Connect with us

feature

ഹുബ്ബ്‌ പൂക്കുന്ന ചുവരുകൾ

കെട്ടിച്ചുവിട്ട പെൺകുട്ടിയുടെ ഗൃഹാതുര ചിന്തകൾക്ക് ഏറ്റവും നോവ് പകരുന്നത് ജന്മദേശത്തെ സ്വർഗമാക്കുന്ന നബിദിനാഘോഷങ്ങൾ കൂടിയാണ്. ഓരോ വസന്തത്തിന്റെയും കാലൊച്ച കേൾക്കുമ്പോൾ സ്വദേശത്തേക്ക് ഓടിയണയാൻ അവളുടെ ഉള്ള് കൊതിക്കും.

Published

|

Last Updated

ലോക നേതാവിന്റെ ഓർമകളിലേക്ക് കാലം വീശുന്ന വസന്തത്തിനെന്തൊരു സുഗന്ധമാണ്! പിന്നിട്ട വഴികളിൽ തിരിഞ്ഞുനോക്കുമ്പോൾ തിരുവസന്തം വല്ലാത്തൊരനുഭൂതിയാണ് ഉള്ളിൽ നിറക്കുന്നത്. കൊച്ചുനാൾ മുതലേ അതിന്റെ നിറപ്പകിട്ടുകളിൽ മുങ്ങിനിവരുന്നത് കൊണ്ടാകാം.
റബീഇന്റെ മനോഹരസ്മരണകൾ ചികയുമ്പോൾ പിറന്നദേശത്തിന് അതിൽ ചെറുതല്ലാത്തൊരു സ്ഥാനമുണ്ട്.

കെട്ടിച്ചുവിട്ട പെൺകുട്ടിയുടെ ഗൃഹാതുര ചിന്തകൾക്ക് ഏറ്റവും നോവ് പകരുന്നത് ജന്മദേശത്തെ സ്വർഗമാക്കുന്ന നബിദിനാഘോഷങ്ങൾ കൂടിയാണ്. ഓരോ വസന്തത്തിന്റെയും കാലൊച്ച കേൾക്കുമ്പോൾ സ്വദേശത്തേക്ക് ഓടിയണയാൻ ഉള്ള് കൊതിക്കും. കാലങ്ങളായി തുടരുന്ന ശീലവും മത്സരബുദ്ധിയും കൂടുതൽ മികവോടെ, കലാബോധത്തോടെ അവിടം സുന്ദരമാക്കും.

അലങ്കാരപ്പണികൾ പൂർത്തിയാകുന്നത് മുതൽ പ്രകാശപ്രഭയിൽ കുളിച്ച നാടും അവിടുത്തെ മസ്ജിദുകളും മദ്റസയുമെല്ലാം ആസ്വദിക്കാൻ നടന്നും വാഹനത്തിലുമൊക്കെയായുള്ള ഞങ്ങളുടെ യാത്രകൾ! ഒരിക്കൽ ഭർതൃ ഗൃഹത്തിലേക്ക് തിരിച്ചു വന്നത് പിറന്നനാട്ടിലെ വൈവിധ്യ നയനമനോഹരമായ നബിദിന ഘോഷയാത്രയും കണ്ടിട്ടാണ്. ഒരു മണിക്കൂർ യാത്ര ചെയ്യാനുള്ള ആ വരവിലുടനീളം വിവിധ നാടുകളിലെ ഘോഷയാത്രകൾ, അലങ്കാരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിങ്ങനെ കാണാൻ കഴിഞ്ഞു. എന്റെ നാടിന്റെ ഊർജവും കണ്ണ് മയക്കുന്ന സൗന്ദര്യവും കലാപ്രകടന കാഴ്ചകൾക്കും അടുത്ത് വെക്കാൻ പറ്റുന്ന ഒന്നും എനിക്ക് അനുഭവവേദ്യമായില്ല എന്നതാണ് സത്യം.

വളരെ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് അതിരാവിലെ ഉണർന്ന് ഇക്കാക്കമാരോടൊപ്പം കൂടും. അന്ന് നബിദിനജാഥക്ക് കുട്ടികൾ പിടിക്കേണ്ട വർണക്കൊടികൾക്കുള്ള വടി തയ്യാറാക്കേണ്ടത് അവരുടെ ജോലിയാണ്. കാട് പിടിച്ച പറമ്പുകൾക്കപ്പുറം അധികമാരും ചെല്ലാത്ത പുഴങ്കുണ്ടത്തിലേക്ക് ഞങ്ങൾ ഭയരഹിതരായി ചെല്ലുന്ന കൊച്ചു വെളുപ്പാൻ കാലം. കൂട്ടത്തിൽ മൂത്തവൻ കൊടുവാൾ കൊണ്ട് ഈന്ത് മരത്തിലെ പച്ചോലകൾ ഓരോന്നായി വെട്ടിയിടും. നേരെ താഴെയുള്ളവനും ഞാനും കൂടി ആവേശത്തോടെ അതിന്റെ ഇലകളെല്ലാം പറിച്ചു വടി മാറ്റിവെക്കും. ഈ വടിയെല്ലാം മദ്റസയിലെത്തിച്ചാൽ പിന്നെ അതിൽ നേരത്തെ ഒരുക്കിവെച്ച ചുവപ്പും പച്ചയും മഞ്ഞയുമൊക്കെയായ ചായങ്ങൾ തേച്ച ത്രികോണ കടലാസുകൾ ഒട്ടിക്കൽ ആൺകുട്ടികളുടെ ജോലിയാണ്.

