Connect with us

kanthapuram

യു എ ഇ യൂണിയന്‍ ദിനാഘോഷം വെള്ളിയാഴ്ച; കാന്തപുരം സംബന്ധിക്കും

കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ദുബൈ | ഇമാറാത്തുകളുടെ ഐക്യപ്പിറവിക്ക് 52 ആണ്ടുകള്‍ പൂര്‍ത്തിയാവുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച ദുബൈ അല്‍ വാസല്‍ ക്ലബ്ബില്‍ യൂണിയന്‍ ദിനാഘോഷം നടക്കും. ഇരു രാജ്യങ്ങള്‍ തമ്മിലെ ഊഷ്മള സൗഹൃദത്തിന്റെയും യു എ ഇയോടുള്ള കടപ്പാടിന്റെയും അവിസ്മരണീയ വേദിയായി മാറുന്ന ചടങ്ങ് ഐ സി എഫ് നാഷണല്‍ കമ്മിറ്റിയാണ് ഒരുക്കുന്നത്.

വൈകിട്ട് 7.30 ആരംഭിക്കുന്ന ചടങ്ങില്‍, ഇടവേളക്ക് ശേഷം യു എ ഇയില്‍ എത്തിയ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അറബ് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് സി എം ഡി പത്മശ്രീ എം എ യൂസുഫലി മുഖ്യാതിഥിയായിരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അറബ് പൗരപ്രമുഖര്‍, പ്രമുഖ പണ്ഡിതര്‍, സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന ‘വിശ്വാസപൂര്‍വം’ എന്ന ആത്മകഥയുടെ കവര്‍ പ്രകാശനം ചടങ്ങില്‍ നടക്കും. പരിപാടിയുടെ വിജയത്തിന് അബ്ദുറഹ്മാന്‍ അബ്ദുല്ല ഹാജി ബനിയാസ് സ്‌പൈക്ക് ചെയര്‍മാനും ഡോ. മുഹമ്മദ് ഖാസിം ജനറല്‍ കണ്‍വീനറും ശംസുദ്ധീന്‍ നെല്ലറ ട്രഷററുമായ സ്വാഗതസംഘവും മര്‍കസ്, കെ സി എഫ്, ആര്‍ എസ് സി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സമിതികളും പ്രവര്‍ത്തിക്കുന്നു.

വിവിധ എമിറേറ്റുകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കും. പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഉസ്മാന്‍ സഖാഫി തിരുവത്ര, ശരീഫ് കാരശ്ശേരി, ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, മുനീര്‍ പാണ്ഡ്യാല സംബന്ധിച്ചു.

 

Latest