Connect with us

National

വഖ്ഫ്: സുപ്രീം കോടതി ഇടക്കാല സ്റ്റേ പ്രതിപക്ഷ ആശങ്കകളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍: കെ സി വേണുഗോപാല്‍ എം പി

മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പൂര്‍ണമായി അവഗണിച്ച കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് കോടതി നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിപക്ഷ ആശങ്കകളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വഖ്ഫ് നിയമഭേദഗതിക്ക് മേല്‍ ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പൂര്‍ണമായി അവഗണിച്ച കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് കോടതി നടപടി. ജുഡീഷ്യറിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധിയാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.

ബില്‍ അവതരണവുമായി ബന്ധപ്പെട്ടുള്ള പാര്‍ലിമെന്റ് ചര്‍ച്ചയ്ക്കിടെ താനടക്കമുള്ള പ്രതിപക്ഷ എം പിമാര്‍ മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. വഖ്ഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം ഇസ്‌ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്‍ വഖ്ഫ് അസാധുവാകും. വഖ്ഫ് സ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കത്തില്‍ കലക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിക്കുക, വഖ്ഫ് കൗണ്‍സിലുകളില്‍ അമുസ്‌ലിം അംഗങ്ങള്‍ ഭാഗമാവുക തുടങ്ങിയ വ്യവസ്ഥകള്‍ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും ഇവ പിന്‍വലിക്കണമെന്നുമാണ് അന്ന് തങ്ങള്‍ ആവശ്യപ്പെട്ടത്. ഇതില്‍ രണ്ട് ഭേദഗതികള്‍ പൂര്‍ണമായും ഒരു ഭേദഗതി ഭാഗികമായും കോടതി സ്റ്റേ ചെയ്തുകഴിഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ഈ ആശങ്ക കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരുന്നെങ്കില്‍ സുപ്രീം കോടതിയില്‍ നിന്ന് ഈ നാണക്കേട് ഒഴിവാക്കാമായിരുന്നെന്നും വേണുഗോപാല്‍ പറഞ്ഞു.

സുപ്രീം കോടതിയില്‍ പ്രതിപക്ഷം നടത്തിയത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. ഒരു ജനവിഭാഗത്തെ അരികുവത്കരിച്ചുകൊണ്ട്, വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള ബി ജെ പി സര്‍ക്കാരിന്റെ നീക്കം ഒരു കാരണവശാലും വിജയം കാണില്ല. അതിന് തടയിടുക തന്നെ ചെയ്യും. കോടതിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഭരണഘടനാ വിരുദ്ധമായ ഭേദഗതികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 

Latest