Connect with us

Articles

കോണ്‍ഗ്രസ്സിന്റെ വിജയ വഴികള്‍

ഓപറേഷന്‍ താമര പോലുള്ള ഭീഷണികള്‍ മുന്നില്‍ കണ്ട് തന്നെയാണ് കോണ്‍ഗ്രസ്സ് ഇത്തവണ കളത്തിലിറങ്ങിയത്. രാഹുല്‍ ഗാന്ധി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരുടെ നേതൃത്വവും പാര്‍ട്ടി പ്രകടന പത്രികയിലെ പ്രഖ്യാപനവും ഒപ്പം ബി ജെ പി സര്‍ക്കാറിന്റെ ഭരണ പരാജയവുമാണ് കോണ്‍ഗ്രസ്സിന്റെ വിജയത്തിന്നാധാരമെന്ന് പറയുമ്പോള്‍ തന്നെ, മറ്റു ചില ഘടകങ്ങളും വിജയത്തെ സഹായിച്ചതായി കാണാം.

Published

|

Last Updated

തൂക്കുമന്ത്രിസഭയെന്ന എക്സിറ്റ് പ്രവചനങ്ങള്‍ അപ്രസക്തമാക്കി കോണ്‍ഗ്രസ്സ് കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയിരിക്കുന്നു. 224 അംഗ കര്‍ണാടക നിയമസഭയില്‍ ബി ജെ പി ഒന്നിലേറെ തവണ ഭരണം കൈയാളിയിരുന്നുവെങ്കിലും ഒരു തിരഞ്ഞെടുപ്പിലും ജനം ബി ജെ പിക്ക് തനിച്ച് ഭൂരിപക്ഷം നല്‍കിയിരുന്നില്ല. ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച തിരഞ്ഞെടുപ്പ് 2008ലേതാണ്. അന്ന് ബി ജെ പിക്ക് ലഭിച്ചതാകട്ടെ 110 സീറ്റുകളും. വിമതരെയും ചെറു പാര്‍ട്ടികളില്‍ നിന്നുള്ളവരെയും കൂട്ടുപിടിച്ചാണ് യെദിയുരപ്പ അന്ന് മുഖ്യമന്ത്രിയായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിയമസഭയിലെ ഏറ്റവും വലിയ കക്ഷി ആയിരുന്നുവെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 104 സീറ്റ് ലഭിച്ച ബി ജെ പി ഓപറേഷന്‍ താമരയെന്ന ഓമനപ്പേരിട്ട് കോണ്‍ഗ്രസ്സില്‍ നിന്നും ജനതാ ദളില്‍ നിന്നും എം എല്‍ എമാരെ ചാക്കിട്ടു പിടിച്ച് ഭരണത്തിലെത്തുകയാണുണ്ടായത്. ഓപറേഷന്‍ താമര പോലുള്ള ഭീഷണികള്‍ മുന്നില്‍ കണ്ട് തന്നെയാണ് കോണ്‍ഗ്രസ്സ് ഇത്തവണ കളത്തിലിറങ്ങിയത്. രാഹുല്‍ ഗാന്ധി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരുടെ നേതൃത്വവും പാര്‍ട്ടി പ്രകടന പത്രികയിലെ പ്രഖ്യാപനവും ഒപ്പം ബി ജെ പി സര്‍ക്കാറിന്റെ ഭരണ പരാജയവുമാണ് കോണ്‍ഗ്രസ്സിന്റെ വിജയത്തിന്നാധാരമെന്ന് പറയുമ്പോള്‍ തന്നെ, മറ്റു ചില ഘടകങ്ങളും വിജയത്തെ സഹായിച്ചതായി കാണാം.

ഭരണവിരുദ്ധ തരംഗം
ബി ജെ പി സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ തരംഗം ഫലപ്രഖ്യാപനത്തില്‍ പ്രകടമാണ്. സംസ്ഥാനത്തെ വോട്ടര്‍മാര്‍, ഭരിക്കുന്ന പാര്‍ട്ടിയെ മറ്റൊരു ടേമിലേക്ക് കൂടി തിരഞ്ഞെടുത്ത അനുഭവം നാല്‍പ്പത് വര്‍ഷമായി കര്‍ണാടക രാഷ്ട്രീയത്തിലുണ്ടായിട്ടില്ല. കൂടാതെ, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ അസംബ്ലി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്ന പതിവ് കര്‍ണാടകയിലെ വോട്ടര്‍മാര്‍ ഇത്തവണ ആവര്‍ത്തിച്ചുവെന്ന് വേണം കരുതാന്‍.

