Connect with us

pc goerge's hate speech

പി സി ജോർജ് വിഷയത്തിൽ വി മുരളീധരന്റെ ഇടപെടൽ; വെളിപ്പെടുന്നത് സംഘപരിവാർ ഗൂഢാലോചന- ഡി വൈ എഫ് ഐ

പി സി ജോർജിന്റെ 'ചുരുളി'നാവ് സംഘപരിവാർ വിലക്കെടുത്തിരിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | ഭരണഘടന വിഭാവനം ചെയ്യുന്ന  മതവിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന മതേതരത്വം അടിസ്ഥാനഘടന ആയിട്ടുള്ള ഇന്ത്യയാണ് നമ്മുടെതെന്നും  അത് സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള കേന്ദ്രമന്ത്രി ഒരു മതവിഭാഗത്തെ അപകീർത്തിപ്പെടുത്തി കലാപം ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോർജിന് അനുഭാവവുമായി തിരുവനന്തപുരം എ ആർ ക്യാമ്പിൽ എത്തിയ സംഭവം ആരെയും ഞെട്ടിക്കുന്നതാണെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അറസ്റ്റിനെതിരെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കാൻ ബാധ്യതയുള്ളയാളാണെന്നും ഡി വൈ എഫ് ഐ അഭിപ്രായപ്പെട്ടു.

പി സി ജോർജിന്റെ നാവിൽ നിന്ന് വന്നതൊന്നും യാദൃശ്ചികല്ലെന്നും സംഘപരിവാർ തിരക്കഥയിലെ ആട്ടക്കാരനായിരുന്നു ജോർജെന്നും തെളിയിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പിന്തുണ. നാട്ടിൽ കലാപ കലുഷിതമായ അന്തരീക്ഷം വിതക്കാൻ പി സി ജോർജുമാരെ നിയോഗിക്കുന്നത് കേന്ദ്ര സർക്കാറും ബി ജെ പിയും നേരിട്ടാണെന്ന് മുരളീധരന്റെ ഈ സന്ദർശനം അടിവരയിടുന്നു. പി സി ജോർജിന്റെ ‘ചുരുളി’നാവ് സംഘപരിവാർ വിലക്കെടുത്തിരിക്കുകയാണ്. കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കി കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി പലവട്ടം പയറ്റി തോറ്റതാണ്.

ബി ജെ പിക്ക് സഖ്യകക്ഷികളില്ലാതിരുന്ന കേരളത്തിൽ സാമുദായിക സംഘടനകളുടെ രാഷ്ട്രീയപാർട്ടി ഉണ്ടാക്കി വോട്ട് നേടാൻ നടത്തിയ നീക്കമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോൾ ഈ മണ്ണിൽ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാം എന്ന ഗുജറാത്തി കുറുക്കൻമാരുടെ ഗൂഢാലോചനയാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലൂടെ വ്യക്തമാകുന്നത്. വി മുരളീധരൻ നടത്തിയത് സത്യപ്രതിഞ്ജ ലംഘനമാണ്. വി മുരളീധരന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടി.

Latest