Articles
പ്രതീക്ഷയുടെ പുതിയ ആകാശങ്ങള്‍
ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിലായി 300ലേറെ സ്ഥാപനങ്ങളില്‍ 12,000ത്തിലധികം വിദ്യാര്‍ഥികള്‍ നിലവില്‍ ജാമിഅതുല്‍ ഹിന്ദിന് കീഴില്‍ സമഗ്ര വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക മൂല്യങ്ങള്‍ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നതോടൊപ്പം സാമൂഹിക ബോധവും ആധുനിക പഠന മേഖലകളില്‍ പ്രാവീണ്യവുമുള്ള വിദ്യാര്‍ഥികളെ സൃഷ്ടിച്ചെടുക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ ഓരോ വിദ്യാര്‍ഥിയെയും ജാമിഅതുല്‍ ഹിന്ദ് കൈപിടിക്കുന്നു; ഉയരങ്ങളിലേക്ക് വഴിനടത്തുന്നു.
ഇസ്‌ലാമിന്റെ വെളിച്ചം വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ പകര്‍ന്നുനല്‍കുന്ന ശൈലി നൂറ്റാണ്ടുകളായി മുസ്‌ലിം ലോകത്തിന്റെ ആത്മാവില്‍ പതിഞ്ഞ ഒന്നാണ്. മതത്തില്‍ ആഴത്തിലുള്ള പഠനം സാധ്യമാക്കുക മാത്രമല്ല ചെയ്തത്; കാലോചിതമായ വിവരവും വിവേകവും സമൂഹത്തിലുണ്ടാക്കാനുള്ള ശ്രമങ്ങളും മുസ്‌ലിം സമൂഹത്തിൽ നിന്ന് എക്കാലവും ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലുണ്ടായിട്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍- പ്രത്യേകിച്ചും ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ.
ദീര്‍ഘ വീക്ഷണവും സാമൂഹിക ജാഗ്രതയും നമ്മുടെ പണ്ഡിതന്മാര്‍ എക്കാലവും സൂക്ഷിച്ചുപോന്നതിന്റെ തെളിവാണ് യഥാര്‍ഥത്തില്‍ ജാമിഅതുല്‍ ഹിന്ദ്. പുതിയ കാലത്തിന് പുതിയ ചുവടുകള്‍ ആവശ്യമുണ്ടെന്ന വിചാരം ജാമിഅയുടെ പിറവിയിലേക്ക് നയിക്കുകയും സമൂഹം ജാമിഅതുല്‍ ഹിന്ദിനെ ഏറ്റെടുക്കുകയും ജാമിഅതുല്‍ ഹിന്ദ് സമൂഹത്തിന്റെ അവിഭാജ്യ ഘടകമാകുകയും ചെയ്തു. ഒരു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മുഴുവന്‍ തനിമയോടെയും രീതിയോടെയും പ്രവര്‍ത്തിക്കുന്ന ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പുതിയ മേല്‍വിലാസമായി മാറിയിരിക്കുന്നു. കാരണം നമ്മുടെ നാടുകളിലെ മത- ഭൗതിക സമന്വയ വിദ്യാര്‍ഥികളില്‍ ഒട്ടുമിക്ക പേരും ഈ സംവിധാനത്തിന്റെ ഭാഗമാണ്. അഥവാ ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിലായി 300ലേറെ സ്ഥാപനങ്ങളില്‍ 12,000ത്തിലധികം വിദ്യാര്‍ഥികള്‍ നിലവില്‍ ജാമിഅതുല്‍ ഹിന്ദിന് കീഴില്‍ സമഗ്ര വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക മൂല്യങ്ങള്‍ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നതോടൊപ്പം സാമൂഹിക ബോധവും ആധുനിക പഠന മേഖലകളില്‍ പ്രാവീണ്യവുമുള്ള വിദ്യാര്‍ഥികളെ സൃഷ്ടിച്ചെടുക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ ഓരോ വിദ്യാര്‍ഥിയെയും ജാമിഅതുല്‍ ഹിന്ദ് കൈപിടിക്കുന്നു; ഉയരങ്ങളിലേക്ക് വഴിനടത്തുന്നു.