നാട്ടുകാരുടെ വക ജാഥക്കാർക്ക് ഒരുക്കിയ മിഠായികളും ജ്യൂസും ഐസ് ക്രീമും എല്ലാവർക്കും കിട്ടും. പതാകയുയർത്തലിനും പ്രാർഥനകൾക്കും ശേഷം അദബോടെ, അച്ചടക്കത്തോടെ റാലി പുറപ്പെടും.

“ബുസ്താനാബാദിന്റെ പിഞ്ചോമനമക്കളിതാ ഈ വഴിത്താരയെ ധന്യമാക്കിക്കൊണ്ട്…’ ജീപ്പിനുള്ളിൽ നിന്ന് എത്ര കേട്ടാലും മടുക്കാത്ത സ്വരജാഥകൾ. പാതയോരത്തു കാണാൻ വേണ്ടി നിൽക്കുന്ന ഞങ്ങളുടെ ഉമ്മമാരുടെ കൂട്ടത്തിൽ മദ്റസയിൽ നിന്നിറങ്ങി വന്ന ഞങ്ങളും നിൽപ്പുറപ്പിക്കും. അങ്ങോട്ട് പോയ ജാഥ തിരിച്ചു വരും വരെ കൂട്ടംപറച്ചിലും കളിചിരിയും. എത്ര വൈകിയാലും ആരും മടങ്ങിപ്പോകില്ല, ആർക്കും കാല് കഴക്കില്ല. റസൂലുല്ലാന്റെ ജന്മദിനമല്ലേ! ഒരു കിലോമീറ്റർ സഞ്ചരിക്കുന്ന ജാഥ മടങ്ങിവരുമ്പോൾ ആൾബലം പോയതിലും ഇരട്ടിയിൽ അധികമാകും. തൊട്ടടുത്ത മഹല്ലിലെ സംഘമാണ് മുന്നിലുണ്ടാവുക. അവരുടെ വകയും ഓരോ മുക്കുകളിലും ദഫ് പ്രദർശനം ഉണ്ടാകും. ദൂരെ നിന്ന് പാട്ടും ദഫും കേൾക്കുമ്പോൾ ഉള്ളിൽ ആനന്ദം അറബന മുട്ടും. സനിയ്യത്തിന്റെ താഴ്‌വാരം മിന്നിമറയും.

മദ്റസാജീവിതത്തിലെ ഹരം ക്വിസും മെമ്മറി ടെസ്റ്റും മാലപ്പാട്ടും മറ്റ് ഗ്രൂപ്പ്‌ മത്സരങ്ങളും ഓരോരുത്തർക്കും കിട്ടുന്ന സമ്മാനപ്പെരുപ്പവുമൊക്കെ ആയിരുന്നു. ഇടക്കൊന്ന് ജീവിതം മാറിമറിഞ്ഞപ്പോൾ ഹോസ്റ്റൽ ലൈഫിൽ അതിനെക്കാൾ മനോഹരമായ മീലാദ് ഓർമകൾ പ്രാണനിൽ തുന്നിവെക്കാൻ കഴിഞ്ഞു. പെൺകുട്ടികൾ മാത്രം വാഴുന്ന മർകസ് ജാസ്മിൻ വാലിയുടെ മുറ്റത്ത് റബീഇന്റെ ചന്ദ്രികയെത്തുമ്പോൾ സ്വലാത്ത് കൊണ്ടും മദ്ഹ് കൊണ്ടും ഞങ്ങൾ മത്സരത്തിലായി.

പന്ത്രണ്ടിന്റെ പുലർച്ചെ എല്ലാവരും കുളിച്ചു പുതുവസ്ത്രമണിഞ്ഞ് നിസ്കാര ഹാളിൽ കയറും. തിങ്ങിനിറഞ്ഞ ഹാളിൽ മുതിർന്ന കുട്ടികളുടെ നേതൃത്വത്തിൽ ബുർദയും മനംതൊടുന്ന മദ്ഹും മൗലിദും. അവസാനം ടീച്ചർമാരിൽ ഒരാളുടെ കരഞ്ഞു തേടുന്ന ദുആ. വല്ലാത്ത ആത്മീയ ഭാവമായിരുന്നു, മനസ്സാന്നിധ്യമായിരുന്നു ആ മനോഹര നിമിഷങ്ങളിൽ.

ഹോസ്റ്റലിൽ ഞങ്ങൾക്ക് കിട്ടുന്ന പെരുന്നാൾ, മീലാദ് ഫെസ്റ്റ് തന്നെയായിരുന്നു. തകൃതിയായ ഒരുക്കങ്ങൾക്കും മനപ്പാഠമാക്കലുകൾക്കും ശേഷം ആ ദിവസം വന്നണയുകയായി. പാടാനും എഴുതാനും വരക്കാനുമെല്ലാം മത്സരിക്കും. ഹുബ്ബ്‌ പൂക്കുന്ന ചുവരുകൾ. രണ്ടേ രണ്ട് വർഷങ്ങൾ… രണ്ട് മീലാദ് ഫെസ്റ്റുകൾ.. അവ മനസ്സിലിന്നും മായാതെ നിൽക്കുന്നുണ്ട്. അതിന്റെ അലയൊലികൾ ഉള്ളിലെന്നും തെളിയോളം തീർക്കും.

Latest