Kerala
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകളുടെത് ഷാര്‍ജയില്‍ സംസ്‌കരിക്കും
തീരുമാനം ഇന്ത്യന്‍ എംബസി ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി | ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി. മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചപ്പോഴാണ് ഇക്കാര്യ അറിയിച്ചത്. വിപഞ്ചിക മണിയന്റെ മൃതദേഹം നാട്ടിലെത്തിക്കാനും മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനുമാണ് മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമായതെന്നും എംബസി ഹൈക്കോടതിയെ അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുവാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വിപഞ്ചികയുടെയും മകളുടേയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതില്‍ ഹരജി നല്‍കിയത്.
ഭര്‍ത്താവിന്റെയും എംബസിയുടെയും നിലപാട് അറിയണമെന്ന് നേരത്തേ ഹരജി പരിഗണിച്ച ജസ്റ്റിസ് എന്‍ നഗരേഷിന്റെ സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടിരുന്നു.