Connect with us

Kerala

വന്ദേഭാരത് എക്സ്‍പ്രസ് കാസർകോട് വരെ നീട്ടി; ട്രാക്കുകൾ പരിഷ്കരിക്കുമെന്നും റെയിൽവേ മന്ത്രി

സിൽവർലൈൻ അടഞ്ഞ അധ്യായമാണെന്ന് പറയാനാകില്ലെന്നും അശ്വിനി വൈഷ്ണവ്

Published

|

Last Updated

ന്യൂഡൽഹി | കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് കാസർകോഡ് വരെ സർവീസ് നീട്ടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈശ്ണവ്. വന്ദേഭാരത് ഓടിക്കുന്നതിനായി ട്രാക്കുകകൾ പരിഷ്കരിക്കുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

നിരവധിപേരുടെ അഭ്യർഥന മാനിച്ചാണ് ട്രെയിൻ സർവീസ് കാസർകോഡ് വരെ നീട്ടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വന്ദേ ഭാരത് എക്സ്പ്രസിന്റെ വേഗം കൂട്ടാനും നടപടി സ്വീകരിക്കും. ട്രാക്കിലെ വളവുകൾ പൂർണമായും നിവർത്തും. ഇതിനായി സ്ഥലം ഏറ്റെടുക്കും. ഘട്ടം ഘട്ടമായാണ് ട്രാക്ക് നവീകരണം പൂർത്തിയാക്കുക. ആദ്യഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വന്ദേഭാരത് എക്സ്പ്രസിന്റെ ഇപ്പോഴത്തെ വേഗം 70 മുതൽ 110 കിലോമീറ്റർ വരെയാണ്. ഒന്നര വർഷത്തിനുള്ളിൽ വേഗത മണിക്കൂറിൽ 110 കിലോമീറ്ററാക്കും. അതിനുശേഷം 130 കിലോമീറ്റായി ഉയർത്തും. ഭാവിയിൽ 160 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ വന്ദേഭാരതിന്റെ ഒരു സർവീസാണ് ഉണ്ടാകുക. ഭാവിയിൽ കൂടുതൽ സർവീസുകൾ അനുവദിക്കും. വർക്കല റെയിൽവെ സ്റ്റേഷൻ വികസനത്തിനായി 170 കോടി രൂപ അനുവദിക്കും. തിരുവനന്തപുരം, നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ നവീകരണത്തിന് 166 കോടി രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.

കേരള സർക്കാറിന്റെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ സിൽവർലൈൻ അടഞ്ഞ അധ്യായമാണെന്ന് പറയാനാകില്ലെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സിൽവർ ലൈനിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 14നാണ് കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് ആദ്യമായി എത്തിയത്. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14ാമത്തെയും വന്ദേഭാരത് ട്രെയിനാണ് ഇത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് നിലവിൽ ട്രെയിൻ സർവീസ് നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ കാസർകോഡ് വരെ നീട്ടിയത്.

Latest