യുദ്ധഭൂമിയിൽ പ്രാണൻ പതിരുപോലെ പകുത്തുകൊടുത്ത ഒരു പോരാളിയെയും എഴുതിത്തള്ളാൻ, മായ്ച്ചുകളയാൻ കഴിയില്ല എന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അമർത്തിപ്പറയേണ്ടതുണ്ട്.

Published

|

Last Updated

സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ആധുനിക ഇതിഹാസം എന്ന അർഥത്തിലാണ് ഇന്ത്യൻ ഭരണഘടന ആഘോഷിക്കപ്പെടേണ്ടത്. സത്യത്തിൽ നമ്മുടെ ഭരണഘടന ലോകത്തിലെതന്നെ മാനവിക ജനാധിപത്യ കാഴ്ചപ്പാടുകളുടെ ഒരു സംഗ്രഹമാണ്. ബ്രിട്ടൻ, കാനഡ, സോവിയറ്റ് യൂനിയൻ, അമേരിക്ക, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഉൾക്കൊണ്ട കലർപ്പിന്റെ കരുത്തും കാന്തിയുമാണ് ഇന്ത്യൻ ഭരണഘടന ആവിഷ്‌കരിക്കുന്നത്. സത്യത്തിൽ രവീന്ദ്രനാഥ ടാഗോർ സ്വപ്‌നം കണ്ട “എവിടെ ശിരസ്സ് ഉന്നതവും മനസ്സ് നിർഭയവും ജ്ഞാനം സ്വതന്ത്രവുമായിത്തീരുന്നുവോ, എവിടെ ഗൃഹഭിത്തികൾ ലോകത്തെ തുണ്ടംതുണ്ടമായി മുറിക്കപ്പെടാതിരിക്കുന്നുവോ, എവിടെ രാവും പകലും സങ്കുചിതത്വത്തിന്റെ കൈത്തലങ്ങളിൽ ഒതുക്കപ്പെടാതിരിക്കുന്നുവോ, എവിടെ വാക്കുകൾ ആഗാധമായ ഹൃദയത്തിൽ നിന്ന് തട്ടും മുട്ടുമില്ലാതെ പ്രവഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് അല്ലയോ ദൈവസ്ഥനായ പിതാവേ ഈ ഭാരതീയരായ ഞങ്ങളെ നീ നിർദയം കരുപ്പിടിപ്പിച്ച് ഉന്മുഖരാക്കിത്തീർക്കേണമേ’ എന്ന പ്രാർഥന തന്നെയാണ് വേറൊരു അർഥത്തിൽ ഭരണഘടനയുടെ ആമുഖത്തിൽ ചെറുതെങ്കിലും ഗംഭീരമായ ആ കൊച്ചുവാക്യം.

നമ്മൾ ഇന്ത്യക്കാർ എന്നുള്ളത് ഒരർഥത്തിൽ സൈമൺ കമ്മീഷനടക്കമുള്ള ബ്രിട്ടീഷ് അഹങ്കാരത്തിന് പൊരുതുന്ന ഇന്ത്യ നൽകിയ ഏറ്റവും ഗംഭീരമായ മറുപടിയാണ്. വിവിധ മതങ്ങളും ജാതികളും ഭാഷകളും വ്യത്യസ്തമായ ഭൂപ്രദേശങ്ങളുമുള്ള ഈ രാജ്യത്തിന് ഒരിക്കലും ഒരു ദേശരാഷ്ട്രമാകാൻ കഴിയില്ല എന്ന സാമ്രാജ്യത്വത്തിന്റെ പത്തിവിടർത്തിയ അഹന്തക്കു മേൽ വന്നുവീണ ചവിട്ടാണ് സത്യത്തിൽ “നമ്മൾ ഇന്ത്യക്കാർ…’ എന്ന ആമുഖ വാക്യം. പറഞ്ഞുവരുന്നത് സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ കണ്ണീരും ചോരയും കൊണ്ടാണ് അംബേദ്കർ ഭരണഘടനയുടെ ആമുഖ വാക്യം എഴുതിയത് എന്നാണ്. അതിനാൽ ഇന്ത്യൻ ഭരണഘടന അതിന്റെ പല വിധത്തിലുള്ള പരിമിതികളോടും കൂടി തന്നെ ഇന്ത്യൻ ജനതയുടെ വികാര വിചാരങ്ങളുടെ ആവിഷ്‌കാരമാണ്. അതുകൊണ്ടുതന്നെ ഭരണഘടനക്ക് കാവൽ നിൽക്കുക എന്നുള്ളത്, ഭരണഘടനയിലൂടെ അവതരിപ്പിക്കപ്പെടുന്ന മൂല്യബോധത്തെ ഉയർത്തിപ്പിടിക്കുക എന്നുള്ളത് ഓരോ ഇന്ത്യക്കാരുടെയും കർത്തവ്യമാണ്.