അഴിമതി ആരോപണം
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി ജെ പിക്കെതിരെ നിരന്തരം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ബൊമ്മൈ സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ പറ്റുന്ന സര്‍ക്കാറെന്ന പ്രചാരണം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് തന്നെ കോണ്‍ഗ്രസ്സ് ആരംഭിച്ചിരുന്നു. മന്ത്രി കെ എസ് ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരന്‍ പ്രധാനമന്ത്രിയടക്കമുള്ള ബി ജെ പി നേതാക്കള്‍ക്ക് പരാതി നല്‍കിയതിനു ശേഷം ആത്മഹത്യ ചെയ്ത സംഭവം ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കൊണ്ടുവരികയുണ്ടായി. പ്രധാനമന്ത്രി മോദി, കോണ്‍ഗ്രസ്സിനെതിരെ 85 ശതമാനം കമ്മീഷന്‍ വാങ്ങുന്ന പാര്‍ട്ടി എന്ന് തിരിച്ചു പ്രയോഗിച്ചു വെങ്കിലും അത് ജനം അംഗീകരിച്ചില്ല എന്നാണ് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നിരവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഉറപ്പുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിക്കുകയുണ്ടായി. 10 കിലോ സൗജന്യ അരി, ബി പി എല്‍ കുടുംബത്തിന് പ്രതിമാസം 200 യൂനിറ്റ് സൗജന്യ വൈദ്യുതി, തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് അലവന്‍സ്, വീട്ടമ്മമാര്‍ക്ക് 2,000 രൂപ അലവന്‍സ് തുടങ്ങി കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച സൗജന്യങ്ങള്‍ ശ്രദ്ധ ആകര്‍ഷിച്ചു. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിന്റെ സൗജന്യ പദ്ധതികളെ മോദി വിമര്‍ശിച്ചുവെങ്കിലും പിന്നീട് ബി ജെ പിയും പ്രകടന പത്രികയില്‍ ബി പി എല്‍ കാര്‍ഡ് ഉടമകളെ ലക്ഷ്യമിട്ട് ചില സൗജന്യങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി.

വിലക്കയറ്റം, തൊഴിലില്ലായ്മ
ഗ്യാസ് സിലിന്‍ഡറുകളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വില വര്‍ധന കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് രംഗത്ത് ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ തിരഞ്ഞെടുപ്പ് വിഷയമാക്കിയ കോണ്‍ഗ്രസ്സ്, തൊഴില്‍രഹിതര്‍ക്ക് അലവന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചു. 2014ലെ യു പി എ സര്‍ക്കാറിന്റെ കാലത്തുള്ള ഗ്യാസിന്റെയും ഭക്ഷ്യ വസ്തുക്കളുടെയും വിലയും ഇപ്പോഴത്തെ വിലയും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.

ശക്തമായ നേതൃത്വം
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും നാട്ടുകാരനുമായ ഖാര്‍ഗെ, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍, പ്രാദേശിക തലത്തില്‍ എം ബി പാട്ടീല്‍, ലക്ഷ്മണ സവാദി, യു കെ ഖാദര്‍, രാമനാഥ റായ്, പരമേശ്വര്‍ തുടങ്ങി നിരവധി നേതാക്കള്‍ കോണ്‍ഗ്രസ്സിനു വേണ്ടി പ്രചാരണ രംഗത്ത് ശക്തമായി നിലയുറപ്പിച്ചപ്പോള്‍ ബി ജെ പിക്ക് മുമ്പില്‍ നിര്‍ത്താന്‍ ജനാംഗീകാരമുള്ള നേതാക്കള്‍ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോദിയെയാണ് ബി ജെ പി പ്രധാനമായും ആശ്രയിച്ചത്. സംസ്ഥാന നേതാവായ യെദിയുരപ്പയുടെ അപ്രമാദിത്വം കുറഞ്ഞതും ബി ജെ പിക്ക് തിരിച്ചടിയായി.

മുസ്ലിം സംവരണം
ബൊമ്മൈ സര്‍ക്കാര്‍ എടുത്തുകളഞ്ഞ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം കോണ്‍ഗ്രസ്സിന് ഗുണം ചെയ്തു.

