Connect with us

local body election 2025

സീറ്റ് നിലനിർത്താനുറച്ച് യു ഡി എഫ്; തിരിച്ചുപിടിക്കാൻ കച്ചകെട്ടി എൽ ഡി എഫ്

ഡിവിഷൻ രൂപവത്കൃതമായിട്ട് നാളിതുവരെ യു ഡി എഫിനൊപ്പം നിന്ന ചരിത്രമാണ് ഏലംകുളം ഡിവിഷനുള്ളത്.

Published

|

Last Updated

പെരിന്തൽമണ്ണ | ജില്ലാ പഞ്ചായത്ത് ഏലംകുളം ഡിവിഷനിൽ ഇത്തവണ പോരാട്ടം കനക്കും. അരക്കുപറമ്പ്, താഴെക്കോട് ഗ്രാമപഞ്ചായത്ത്, ആനമങ്ങാട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്, തൂത, കുന്നക്കാവ്, ഏലംകുളം ഗ്രാമപഞ്ചായത്ത് എന്നിവ അടങ്ങുന്നതാണ് ഏലംകുളം ഡിവിഷൻ.

ഡിവിഷൻ രൂപവത്കൃതമായിട്ട് നാളിതുവരെ യു ഡി എഫിനൊപ്പം നിന്ന ചരിത്രമാണ് ഏലംകുളം ഡിവിഷനുള്ളത്. അരക്കുപറമ്പ്, താഴെക്കോട്, ആനമങ്ങാട്, ആലിപ്പറമ്പ്, തൂത എന്നിവിടങ്ങൾ യു ഡി എഫിന്റെ വോട്ടുകേന്ദ്രങ്ങളാണ്.
ഡിവിഷനിൽ നിന്ന് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തന മികവ് തെളിയിച്ച സാജിത സലാമിനെയാണ് മുസ്്ലിം ലീഗ് സ്ഥാനാർഥിയായി യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. നിലവിൽ പെരിന്തൽമണ്ണ തൂതയിലെ ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. മികച്ച സമൂഹിക- സാംസ്‌കാരിക പ്രവർത്തക കൂടിയായ ഇവർ ആദ്യമായാണ് മത്സരരംഗത്തിറങ്ങുന്നത്. പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്്ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയായ അഡ്വ. എസ് അബ്ദുസ്സലാമിന്റെ ഭാര്യയാണ്.

അതേസമയം, ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജന്മദേശമായ ഏലംകുളം പഞ്ചായത്ത് ഉൾപ്പെടുന്ന ഏലംകുളം ഡിവിഷനിൽ നിന്ന് എൽ ഡി എഫിന് വേണ്ടി സി പി ഐ സ്ഥാനാർഥി അരിവാൾ നെൽക്കതിർ അടയാളത്തിൽ പെരിന്തൽമണ്ണ ബാറിലെ അഡ്വ. പി അഞ്ജനയാണ് മത്സരരംഗത്തുള്ളത്. എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി അംഗവും പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റുമാണ്. സി പി ഐ ആനമങ്ങാട് ബ്രാഞ്ച് അംഗം കൂടിയായ ഇവർക്കും ഇത് കന്നിയങ്കമാണ്. ആനമങ്ങാട് സ്വദേശിനിയാണ്.

എൻ ഡി എ സ്ഥാനാർഥി ബി ജെ പിയിലെ മണലായ സ്വദേശിനിയായ രചന സജീവാണ് താമര അടയാളത്തിൽ മത്സരരംഗത്തുള്ളത്. ബി ജെ പി ഏലംകുളം മണ്ഡലം വൈസ് പ്രസിഡന്റാണ്. കൂടാതെ, എം കെ ഷാഹിന കണ്ണട അടയാളത്തിൽ എസ് ഡി പി ഐ സ്ഥാനാർഥിയായി രംഗത്തുണ്ട്. 2020ൽ ഇവിടെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന കെ ടി അശ്റഫ് എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന ടി പി അഫ്സലിനെ 2,426 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു.

ഇത്തവണ ഡിവിഷനിൽ കനത്ത മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. എൽ ഡി എഫ് ഈ മാസം അഞ്ചിന് ഏലംകുളത്ത് നിന്ന് മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും പങ്കെടുപ്പിച്ച് വോട്ടഭ്യർഥിക്കാനുള്ള സംഗമ വേദിയൊരുക്കുന്നുണ്ട്. നാളിതുവരെ യു ഡി എഫിനൊപ്പം നിന്ന് ഡിവിഷൻ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ് എൽ ഡി എഫ്.

Latest