Kerala
നഷ്ടമായത് ജനങ്ങള്‍ക്കായി നിലകൊണ്ട നേതാവിനെ; വി എസിന് ആദരാഞ്ജലികളര്‍പ്പിച്ച് എം എ യൂസഫലി
കേരളത്തിലെ എന്റെ ആദ്യത്തെ സംരംഭമായ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാന്‍ സാധിക്കില്ല.

മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്ന സഖാവ് വി എസ് അച്യുതാനന്ദന്‍ നമ്മോട് വിടവാങ്ങിയിരിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് ജനങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ട ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായത്.
വി എസുമായി വളരെ അടുത്ത സ്‌നേഹബന്ധമാണ് ഞാന്‍ പുലര്‍ത്തിയിരുന്നത്. 2017-ല്‍ യു എ ഇ സന്ദര്‍ശിച്ച അവസരത്തില്‍ അബൂദബിയിലെ എന്റെ വസതിയില്‍ അദ്ദേഹമെത്തിയത് ഒരു ഓര്‍മയായി ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയര്‍മാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടര്‍ ബോര്‍ഡംഗമായി അഞ്ച് വര്‍ഷം എനിക്ക് അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്ത് ഇടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം കേരളത്തിലെ എന്റെ ആദ്യത്തെ സംരംഭമായ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ചെളിയില്‍ നിന്നും വിരിയിച്ച താമര എന്നായിരുന്നു കണ്‍വെന്‍ഷന്‍ സെന്ററിനെപ്പറ്റി അദ്ദേഹം അന്ന് പരാമര്‍ശിച്ചത്. ബോള്‍ഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായപ്പോള്‍ സത്യസന്ധനായ കച്ചവടക്കാരന്‍ എന്നായിരുന്നു അദ്ദേഹം എന്നെപ്പറ്റി പറഞ്ഞത്.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അവിടെപ്പോയി മകന്‍ അരുണ്‍ കുമാറിനോടും മറ്റ് ബന്ധുക്കളോടും അന്വേഷിച്ചിരുന്നു. എന്റെ സഹോദരതുല്യനായ സഖാവ് വി എസിന്റെ വേര്‍പാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങള്‍ക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.