National
നികുതി വെട്ടിപ്പ് പ്രതിയെ യു എ ഇ ഇന്ത്യക്ക് കൈമാറി
ഹര്‍ഷിത് ബാബുലാല്‍ ജയിന്‍ എന്നയാളെയാണ് സെപ്തംബര്‍ അഞ്ചിന് അഹമ്മദാബാദിലേക്ക് കൊണ്ടുപോയത്. സി ബി ഐ ആണ് ഇക്കാര്യം അറിയിച്ചത്.

ദുബൈ | നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലെ പ്രതിയെ യു എ ഇ ഇന്ത്യക്ക് കൈമാറി. ഹര്‍ഷിത് ബാബുലാല്‍ ജയിന്‍ എന്നയാളെയാണ് സെപ്തംബര്‍ അഞ്ചിന് അഹമ്മദാബാദിലേക്ക് കൊണ്ടുപോയത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേന്‍ (സി ബി ഐ) ആണ് ഇക്കാര്യം അറിയിച്ചത്.
2023 ആഗസ്റ്റില്‍ ഗുജറാത്ത് പോലീസിന്റെ അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചയാളാണ് ജയിന്‍. ഏകദേശം 958 മില്യണ്‍ ദിര്‍ഹമിന്റെ (2,300 കോടി രൂപ) അനധികൃത പണമിടപാടുകള്‍ നടത്തിയ ചൂതാട്ട സംഘത്തിലെ പ്രധാന പ്രതി കൂടിയാണ് ഇയാള്‍. 481 അക്കൗണ്ടുകളിലായി 40 ലക്ഷം ദിര്‍ഹം മരവിപ്പിച്ചതായും 1,500-ല്‍ അധികം അക്കൗണ്ടുകള്‍ക്ക് ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്നും ഗുജറാത്ത് പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നിര്‍ലിപ്ത റായി പറഞ്ഞു.
2023 മാര്‍ച്ചില്‍ അഹമ്മദാബാദിലെ ഒരു വാണിജ്യ സ്ഥാപനത്തില്‍ പോലീസ് നടത്തിയ റെയ്ഡിനു ശേഷം ജയിന്‍ ഒളിവില്‍ പോയിരുന്നു. ഇന്റര്‍പോള്‍ റെഡ് നോട്ടീസിനെ തുടര്‍ന്ന് ദുബൈയില്‍ വച്ചാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന്, 2023 ഡിസംബറില്‍ യു എ ഇ അധികൃതര്‍ക്ക്, കൈമാറാനുള്ള അപേക്ഷ നല്‍കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റര്‍പോള്‍ സഹായത്തോടെ 100-ല്‍ അധികം പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് സി ബി ഐ അറിയിച്ചു.