Editorial
അവ്യക്തമായ കുറിപ്പടിക്ക് അറുതിവേണം
കുറിപ്പടി കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലുകള്‍ അടിക്കടി നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നുണ്ടോയെന്ന നിരീക്ഷണമോ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടിയോ ഉണ്ടാകുന്നില്ല. രോഗിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഇത്തരം നടപടിയില്‍ ബന്ധപ്പെട്ടവര്‍ ഉദാസീനത കാണിക്കരുത്.
ആധുനിക വൈദ്യശാസ്ത്രം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുമ്പോഴും, ചികിത്സയുടെ അടിസ്ഥാന രേഖയായ ഡോക്ടര്‍മാരുടെ കുറിപ്പടി രോഗിക്ക് വായിക്കാനാകാത്ത രഹസ്യ ലിപിയായി തുടരുകയാണിപ്പോഴും. ഇംഗ്ലീഷില്‍ അപാര പരിജ്ഞാനമുണ്ടാകാമെങ്കിലും ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് ഷീട്ട് വായിക്കണമെങ്കില്‍ അപാര സിദ്ധി തന്നെ വേണം.
മരുന്ന് ഷീട്ടിലെ കൈയക്ഷരം നന്നാക്കാന്‍ സര്‍ക്കാറും കോടതികളും ഐ എം എയും ശ്രമിച്ചിട്ടും വിജയിച്ചിട്ടില്ല. ‘വായിക്കാന്‍ കഴിയാത്ത കൈയക്ഷരമുള്ള വിദ്യാര്‍ഥി ഡോക്ടറാകു’മെന്ന തമാശ തന്നെ പ്രചാരത്തിലുണ്ട്. ഈ സാഹചര്യത്തില്‍ മരുന്ന് ഷീട്ടടക്കം മെഡിക്കല്‍ സംബന്ധമായ കുറിപ്പുകളെല്ലാം വ്യക്തമായും വായിക്കാവുന്ന രീതിയിലും എഴുതണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍ എം സി). ദേശവ്യാപകമായി എല്ലാ ഡോക്ടര്‍മാര്‍ക്കും ബാധകമാണ് ഈ നിര്‍ദേശം.
കുറിപ്പടിയിലെ വ്യക്തതക്കുറവ് വരുത്തിവെക്കുന്ന പ്രശ്നത്തെക്കുറിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു ഹരജിയില്‍ ഹരിയാന- പഞ്ചാബ് ഹൈക്കോടതി നാഷനല്‍ മെഡിക്കല്‍ കമ്മീഷന് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന പൗരന്റെ ആരോഗ്യാവകാശത്തിലെ ഒഴിച്ചു കൂടാനാകാത്ത അവകാശമാണ് വ്യക്തമായ കുറിപ്പടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. മരുന്ന് ഷീട്ടുകള്‍ എഴുതേണ്ടത് എങ്ങനെയെന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. ഇതടിസ്ഥാനത്തില്‍ കുറിപ്പടിയിലെ വ്യക്തതയും വൃത്തിയും പാഠ്യവിഷയമാക്കാനും എന്‍ എം സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും സമിതി രൂപവത്കരിക്കാനും ഉത്തരവുണ്ട്. 2014ല്‍ മദ്രാസ് ഹൈക്കോടതിയും വിവിധ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
കൈയെഴുത്ത് മോശമായതു കൊണ്ടല്ല പല ഡോക്ടര്‍മാരുടെയും കുറിപ്പടിയിലെ അവ്യക്തത. ചിലപ്പോള്‍ ആശുപത്രികളിലെ തിരക്ക് മൂലമാകാം. സമയക്കുറവ് അവര്‍ക്ക് ന്യായീകരണമായി പറയാം. എന്നാല്‍ രോഗിയുടെ ജീവനേക്കാള്‍ വലുതല്ല ഇതൊന്നും. മെഡിക്കല്‍ ഷോപ്പുകളുമായുള്ള ഒത്തുകളി മൂലം കുറിപ്പടി അവ്യക്തമാക്കുന്നവരുമുണ്ട് ഡോക്ടര്‍മാര്‍ക്കിടയില്‍. അവര്‍ നിര്‍ദേശിക്കുന്ന ഫാര്‍മസിയിലുള്ളവര്‍ക്ക് മാത്രമേ മരുന്നേതെന്ന് മനസ്സിലാക്കാനാകൂ. മറ്റേത് മെഡിക്കല്‍ ഷോപ്പുകാര്‍ക്കും വായിച്ചെടുക്കുക പ്രയാസമാണ്. അഥവാ മരുന്ന് നല്‍കിയാല്‍ പിഴവ് സംഭവിക്കാനും തെറ്റായ ഡോസ് നിര്‍ദേശിക്കാനും സാധ്യതയുണ്ട്. ഇത് രോഗിയുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തും. മരുന്നുകളിലെയോ ഉപയോഗത്തിലെയോ ചെറിയ പിഴവ് പോലും സ്ഥിരം രോഗികള്‍, പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ ജീവാപായത്തിന് കാരണമായേക്കാം.
