Connect with us

kerala waqf board

വഖ്ഫ് സംരക്ഷണം; കോഴിക്കോട് നഗരത്തിലെ പള്ളികൾ കൈയടക്കിയ സലഫികൾ പ്രതിരോധത്തിൽ

നഗരത്തിലെ പത്തിലധികം സുന്നി പള്ളികളാണ് സലഫികൾ കൈയടക്കി വെച്ചിരിക്കുന്നത്. സുന്നി വഖ്ഫുകളായി പതിറ്റാണ്ടുകൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത ഇത്തരം പള്ളികൾ വഴിവിട്ട മാർഗങ്ങളിലൂടെയാണ് സലഫികൾ കൈക്കലാക്കിയത്

Published

|

Last Updated

കോഴിക്കോട് | വഖ്ഫ്- പി എസ് സി വിവാദം സ്വത്തുക്കൾ സംരക്ഷിക്കണമെന്ന ചർച്ചയിലേക്ക് കൂടി നീണ്ടതോടെ കോഴിക്കോട് നഗരത്തിലെ സുന്നി പള്ളികൾ കൈയടക്കിയ സലഫികൾ പ്രതിരോധത്തിൽ. നഗരത്തിലെ പത്തിലധികം സുന്നി പള്ളികളാണ് സലഫികൾ കൈയടക്കി വെച്ചിരിക്കുന്നത്. സുന്നി വഖ്ഫുകളായി പതിറ്റാണ്ടുകൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത ഇത്തരം പള്ളികൾ വഴിവിട്ട മാർഗങ്ങളിലൂടെയാണ് സലഫികൾ കൈക്കലാക്കിയത്.

കോഴിക്കോട് നഗരത്തിലെ പട്ടാളപ്പള്ളി, മൊയ്തീൻ പള്ളി, ശാദുലി പള്ളി, നടക്കാവ് പോലീസ് സ്റ്റേഷന് സമീപമുള്ള പള്ളി, ഖലീഫ പള്ളി, ഇളയന്റെ പള്ളി, വലിയങ്ങാടിയിലെ കാദിരിക്കോയ പള്ളി തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ആദ്യകാലം മുതൽ തന്നെ സുന്നി മുതവല്ലിമാരുടെ കീഴിലാണ് ഈ പള്ളികളെല്ലാം നടന്നുവന്നത്. വ്യാജ മിനുട്ട്‌സുകൾ നിർമിച്ചും ജനറൽ ബോഡിയിലുൾപ്പെടെ സലഫി ആശയക്കാരെ തിരുകിക്കയറ്റിയുമാണ് ഇത്തരത്തിലുള്ള പള്ളികളിൽ പലതും സലഫികളുടേതാക്കി മാറ്റിയത്.

1957 വരെ സുന്നി ആചാര പ്രകാരം നടന്നു വന്ന മുഹ്‌യിദ്ദീൻ ശൈഖിന്റെ നാമധേയത്തിലുള്ള മൊയ്തീൻ പള്ളി കുതന്ത്രത്തിലൂടെയാണ് സലഫികൾ കൈയടക്കിയത്. 1947ൽ പരിസരവാസികളായ ഏതാനും പേർ ചേർന്ന് മൊയ്തീൻ പള്ളി പരിപാലന കമ്മിറ്റി എന്ന പേരിൽ കമ്മിറ്റിയുണ്ടാക്കി. സുന്നി ആചാരപ്രകാരം നടന്നുവന്ന പള്ളി തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടക്കമിതായിരുന്നു. രജിസ്റ്റർ ചെയ്ത നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പള്ളി മഹല്ലിലെ താമസക്കാരായ 18 വയസ്സായ ഏതൊരു മുസ്‌ലിമിനും ഒരു രൂപ വാർഷിക വരിസംഖ്യ അടച്ച് കമ്മിറ്റി ജനറൽ ബോഡി അംഗമാകാം. അന്ന് ഏകദേശം 1,500 യോഗ്യരിൽ 400 പേർ അംഗങ്ങളായി ചേർന്നു. 1957ൽ ആരാധനാ സമ്പ്രദായം മാറ്റിയപ്പോഴാണ് ഗൂഢ ഉദ്ദേശ്യം തിരിച്ചറിഞ്ഞത്. തുടർന്ന് കൂടുതൽ പേർ നിയമപ്രകാരം അംഗത്വത്തിന് അപേക്ഷിച്ചുവെങ്കിലും നിഷേധിക്കപ്പെട്ടു.

നിസ്‌കാരക്രമം മാറ്റിയതോടെ സുന്നികൾ സ്വന്തം നിലയിൽ നിസ്‌കാരം തുടങ്ങി. ഇതിനെതിരെ പള്ളി കമ്മിറ്റി കോടതിയെ സമീപിച്ചെങ്കിലും മൂന്ന് വഖ്ത് നിസ്‌കാരം സുന്നികൾ തങ്ങളുടെ ഇമാമിന്റെ കീഴിൽ ആദ്യം നടത്താനും ശേഷം മുജാഹിദ് ആചാരപ്രകാരം നടത്താനും തീരുമാനമായി.ഇശാ, സുബ്ഹി നിസ്‌കാരങ്ങൾ ആദ്യം മുജാഹിദ് ഇമാമിന്റെ കീഴിൽ നടത്താനും ശേഷം സുന്നി ആചാരപ്രകാരം നടത്താനും തീരുമാനമായി. കൂടുതൽ സുന്നികൾ അംഗത്വത്തിന് അപേക്ഷിക്കാൻ തുടങ്ങിയപ്പോൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമത്തിന്റെ നിബന്ധനകൾ പാലിക്കാതെ ഭരണഘടന ഭേദഗതി ചെയ്തു. ജനറൽ ബോഡി അംഗത്വം 40 മാത്രമാക്കിയും ആർക്കും അംഗത്വം നിഷേധിക്കുന്നതിന് നിലവിലുള്ള കമ്മിറ്റിക്ക് അധികാരം നൽകുന്നതുമായിരുന്നു ഭേദഗതി. ഇതോടെ 40 മുജാഹിദുകളെ നിലനിർത്തി 378 സുന്നി അംഗങ്ങൾ പുറത്താക്കപ്പെട്ടു.

1962ൽ സുന്നി ഇമാമിന്റെ കീഴിൽ നടന്നു വന്ന ജമാഅത്ത് നിസ്‌കാരത്തിനെതിരെ വഹാബികൾ സ്റ്റേ വാങ്ങി. 1965ൽ മലയാളത്തിലുള്ള ഖുതുബ മഹല്ല് നിവാസികളുടെ അംഗീകാരമില്ലാതെ അവരുടെ ആചാരത്തിന് വിരുദ്ധമായി തുടങ്ങി. നിയമയുദ്ധങ്ങൾ തുടർന്നെങ്കിലും ലീഗ്- മുജാഹിദ് അച്ചുതണ്ട് പ്രവർത്തിച്ചതോടെ കാര്യങ്ങൾ കൂടുതൽ മുജാഹിദുകൾക്ക് അനുകൂലമായി.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്