Connect with us

Ongoing News

മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി ; കുപ്പിവെള്ളം ബസില്‍ സൂക്ഷിച്ചതിന്റെ പേരില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്ന് കോടതി

Published

|

Last Updated

കൊച്ചി |  ബസിന്റെ മുന്‍വശത്ത് കുപ്പി വെള്ളം സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത് മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ നടപടി. സ്ഥലം മാറ്റ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ജയ്‌മോനെ പൊന്‍കുന്നം ഡിപ്പോയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചു.

അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. പൊന്‍കുന്നത്തു നിന്ന് തിരുവനന്തപുരം വരെ തുടര്‍ച്ചയായി ഡ്രൈവ് ചെയ്യേണ്ട സാഹചര്യത്തിലാണ് ശുദ്ധജലം വാഹനത്തിന്റെ മുന്‍പില്‍ സൂക്ഷിച്ചതെന്നായിരുന്നു ജയ്‌മോന്റെ വാദം. വാഹനം തടഞ്ഞു നിര്‍ത്തി മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലം മാറ്റമുണ്ടായതെന്നും ഹരജിക്കാരന്‍ പറഞ്ഞു.

എന്നാല്‍ ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന സര്‍ക്കുലര്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റത്തില്‍ മന്ത്രിക്കു പങ്കില്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ വാദിച്ചത്. കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയി എന്ന പരാതിയിലും ജീവനക്കാരെ സ്ഥലം മാറ്റാറുണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ മുന്‍ഭാഗത്ത് രണ്ട് പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം സൂക്ഷിച്ചതിന്റെ പേരിലാണ് മരങ്ങാട്ടുപിള്ളി സ്വദേശി ജയ്‌മോനെ സ്ഥലം മാറ്റിയത്. നടപടി ചോദ്യം ചെയ്ത് ജയ്‌മോന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest