Connect with us

Vizhinjam port strike

വിഴിഞ്ഞം സമരം: കേന്ദ്ര ഇടപെടലിന് ഗവര്‍ണറുടെ ഉറപ്പ്

മത്സ്യത്തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാമെന്ന് സമര സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം ‌ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം പരഹരിക്കുന്നതിന് കേന്ദ്രത്തിന്റെ ഇടപെടലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറപ്പ് നല്‍കിയതായി സമര സമിതി. തങ്ങളുടെ പരാതികള്‍ ഗവര്‍ണര്‍ അനുഭാവ പൂര്‍വ്വം കേട്ടെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫ. യൂജീന്‍ പെരേര പറഞ്ഞു. ഗവര്‍ണറുമായി സമര സമിതി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ പരാതികള്‍ എല്ലാം കേന്ദ്രത്തിന്റേ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെ സമരപന്തല്‍ പൊളിക്കണമെന്ന കോടതി ഉത്തരവില്‍ ഭയമില്ലെന്നും സമര സമിതി അറിയിച്ചു.

ഉച്ചക്ക് 12.15നാണ് ലത്തീന്‍ അതിരൂപത വികാരി ഫ. യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ സമര സമിതിയിലെ മൂന്ന് പേര്‍ ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കാണാന്‍ ചെന്നത്.

സംസ്ഥാന സര്‍ക്കാറുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടത്തുന്ന ഗവര്‍ണര്‍ തന്റെ പരിധിക്ക് പുറത്തുള്ള പല വിഷയങ്ങളിലും ഇടപെടുന്നതായ ആരോപണം നിലവില്‍ ശക്തമാണ്. ഇതിനെ തുടര്‍ച്ചെയന്നോണമാണ് ഇപ്പോള്‍ വിഴിഞ്ഞം സമരക്കാരെ കണ്ടത്. നേരത്തെ വിഴിഞ്ഞം സമരക്കാര്‍ സംസ്ഥാന സര്‍ക്കാറുമായി പല തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യമൊഴിച്ച് സമരക്കാരുടെ മറ്റ് ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന സമര സമിതി പ്രതിഷേധം തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമര സമിതി സര്‍ക്കാറുമായി ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ കണ്ടത്.