ജാമിഅതുല്‍ ഹിന്ദ് എപ്പോഴും മുന്നിലാണ് സഞ്ചരിച്ചത്. നൂറുകൂട്ടം മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തു. പാഠ്യ വിഷയങ്ങളിലുള്ള നവീനതയും ആധുനിക സംവിധാനങ്ങളും മാത്രമല്ല ഈ പട്ടികയിലുള്ളത്. മത വിദ്യാഭ്യാസത്തിന്റെ ആഴം തൊട്ടറിഞ്ഞുള്ള പഠനം എളുപ്പമാക്കുക, അതിനാവശ്യമായ ഗ്രന്ഥങ്ങളും സംവിധാനങ്ങളുമൊരുക്കുക, സമന്വയ വിദ്യാഭ്യാസത്തിന്റെ കാതല്‍ വിദ്യാര്‍ഥികളിലെത്തിക്കുക തുടങ്ങിയ ഒട്ടനേകം പദ്ധതികള്‍ നടപ്പാക്കിയതോടൊപ്പം ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനം, ക്രെഡിറ്റ് ബേസ്ഡ് ചോയ്സ് സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ കൂടി നടപ്പാക്കി. ജെ-സാറ്റ് എന്ന ഏകജാലക പ്രവേശന സംവിധാനത്തിലൂടെ ഒരൊറ്റ അപേക്ഷയും പരീക്ഷയും മറികടന്ന് വിദ്യാര്‍ഥികള്‍ക്ക് സ്വപ്‌നങ്ങളുടെ ആകാശം തൊടാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൃത്യവും ചിട്ടയാര്‍ന്നതുമായ മതഭൗതിക പഠന സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും ആധുനികമായ സംവിധാനങ്ങളിലൂടെയാണ് ജാമിഅതുല്‍ ഹിന്ദ് ഇതൊരുക്കിയത് എന്നത് വളരെയേറെ പ്രസ്താവ്യമാണ്. രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ജെ-സാറ്റ് പരീക്ഷയെഴുതി പ്രവേശനം നേടിയത് വളരെ മാതൃകാപരമായ രീതിയിലായിരുന്നു.
പുതിയ കാലത്തിനനുസരിച്ച് അക്കാദമിക മൂല്യനിര്‍ണയ സംവിധാനത്തിലും ജാമിഅതുല്‍ ഹിന്ദ് മാറ്റങ്ങളുടെ തിരികൊളുത്തി. “ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സംവിധാനം’ നടപ്പാക്കിയതോടെ ഈ സംവിധാനം സ്വീകരിച്ച ലോകത്തിലെ തന്നെ ആദ്യ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റിയായി മാറിയിരിക്കുകയാണ് ജാമിഅതുല്‍ ഹിന്ദ്. അന്താരാഷ്ട്ര അക്കാദമിക രംഗങ്ങളില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ സംവിധാനം നമ്മുടെ സ്ഥാപനങ്ങളില്‍ വരുന്നത് പ്രതീക്ഷകളുയര്‍ത്തുകയാണ്. വിദ്യാര്‍ഥികളുടെ ശേഷിക്കും മികവിനും അനുസൃതമായുള്ള പഠനവേഗത ഇതിലൂടെ നമ്മുടെ കുട്ടികള്‍ക്ക് സ്വന്തമാകും. കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ പഠിക്കാനും ആവശ്യമെങ്കില്‍ പഠനകാലം ദീര്‍ഘിപ്പിക്കാനും ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സംവിധാനത്തിലൂടെ സാധിക്കുമ്പോള്‍ അറിവിന്റെ ആഴങ്ങള്‍ അറിയുകയാണ് നാം. കനപ്പെട്ട ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നതിന് പുറമെ സാമൂഹിക, സാംസ്‌കാരിക നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യമായ കൃത്യവും കാര്യക്ഷമവുമായ പരിശീലനങ്ങള്‍ കൂടി നമ്മുടെ സ്ഥാപനങ്ങളുടെ ഭാഗമാക്കുകയാണ് ജാമിഅതുല്‍ ഹിന്ദ്. ഗവേഷണം, എഴുത്ത്, പ്രഭാഷണം, സംഘാടനം, സാമൂഹിക സേവനം തുടങ്ങിയവ എക്‌സ്ട്രാ ക്രെഡിറ്റ് സൗകര്യം വഴി പ്രോത്സാഹിപ്പിക്കപ്പെടുന്നത് കൂടുതല്‍ യോഗ്യതയുള്ള പണ്ഡിതരെ സമൂഹത്തിന് നല്‍കുമെന്നതില്‍ സംശയമില്ല. ഗവേഷണ പ്രബന്ധങ്ങള്‍ക്കും പ്രൊജക്ടുകള്‍ക്കും പ്രത്യേക ക്രെഡിറ്റ് സൗകര്യം, റിസര്‍ച്ച് പ്രോഗ്രാം എന്നിവ കൂടി ഏര്‍പ്പെടുത്തുമ്പോള്‍ നമ്മുടെ കുട്ടികളുടെ പഠനങ്ങള്‍ കൂടുതല്‍ നിലവാരമുള്ളതാകുകയാണ്. ഇതിലൂടെ അന്താരാഷ്ട്ര തലങ്ങളിലേക്ക് നമ്മുടെ യുവപണ്ഡിതര്‍ക്കുള്ള വഴിയൊരുക്കുകയാണ് ജാമിഅതുല്‍ ഹിന്ദ്.
