Connect with us

Editors Pick

വി എസ്: മലമ്പുഴയില്‍ വേരാഴ്ത്തി കേരളത്തിനു തണല്‍ പകര്‍ന്ന വടവൃക്ഷം

1996 ല്‍ മാരാരിക്കുളത്തെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വി എസ് ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയായ മലമ്പുഴയില്‍ ജനവിധി തേടാനെത്തിയത്.

Published

|

Last Updated

കോഴിക്കോട് | കേരളത്തിന്റെ മുഴുവന്‍ സമര നായകനും നേതാവുമായി ജ്വലിച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ വി എസിന് ജനവിധിയുടെ ഇന്ധനം പകര്‍ന്ന സ്ഥലനാമമാണ് മലമ്പുഴ. വി എസിന്റെ രാഷ്ട്രീയ ജീവചരിത്രത്തിലെ രണ്ട് ദശാബ്ദക്കാലം മലമ്പുഴ നിയമസഭാ മണ്ഡലവുമായി ചേര്‍ന്നു നിന്നു. സമര ജീവിതത്തിനൊപ്പം പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും വി എസ് പടവുകള്‍ പിന്നിട്ടത് മലമ്പുഴയിലെ ജനാരവങ്ങള്‍ക്കൊപ്പമായിരുന്നു.

1996 ല്‍ മാരാരിക്കുളത്തെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വി എസ് ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയായ മലമ്പുഴയില്‍ ജനവിധി തേടാനെത്തിയത്. ആദ്യ പോരാട്ടത്തില്‍ തന്നെ മലമ്പുഴയുടെ ഹൃദയത്തില്‍ വി എസ് നിലയുറപ്പിച്ചു. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിക്കെതിരെ മത്സരിച്ച് 4,703 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച വി എസിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ആ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലേക്കായിരുന്നു യാത്ര. ജനകീയ ഇടപെടലുകളിലൂടെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയേക്കാള്‍ തിളങ്ങി നിന്ന കാലം. പ്രതിപക്ഷ നേതാവ് കേരളത്തിന്റെ രാഷ്ട്രീയ അജണ്ടകള്‍ നിശ്ചയിച്ച അപൂര്‍വ സാഹചര്യം. 2006 ല്‍ സതീശന്‍ പാച്ചേനിക്കെതിരെ ഭൂരിപക്ഷം 20,017 വോട്ടായി വര്‍ധിപ്പിച്ചുകൊണ്ട് വി എസ് കരുത്തുകാട്ടി. ആ യാത്ര കേരളത്തിന്റെ മുഖ്യമന്ത്രി കസാരയിലേക്കായിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 23,440. വീണ്ടും പ്രതിപക്ഷ നേതാവിന്റെ റോളില്‍ വി എസ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പെത്തിയപ്പോള്‍ ഭൂരിപക്ഷം 27,142 വോട്ടായി ഉയര്‍ന്നു. വി എസ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായി.

1965 ല്‍ രൂപീകരിച്ച മലമ്പുഴ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ചന്നെ റോക്കോര്‍ഡ് വി എസ് സ്വന്തമാക്കി. പത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മലമ്പുഴയില്‍ ഭൂരിപക്ഷം 20,000 ത്തിനുമപ്പുറമെത്തിച്ചത് വി എസ് അച്യുതാനന്ദനാണ്. ഓരോ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ ആദ്ദേഹത്തെ കൂടുതല്‍ ആവേശത്തോടെ നെഞ്ചേറ്റി. മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനത്തിന്റെ വെളിച്ചം നല്‍കാനും ആ നേതാവിനു കഴിഞ്ഞു.

കഞ്ചിക്കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ സ്ഥാപിക്കുമ്പോള്‍ 365 ഏക്കര്‍ ഭൂമിയും കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിക്കായി 262 ഏക്കര്‍ ഭൂമിയും ഏറ്റെടുത്ത് നല്‍കാന്‍ കഴിഞ്ഞത് ജനപ്രതിനിയെന്ന നിലയില്‍ വി എസിന്റെ വലിയ നേട്ടമാണ്. നിര്‍മാണം അന്തിമ ഘട്ടത്തിലുള്ള അകത്തേത്തറ മേല്‍പാലത്തിനായി നിയമ കുരുക്കുകള്‍ അഴിച്ച് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി നിര്‍മാണം തുടങ്ങിയത് വി എസിന്റ കാലത്താണ്.

മലമ്പുഴ റിംഗ് റോഡ്, മലമ്പുഴ കുടിവെള്ള പദ്ധതി, ജലസേചന ടൂറിസം വകുപ്പുകളെ ഏകോപിച്ച് മലമ്പുഴ വിനോദ സഞ്ചാര മേഖലയുടെ വികസനം ഇങ്ങനെ കാര്‍ഷിക- വ്യാവസായിക മേഖലകള്‍ ഉള്‍പ്പെടുന്ന മലമ്പുഴയുടെ മുഖച്ഛായ മാറ്റിയ വികസന നേട്ടങ്ങള്‍ ഏറെയാണ്. കേരളത്തിന്റെ മുഴുവന്‍ നേതാവായി പോരാട്ടങ്ങളുടെ നായകനായി വിഎസ് വിരാജിക്കുമ്പോള്‍ മലമ്പുഴയിലെ ജനങ്ങള്‍ ആവേശത്തോടെയും ആത്മാഭിമാനത്തോടെയും ആ നേതാവിനെ നെഞ്ചേറ്റി.

Latest