Kerala
യു ഡി എഫും ബി ജെ പിയും സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: പിണറായി
'കിഫ്ബി വികസന പദ്ധതികള്‍ ഇപ്പോള്‍ 90,000 കോടിയുടേതായി.' കേരളം സാമ്പത്തിക പ്രതിസന്ധിയിലും കടക്കണിയിലുമാണെന്ന് നുണപ്രചാരണം നടത്തുകയാണ് യു ഡി എഫും ബി ജെ പിയും

പത്തനംതിട്ട | സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് യു ഡി എഫും ബി ജെ പിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിനെതിരെ രാവിലെ യു ഡി എഫ് കെട്ടിച്ചമച്ച നുണ പറയും. ഉച്ചയ്ക്ക് ബി ജെ പി ഏറ്റുപറയും. രണ്ടു കൂട്ടര്‍ക്കും ഒപ്പം നിന്ന് സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ മറച്ചു പിടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.
അടുത്ത തവണ അധികാരം കിട്ടിയാല്‍ ആരൊക്കെയാകണം അധികാരം പങ്കിടേണ്ടതെന്നാണ് വികസനവിരുദ്ധര്‍ ചിന്തിക്കുന്നത്. സര്‍ക്കാര്‍ ആ സമയത്ത് വികസന പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധിച്ചത്. അതുകൊണ്ടാണ് രണ്ടാമതും എല്‍ ഡി എഫിന് വര്‍ധിത വീര്യത്തോടെ അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. എന്നിട്ടും സര്‍ക്കാറിനെതിരെ ഇടവേളയില്ലാതെ നാട് തകരട്ടെ എന്നാഗ്രഹിച്ചുകൊണ്ട് നുണ പ്രചാരണം നടത്തുകയാണ്.
2016 വരെയുള്ള സംസ്ഥാനത്തിന്റെ അവസ്ഥ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഖജനാവില്‍ പണമില്ല എന്നതായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ അമ്പതിനായിരം കോടിയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന ഏറ്റെടുത്തത്. അഞ്ചു വര്‍ഷം കൊണ്ട് 62,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി. ഇപ്പോള്‍ 90,000 കോടിയുടേതായി. നല്ല റോഡുകളും പാലങ്ങളും സ്‌കൂളുകളും ആശുപത്രികളുമുണ്ടായി. ഈ വര്‍ഷം നവംബറോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നത്. കേരളം വളരരുത് എന്ന ചിന്തയോടെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കിയിട്ടും നമ്മള്‍ കരകയറി.
കേരളം സാമ്പത്തിക പ്രതിസന്ധിയിലും കടക്കണിയിലുമാണെന്ന് നുണപ്രചാരണം നടത്തുകയാണ് യു ഡി എഫും ബി ജെ പിയും ചെയ്യുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം എല്‍ എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, മാത്യു ടി തോമസ്, സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സംസ്ഥാന സമിതിയംഗം കെ പി ഉദയഭാനു, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പങ്കെടുത്തു.