അവ്യക്തമായ കുറിപ്പടികളില്‍ ഫാര്‍മസിസ്റ്റുകള്‍ മരുന്നുകള്‍ മാറിനല്‍കിയ സംഭവങ്ങള്‍ ധാരാളം റിപോര്‍ട്ട് ചെയ്യപ്പെട്ടതാണ്. മൂത്രവര്‍ധനവിനുള്ള മരുന്നിനു പകരം അസിഡിറ്റിക്കുള്ള മരുന്ന് നല്‍കുകയുണ്ടായി ചില ഫാര്‍മസികള്‍. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിക്ക് എഴുതിയ ആന്റിബയോട്ടിക് മരുന്നായ രഹീൃമാുവലിശരീഹ വായിച്ചത് മലേറിയക്കുള്ള മരുന്നായ രഹീൃീൂൗശില എന്നാണ്. ഒരു സ്വകാര്യ ആശുപത്രിയില്‍ വയോധികന് എഴുതിയ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നിനു പകരം നല്‍കിയത് ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനുള്ള മരുന്നാണ്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് അപകടകരമായ തോതില്‍ കുറയുകയും അടിയന്തര ചികിത്സക്ക് വിധേയനാക്കേണ്ടി വരികയും ചെയ്തു.
വ്യക്തമായ കുറിപ്പടി ഡോക്ടര്‍മാരുടെ ഔദാര്യമല്ല, രോഗിയുടെ അവകാശമാണ്. ഡോക്ടര്‍മാരില്‍ വിശ്വാസമര്‍പ്പിച്ചാണ് രോഗി അവരെ സമീപിക്കുന്നത്. ആ വിശ്വാസം നിലനിര്‍ത്താന്‍ സഹായകമാകണം ഡോക്ടറുടെ പെരുമാറ്റവും മരുന്ന് കുറിപ്പടിയും. കുറിപ്പടി രോഗിക്കും ചിലപ്പോള്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പോലും വായിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഡോക്ടറിലുള്ള വിശ്വാസത്തെ തന്നെ അത് ബാധിക്കുന്നു. താന്‍ കഴിക്കുന്ന മരുന്ന് ഏതെന്നറിയാന്‍ രോഗിക്ക് അവകാശമുണ്ട്. ഇക്കാര്യം കോടതികള്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയതാണ്. എഴുത്തില്‍ വ്യക്തത വരുത്തണമെന്ന് കോടതികളുടെയും മെഡിക്കല്‍ കൗണ്‍സിലിന്റെയും നിര്‍ദേശമുണ്ടായിരിക്കെ വ്യാപകമായി അത് അവഗണിക്കപ്പെടുന്നത് പൊതുജനാരോഗ്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്.
ഇ-പ്രിസ്‌ക്രിപ്ഷന്‍ സംവിധാനവും മെഡിക്കല്‍ കൗണ്‍സിലിന്റെ ശക്തമായ ഇടപെടലുമാണ് ഇതിന് പരിഹരം. മരുന്ന് കുറിപ്പടി കമ്പ്യൂട്ടറില്‍ തയ്യാറാക്കുമ്പോള്‍ അവ്യക്തത സംഭവിക്കുന്നില്ല. പല സ്വകാര്യ ആശുപത്രികളിലും ചുരുക്കം സര്‍ക്കാര്‍ ആശുപത്രികളിലും ഇ-പ്രിസ്‌ക്രിപ്ഷന്‍ സംവിധാനമാണുള്ളത്. ഇത് വ്യാപകമാക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ സ്വകാര്യ ആശുപത്രികളിലും ഇത് നടപ്പാക്കാനും നടപടി സ്വീകരിക്കണം. കുറിപ്പടി കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലുകള്‍ അടിക്കടി നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നുണ്ടോയെന്ന നിരീക്ഷണമോ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടിയോ ഉണ്ടാകുന്നില്ല. രോഗിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഇത്തരം നടപടിയില്‍ ബന്ധപ്പെട്ടവര്‍ ഉദാസീനത കാണിക്കരുത്. ഭരണകൂടവും ഡോക്ടര്‍മാരും പ്രശ്നത്തെ ഗൗരവത്തോടെ കാണുകയും അത്തരം നടപടികളുമായി സഹകരിക്കുകയും വേണം. ഡോക്ടറുടെ കൈയില്‍ നിന്ന് രോഗിയുടെ കൈയിലെത്തുന്ന ഓരോ കുറിപ്പടിയും സുതാര്യതയുടെ, സുരക്ഷിതത്വത്തിന്റെ, മനുഷ്യത്വത്തിന്റെ രേഖയായിരിക്കണം.