ചുരുക്കത്തിൽ ദീർഘമായ സാമ്രാജ്യത്വ വിരുദ്ധ സമരത്തിലൂടെ ഇന്ത്യൻ ജനത കണ്ട സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിട്ടാണ് നമ്മുടെ ഭരണഘടന രൂപപ്പെട്ടതെങ്കിൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല തരത്തിലുള്ള വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കുമിടയിൽപ്പെട്ട് അതിന്റെ മൂല്യത്തിൽ വലിയ വ്യതിയാനം വരുന്നതും 2014നു ശേഷം അതിന്റെ മൂല്യം വലിയ പരിധി വരെ അട്ടിമറിക്കപ്പെടുന്നതുമാണ് നാം കാണുന്നത്.
ഇന്ത്യൻ ജീവിതം 2014ന് മുമ്പ് 2014ന് പിമ്പ് എന്ന അർഥത്തിൽ വിഭജിക്കുന്നത് വർത്തമാനകാല ഇന്ത്യൻ അവസ്ഥകളെ വിലയിരുത്താൻ സഹായകമാകും. 2014 നു മുമ്പ് ഇന്ത്യൻ ജീവിതത്തെ സംഘർഷത്തിലകപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അതിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ് 2014ന് ശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ. ഒന്നിനു പിറകെ മറ്റൊന്നായി നമ്മുടെ ജനാധിപത്യ മത നിരപേക്ഷ മാനവിക മൂല്യങ്ങളെ നിഷ്കാസനം ചെയ്യുന്ന ഇടപെടലുകളാണ് സമീപകാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു പക്ഷേ ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഹ്ലാദത്തോടെ അഭിമാനത്തോടെ, ആചരിക്കുന്ന, ആഘോഷിക്കുന്ന സന്ദർഭത്തിൽ അതിന് മങ്ങലേൽപ്പിക്കുന്ന തരത്തിൽ വെറുപ്പ് ഉത്പാദനം നടക്കുകയാണ്. എത്രയോ കാലമായി പല തരത്തിലുള്ള വളവ് തിരിവുകളിലൂടെ ഇന്ത്യയിൽ വികസിച്ചു വരുന്ന വിവിധ മതത്തിലും വിവിധ രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തുന്നവർക്കിടയിലും വളർന്നുവന്ന സൗഹൃദത്തെയാണ് ഇന്ന് അത് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് വെറുപ്പ് ഉത്പാദിപ്പിക്കുമ്പോൾ മറുഭാഗത്ത് ഇന്ത്യൻ ജനത അതിനെ അവരുടെ സഹജമായ ജീവിതംകൊണ്ട് പ്രതിരോധിക്കുന്നുണ്ട് എന്നുള്ളതാണ് സന്തോഷകരമായ കാര്യം. ഉദാഹരണം പറഞ്ഞാൽ 2018ൽ അസംഹോളിൽ വലിയൊരു വർഗീയ ലഹള ലക്ഷ്യം വെച്ചുകൊണ്ട് നൂറാനി പള്ളിയിലെ ഇമാം ബാദുൽ റാശിദിയുടെ മകൻ സിബ്അത്തുല്ല റാശിദി കൊല്ലപ്പെടുന്നുണ്ട്. ആ സമയത്ത് ആ പ്രദേശം വലിയൊരു കലാപത്തിന്റെ വേദിയായിത്തീരും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അത് ഒഴിവാക്കുന്നതിന് മാതൃകാപരമായ പങ്കാണ് ഇമാം വഹിച്ചത്. രോഷാകുലരായി അവിടെ കൂടിയിരുന്ന ജനതയോട് അദ്ദേഹം പറഞ്ഞു : മുപ്പത് കൊല്ലമായി ഈ പള്ളിയിൽ ഞാൻ നിങ്ങളോട് പല വിധത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നത് സമാധാനത്തിന്റെ അനിവാര്യതയെക്കുറിച്ചാണ്. നമ്മുടെ ഗ്രാമത്തിന്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിബ്അത്തുല്ല നഷ്ടപ്പെട്ടിരിക്കുന്നു. അത് സങ്കടകരമാണ്, സത്യമാണ്. പക്ഷേ, അതിന്റെ പേരിൽ ഈ ഗ്രാമത്തിൽ ഒരു തുള്ളി ചോര പോലും വീഴാൻ പാടില്ല. നിങ്ങൾ കല്ലെടുത്താൽ, ആയുധമെടുത്താൽ ആ നിമിഷം ഞാൻ പള്ളി വിട്ട് പോകും. പ്രതികാര സജ്ജരായ ജനതയെ അത്ഭുകരമാം വിധം സമാധാനത്തിലേക്ക് നയിച്ച ഇമാം ബാദുൽ റാശിദ് ഇന്ത്യൻ ജനതയുടെ ജാതി മത സങ്കുചിതത്വത്തിന് അപ്പുറമുള്ള സൗഹൃദത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യമാണ്.
അതുപോലെ 2015ൽ ബോംബെയിൽ ഗർഭിണിയായ നൂർജഹാൻ ശെയ്ഖ് വഴിയിൽ കിടന്ന് നിലവിളിച്ചപ്പോൾ തൊട്ടടുത്തുള്ള ഗണേഷ ക്ഷേത്രത്തിലെ ഭക്തർ എടുത്തുകൊണ്ടുപോയതും ക്ഷേത്രത്തിൽ പ്രസവത്തിനായുള്ള സൗകര്യം ചെയ്തുകൊടുത്തതും അവർക്ക് കുഞ്ഞു പിറന്നതും കുഞ്ഞിന് അവർ ഗണേഷ് എന്ന് പേരിട്ടതും നമ്മുടെ ചരിത്രമാണ്. ഒരു ഭാഗത്ത് നവ ഫാസിസ്റ്റ് സംഘടനകൾ വെറുപ്പ് ഉത്പാദിപ്പിക്കുമ്പോൾ മറുഭാഗത്ത് ഇന്ത്യൻ ജനതയിലെ വലിയൊരു വിഭാഗം സൗഹൃദവും സ്‌നേഹവും ദൃഢപ്പെടുത്തി ഐക്യത്തോടെ ജീവിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ വെറുപ്പിനും വിദ്വേഷത്തിനുമെതിരെ ഇന്ത്യൻ ജനത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തെയും സ്‌നേഹത്തെയും ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞയാണ് ഉയർന്നു കേൾക്കേണ്ടത്. അതിനു പകരം പൊള്ളയായ ആചാരങ്ങളിലൂടെ മാത്രം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ജ്വലിക്കുന്ന പാരമ്പര്യങ്ങളെ അഭിവാദ്യം ചെയ്യാൻ കഴിയില്ല. സത്ത നഷ്ടപ്പെട്ട, മൂല്യം ചോർന്നുപോയ സ്‌നഹരഹിതമായ അലർച്ചകളുടെ ഒരു ലോകത്തിന്, അത് പുറമെ ഏത് തരത്തിലുള്ള മുഖംമൂടികൾ ധരിച്ചാലും മനുഷ്യ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനാകില്ല.

അതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ യുദ്ധഭൂമിയിൽ പൊരുതിമരിച്ച അറിയുന്നവരും അറിയപ്പെടാത്തവരുമായ പതിനായിരക്കണക്കിന് ധീര രക്തസാക്ഷികളുടെ സ്മരണകളുയർത്തിപ്പിടിക്കുക എന്നുള്ളതാണ് പ്രധാനം. എന്നാൽ ഇന്ത്യൻ നവ ഫാസിസ്റ്റുകൾ നമ്മുടെ ചരിത്രത്തെ തന്നെ തിരുത്തിയെഴുതാനുള്ള ശ്രമം വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നു. ലോകം ശ്രദ്ധിച്ച ഇന്ത്യൻ സമരമെന്ന അർഥത്തിൽ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട 1921ലെ രക്തസാക്ഷികളെ ഉൾപ്പെടെ അവർ ഇപ്പോൾ തന്നെ എഴുതിത്തള്ളി. എന്നാൽ ഇന്ത്യയിലെ ജനതയുടെ മനസ്സിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ യുദ്ധഭൂമിയിൽ പ്രാണൻ പതിരുപോലെ പകുത്തുകൊടുത്ത ഒരു പോരാളിയെയും എഴുതിത്തള്ളാൻ, മായ്ച്ചുകളയാൻ കഴിയില്ല എന്നത് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അമർത്തിപ്പറയേണ്ടതുണ്ട്.

http://www.kenblogonline.wordpress.com/

Latest