Connect with us

Kerala

വി സിമാരുടെ കൂട്ടരാജി ആവശ്യം: തെറ്റുതിരുത്താന്‍ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു; ഗവര്‍ണര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം

.ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലായിരുന്ന കാലത്ത് നിയമ വിരുദ്ധമായ കാര്യങ്ങള്‍ നടന്നപ്പോള്‍ അത് തുറന്ന് കാട്ടിയത് പ്രതിപക്ഷമാണ്.

Published

|

Last Updated

തിരുവനന്തപുരം |  ഒന്‍പത് സര്‍വകലാശാല വി സിമാരോടും നാളെ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ അസാധാരണ നടപടിക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്ത തെറ്റ് തിരുത്താന്‍ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂര്‍ണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സിലര്‍മാരാക്കിയതെന്നും സതീശന്‍ ആരോപിച്ചു.

യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തി വൈസ് ചാന്‍സിലര്‍മാരെ നിയമിച്ച സര്‍ക്കാര്‍ നടപടിക്കുള്ള തിരിച്ചടിയാണ് ഗവര്‍ണറുടെ തീരുമാനം.ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലായിരുന്ന കാലത്ത് നിയമ വിരുദ്ധമായ കാര്യങ്ങള്‍ നടന്നപ്പോള്‍ അത് തുറന്ന് കാട്ടിയത് പ്രതിപക്ഷമാണ്. ലക്ഷകണക്കിന് കുട്ടികളുടെ ഭാവി തുലാസില്‍ ആക്കിയുള്ള കളികളാണ് ഇരുകൂട്ടരും ചേര്‍ന്ന് നടത്തിയത്. അന്ന് പ്രതിപക്ഷം പറഞ്ഞത് ഇന്ന് ഗവര്‍ണര്‍ അംഗീകരിച്ചു. വൈകിയ വേളയിലാണെങ്കിലും ഗവര്‍ണര്‍ തെറ്റ് തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു- വി ഡി സതീശന്‍ പറഞ്ഞു

കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂര്‍, കാലടി, സാങ്കേതിക സര്‍വകലാശാല, കാലിക്കറ്റ്, മലയാളം സര്‍വകലാശാലാ വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.

 

Latest