Connect with us

International

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാകില്ല: വ്‌ളാഡ്മിര്‍ പുടിന്‍

Published

|

Last Updated

മോസ്‌കോ | പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. പ്രവാചകനെ അപമാനിക്കുന്നത് മത സ്വാതന്ത്ര്യത്തിന്റെ ലംഘനവും ഇസ്ലാം മതവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് പുടിന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീവ്ര പ്രതികാര നടപടികള്‍ക്കിടയാക്കുകയാണ് ചെയ്യുകയെന്ന് പ്രവാചകനിന്ദാ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരിസിലെ ഷാര്‍ലി ഹെബ്ദോ മാഗസിന്‍ ഓഫീസിന് നേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടി പുടിന്‍ പറഞ്ഞു.

കലാപരമായ സ്വാതന്ത്ര്യത്തെ പ്രശംസിച്ച പുടിന്‍ അത്തരം സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും മറ്റു സ്വാതന്ത്ര്യങ്ങളെ ലംഘിച്ചാകരുത് അതെന്നും പറഞ്ഞു. റഷ്യ ഒരു ബഹുമത, ബഹുസ്വര രാഷ്ട്രമായി മാറിയിട്ടുണ്ട്. അതിനാല്‍ പരസ്പരം മറ്റുള്ളവരുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നവരാണ് റഷ്യക്കാര്‍. വെബ്‌സൈറ്റുകള്‍ വഴി നാസികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഉക്രൈന്‍ വിഷയത്തില്‍ അമേരിക്കയില്‍ നിന്ന് ഉറപ്പ് ലഭിക്കേണ്ടതുണ്ടെന്നും ആക്രമണം തുടങ്ങിവെച്ചത് റഷ്യയല്ലെന്നും പുടിന്‍ പറഞ്ഞു.