വാങ്ക് വിളി, ഹലാല്‍, ഹിജാബ് വിവാദം
സംസ്ഥാനത്ത് ബി ജെ പി സര്‍ക്കാറിന്റെ കാലത്ത് മുസ്ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. പള്ളികളില്‍ നിന്നുള്ള വാങ്ക് വിളി, ഹലാല്‍ മാംസത്തിനെതിരെയുള്ള പ്രചാരണം, ഹിജാബ് നിരോധനം എന്നിവ സംസ്ഥാനത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഹിജാബ് വിവാദം ഇപ്പോഴും സുപ്രീം കോടതിയിലാണ്. മുസ്ലിം വ്യാപാരികളുമായുള്ള ഇടപാടുകള്‍ക്ക് ഹിന്ദുത്വവാദികള്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തെയും ഇവക്കെതിരെ വൈകാരികവും സാമുദായികവുമായ പ്രശ്നങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നതിനെയും കോണ്‍ഗ്രസ്സ് അപലപിച്ചിരുന്നു.

ഭാരത് ജോഡോ യാത്ര
തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ്സ് പ്രചാരണം ആരംഭിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോണ്‍ഗ്രസ്സ് പാര്‍ട്ടി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും ഒരുമിച്ച് നിര്‍ത്താന്‍ ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു.

ഭാരത് ജോഡോ യാത്രക്ക് പിറകെ കോണ്‍ഗ്രസ്സ് അനുകൂല വോട്ടര്‍മാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പഴയ മൈസൂരുവില്‍ നടത്തിയ പദയാത്രയും വിജയിച്ചു. നേരത്തേ കൊവിഡ് കാരണം നിര്‍ത്തിവെച്ച പദയാത്ര, ഭാരത് ജോഡോ യാത്രക്ക് ശേഷം വീണ്ടും സംഘടിപ്പിച്ചത് കോണ്‍ഗ്രസ്സിന് മൈലേജ് നല്‍കി എന്ന് തന്നെ പറയാം. ഇതോടൊപ്പം ദാവംഗരെയില്‍ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ ഒരു വിധത്തിലുള്ള അകല്‍ച്ചയും ഇല്ലെന്ന സന്ദേശമാണ് ചടങ്ങിനെത്തിയ രാഹുല്‍ ഗാന്ധി നല്‍കിയത്. ഡി കെയുമായി തനിക്ക് ശത്രുതയില്ലെന്ന് സിദ്ധരാമയ്യ തന്നെ വേദിയില്‍ നിന്ന് പറഞ്ഞു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതില്‍ ഈ പരിപാടി വിജയിച്ചു. അതിനു ശേഷം സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ്സ് നിരവധി യാത്രകള്‍ സംഘടിപ്പിച്ചു. പ്രവിശ്യയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ഈ യാത്രകളിലെല്ലാം ചര്‍ച്ച ചെയ്തു.

ബി ജെ പിയുടെ സ്ഥാനാര്‍ഥി നിര്‍ണയം
മത്സരം ജയിക്കാന്‍ നമ്മുടെ ശക്തി മാത്രമല്ല എതിരാളികളുടെ ദൗര്‍ബല്യവും പ്രധാനമാണ് എന്ന സന്ദേശം കോണ്‍ഗ്രസ്സിന്റെ വിജയത്തില്‍ പ്രകടമാണ്. നേതൃത്വമില്ലായ്മയും ഭരണവിരുദ്ധ തരംഗവും തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാല്‍ പൊറുതിമുട്ടിയ ബി ജെ പി ടിക്കറ്റ് വിതരണത്തിലും കൈപ്പൊള്ളിയ അവസ്ഥയിലായിരുന്നു. ഷെട്ടാറിന് ടിക്കറ്റ് നല്‍കാത്തത് ലിംഗായത്തുകള്‍ക്കുള്ള അപമാനമായി ചിത്രീകരിക്കപ്പെട്ടു. ബി ജെ പിക്ക് ലഭിച്ചു കൊണ്ടിരുന്ന നല്ലൊരു ശതമാനം ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചു.

ജെ ഡി എസിന്റെ നിലപാടില്ലായ്മ
പാര്‍ട്ടിയുടെ നിലപാടില്ലായ്മ കാരണം പരമ്പരാഗതമായി ജെ ഡി എസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ഏറെയും ഇത്തവണ കോണ്‍ഗ്രസ്സിനെ സഹായിച്ചു. കോണ്‍ഗ്രസ്സിനൊപ്പവും ബി ജെ പിയോടൊപ്പവും തരാതരം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്ത എച്ച് ഡി കുമാരസ്വാമിയുടെ പാര്‍ട്ടിയായ ജെ ഡി എസിന് പാര്‍ട്ടി രൂപവത്കരിച്ച 1999ന് ശേഷം ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ സീറ്റുകളാണ് ഇത്തവണ കിട്ടിയത്.

 

 

Latest