International
ഇന്ത്യയുമായുള്ള വ്യാപാരം 'ഏകപക്ഷീയ ദുരന്ത'മെന്ന് ട്രംപ്
അമേരിക്ക ഇന്ത്യയുമായി വളരെ കുറച്ചു വ്യാപാരം മാത്രമേ നടത്തുന്നുള്ളൂവെന്നും എന്നാൽ ഇന്ത്യയുടെ ഏറ്റവും വലിയ 'ക്ലയന്റ്' ആണ് അമേരിക്കയെന്നും ട്രംപ് സാമൂഹിക മാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.

വാഷിംഗ്ടൺ | പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാരത്തെ ‘ഏകപക്ഷീയ ദുരന്തം’ എന്ന് വിശേഷിപ്പിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇന്ത്യയുമായി വളരെ കുറച്ചു വ്യാപാരം മാത്രമേ നടത്തുന്നുള്ളൂവെന്നും എന്നാൽ ഇന്ത്യയുടെ ഏറ്റവും വലിയ ‘ക്ലയന്റ്’ ആണ് അമേരിക്കയെന്നും ട്രംപ് സാമൂഹിക മാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
“വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ, ഇന്ത്യയുമായി ഞങ്ങൾ വളരെ കുറഞ്ഞ കച്ചവടം മാത്രമേ ചെയ്യുന്നുള്ളൂ, എന്നാൽ അവർ ഞങ്ങളുമായി വൻതോതിൽ കച്ചവടം ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ ഞങ്ങൾക്ക് വലിയ തോതിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നു, അവരുടെ ഏറ്റവും വലിയ ‘ക്ലയന്റ്’ ആണ് ഞങ്ങൾ. എന്നാൽ, ഞങ്ങൾ അവർക്ക് വളരെ കുറച്ച് മാത്രമേ വിൽക്കുന്നുള്ളൂ. ഇത് ഒരു ഏകപക്ഷീയ ബന്ധമാണ്, ദശാബ്ദങ്ങളായി ഇങ്ങനെ തുടരുന്നു.” – ട്രംപ് പറഞ്ഞു.
ഇന്ത്യ ഉയർന്ന താരിഫ് ചുമത്തുന്നതിനാൽ തങ്ങളുടെ ബിസിനസുകൾക്ക് ഇന്ത്യയിലേക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ലെന്നും ട്രംപ് ആരോപിച്ചു. റഷ്യയിൽ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണയും സൈനിക ഉൽപ്പന്നങ്ങളും വാങ്ങുന്നതെന്നും, ഇപ്പോൾ താരിഫ് കുറയ്ക്കാൻ അവർ തയ്യാറാണെങ്കിലും അത് വൈകിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെമോക്രാറ്റുകളുടെ വിമർശനം
ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ അമേരിക്കയിൽ ഡെമോക്രാറ്റുകൾ ശക്തമായി രംഗത്തെത്തി. ചൈനയുടെ സ്വാധീനം ചെറുക്കാൻ തന്ത്രപരമായ പങ്കാളിയായി യു.എസ്. കണ്ടിരുന്ന ഇന്ത്യയുമായുള്ള ബന്ധം ട്രംപ് നശിപ്പിക്കുകയാണെന്ന് അവർ ആരോപിച്ചു. ഡെമോക്രാറ്റുകൾ യു എസ് ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ ട്രംപിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഇന്ത്യയ്ക്ക് മാത്രം താരിഫ് ചുമത്തി അമേരിക്കക്കാർക്ക് ദോഷമുണ്ടാക്കുകയും ഇന്ത്യ-യു എസ് ബന്ധം തകർക്കുകയും ചെയ്യുകയാണെന്ന് അവർ പറഞ്ഞു.
റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരിൽ ഒരാളായ ചൈനയ്ക്ക് സമാനമായ നടപടികൾ നേരിടേണ്ടി വരുന്നില്ലെന്നും, അതിനാൽ ഇത് ഉക്രെയ്‌നുമായി ബന്ധപ്പെട്ടതല്ലെന്നും ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടി.
വ്യാപാരക്കരാറിനെതിരെ ഇന്ത്യൻ സിവിൽ സമൂഹം
ഇന്ത്യ-യു എസ് ഉഭയകക്ഷി വ്യാപാരക്കരാർ ‘ന്യായമായ വ്യാപാരത്തെ’ക്കുറിച്ചല്ല, മറിച്ച് വാഷിംഗ്ടണിന്റെ സാമ്പത്തിക, ഭൂരാഷ്ട്രപരമായ താൽപ്പര്യങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ വിദേശ-ആഭ്യന്തര നയങ്ങൾ മാറ്റിയെടുക്കാനുള്ള ശ്രമമാണെന്ന് ‘ഫോറം ഫോർ ട്രേഡ് ജസ്റ്റിസ്’ എന്ന സംഘടനകളുടെ കൂട്ടായ്മ ആരോപിച്ചു.
ചർച്ചകളിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും, നീണ്ടുനിൽക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങളും വികസനവും പരിസ്ഥിതി സംരക്ഷണവും മനസ്സിൽ വെച്ചുകൊണ്ട് ഉറച്ച നിലപാടെടുക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ചൈന ഇന്ത്യയേക്കാൾ കൂടുതൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അവർക്ക് താരിഫ് ഭീഷണിയില്ലെന്നും, ഇന്ത്യ ഇതിൽ നിന്ന് ഒരു പാഠം ഉൾക്കൊള്ളണമെന്നും ഫോറം നിർദേശിച്ചു.