ഗവേഷണ രംഗത്ത് കാലങ്ങളായി ജാമിഅതുല്‍ ഹിന്ദ് വലിയ പ്രാധാന്യം നല്‍കുന്നു. പി ജി അഥവാ മുത്വവ്വല്‍ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഉയർന്ന ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തി നടത്തുന്ന ഫെല്ലോ പ്രോഗ്രാം ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഇതിനുദാഹരണമാണ്. നൂറോളം വിദ്യാര്‍ഥികള്‍ ഗവേഷണ പഠനം കഴിഞ്ഞ് പുറത്തിറങ്ങുകയും ധാരാളം വിദ്യാര്‍ഥികള്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പി ജിക്ക് ശേഷം ഗവേഷണം നടത്താന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളുടെ ഏക ആശ്രയമാണ് ജാമിഅതുല്‍ ഹിന്ദ്. ഒട്ടേറെ അന്താരാഷ്ട്ര ഗവേഷണ സംവിധാനങ്ങളോട് അക്കാദമിക് സഹകരണം സ്ഥാപിക്കുക വഴി ഈ വിദ്യാര്‍ഥികളെ ആഗോള നിലവാരത്തിലേക്കുയര്‍ത്താന്‍ കൂടി സാധ്യമാകുന്നു. ധാരാളം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ച് ഡോക്ടറല്‍ പ്രോഗ്രാമിന് ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുക കൂടി ചെയ്യുന്നുണ്ട് ജാമിഅതുല്‍ ഹിന്ദ്.
ഒരല്‍പ്പം മത്സരബുദ്ധിയോടെ വിദ്യാര്‍ഥികള്‍ ലോകത്തെ കാണേണ്ട അനിവാര്യതയും നമ്മുടെ സംവിധാനം വിസ്മരിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക് അക്കാദമിക് ഫെസ്റ്റായ “ജാമിഅ മഹ്റജാന്‍’ വേദിയൊരുക്കുന്നത് അതിനാണ്. പൗരാണികവും ആധുനികവുമായ ഇസ്‌ലാമിക ഗ്രന്ഥങ്ങളെയും ആധുനിക അക്കാദമിക മേഖലയിലുള്ള വിഷയങ്ങളെയും കോര്‍ത്തിണക്കിയ 61 മത്സരയിനങ്ങളില്‍ അഞ്ചിലേറെ ഭാഷകളിലായി നമ്മുടെ വിദ്യാര്‍ഥികള്‍ അവരുടെ സര്‍ഗശേഷികള്‍ വരച്ചിടുമ്പോള്‍ ആ പ്രകടനങ്ങള്‍ വിശ്വാസികള്‍ക്കും സമൂഹത്തിനൊട്ടാകെയും നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. മുന്നൂറില്‍ പരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പതിനേഴ് ദാഇറകളിലായി മത്സരിച്ചാണ് ജാമിഅ മഹ്റജാനില്‍ എത്തുന്നത്. മതം, ശാസ്ത്രം, ആനുകാലികം, സാഹിത്യം, ഭാഷ എന്നീ മികവുകള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ തീര്‍ത്തും വ്യതിരിക്തമായാണ് സംഘടിപ്പിക്കുന്നത്. സ്വര്‍ഫ് ടെസ്റ്റ്, നഹ‌്വ് മത്സരം, അല്‍ഫിയ്യ ടെസ്റ്റ് തുടങ്ങിയ മത്സരങ്ങള്‍ അറബിക് വ്യാകരണ മികവ് അളക്കുന്നതും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്നതുമാണെന്നത് വലിയ പ്രതീക്ഷ നല്‍കുന്നു.
ജാമിഅതുല്‍ ഹിന്ദിന്റെ മുന്നോട്ടുള്ള വഴികള്‍ ഇതിനേക്കാള്‍ മനോഹരമാണ്. ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസി (റാബിത്വത്തുല്‍ ജാമിഅതില്‍ ഇസ്‌ലാമിയ്യ)ന്റെ അംഗീകാരം കൂടി ലഭിച്ചതോടെ ജാമിഅതുല്‍ ഹിന്ദിന് കൂടുതല്‍ തേജസ്സും സ്വീകാര്യതയും കൈവന്നിരിക്കുകയാണെന്നതാണ് ഏറ്റവും പുതിയ സന്തോഷ വാര്‍ത്തകളിലൊന്ന്. ഇതിലൂടെ വിദ്യാഭ്യാസ മേഖലയിലെ കൂടുതല്‍ സഹകരണങ്ങളും വിദ്യാര്‍ഥി കൈമാറ്റങ്ങളും ഭാവിയില്‍ എളുപ്പമാകും. നമ്മുടെ യുവപണ്ഡിതന്മാര്‍ക്ക് മുന്നില്‍ ഒരുപാട് അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികളുടെ വാതില്‍ തുറക്കപ്പെടും, ഗവേഷണ സാധ്യതകളുടെ പുതിയ ചിറകുകള്‍ തുന്നിച്ചേര്‍ക്കപ്പെടും. ആ വഴിയിലേക്ക് ഏറെ പ്രതീക്ഷകളോടെ 916 ഹാദി യുവപണ്ഡിതരെ നാം സമര്‍പ്പിക്കുകയാണെന്നതാണ് മറ്റൊരു വലിയ സന്തോഷ വാര്‍ത്ത. ഈ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ നടക്കുന്ന ഹാദി ബിരുദദാന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ അവര്‍ ബിരുദം സ്വീകരിക്കും. ഒരുപാട് യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള അഥിതികള്‍ സംബന്ധിക്കുന്ന ഈ പരിപാടിയില്‍ “ജാമിഅതുല്‍ ഹിന്ദ്’ വ്യത്യസ്ത യൂനിവേഴ്‌സിറ്റികളുമായുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുന്നതോടെ നമ്മുടെ ആകാശം ഇനിയും വലുതാകുകയാണ്. ബിരുദദാന സമ്മേളനത്തോട് അനുബന്ധിച്ച് ഗ്ലോബല്‍ യൂനിവേഴ്‌സിറ്റി ലീഡര്‍ഷിപ് സമ്മിറ്റ്, ഇന്റര്‍നാഷനല്‍ അക്കാദമിക് കോണ്‍ഫറന്‍സ് എന്നിവയും നടക്കാനിരിക്കുകയാണ്. ഇനിയുമേറെ വിശേഷങ്ങളോടെയാണ് നമ്മുടെ സമ്മേളനം നടക്കാനൊരുങ്ങുന്നത്.
പുതിയ ക്യാമ്പസും സൗകര്യങ്ങളും വരുന്നതോടുകൂടി ജാമിഅക്ക് കൂടുതല്‍ തെളിച്ചമുള്ള ആകാശമാണ് വരാനിരിക്കുന്നത്. നിലവില്‍ ധാരാളം ഇസ്‌ലാമിക് കലാലയങ്ങളുമായി ധാരണാപത്രങ്ങളില്‍ ഈ സമ്മേളനത്തോടു കൂടി ഒപ്പുവെക്കുന്ന ജാമിഅതുല്‍ ഹിന്ദ് ലോകത്തെ പ്രധാന വിജ്ഞാന കേന്ദ്രങ്ങളുമായും ഗവേഷണ കേന്ദ്രങ്ങളുമായും ധാരണാ പത്രങ്ങളില്‍ ഒപ്പുവെക്കും. അതോടൊപ്പം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മികവ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. നിര്‍മിത ബുദ്ധിയുടെ കാലത്ത് കാലോചിതമായ പരിഷ്‌കാരങ്ങള്‍ മുഴുവന്‍ മേഖലകളിലും നമ്മുടെ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ജാമിഅതുല്‍ ഹിന്ദ് നടപ്പാക്കും. അടുത്ത തലമുറയുടെ നേതൃത്വം ജാമിഅതുല്‍ ഹിന്ദിന്റെ മടിത്തട്ടിലാണ് വളരുന്നതെന്ന ദീര്‍ഘ ദര്‍ശനം ജാമിഅക്കുണ്ട്. അതിനനുസരിച്ച് ഓരോ സ്ഥാപനത്തെയും വിദ്യാര്‍ഥിയെയും വളര്‍ത്താനുള്ള ശ്രമം ജാമിഅ നടത്തും. നമ്മുടെ മത വിദ്യാഭ്യാസ രംഗത്തും സമന്വയ വിദ്യാഭ്യാസ രംഗത്തും എല്ലാ അര്‍ഥത്തിലും പരിഷ്‌കരണവും പുരോഗതിയും സാധ്യമാക്കും. ഈ സമ്മേളനം അതിലേക്കുള്ള ഒരു ചുവടുവെപ്പ് കൂടിയാണ്.




