Ongoing News
ഹോക്കിയില്‍ ഇന്ത്യന്‍ ഗോള്‍മഴ; കസാകിസ്താനെ 15 ഗോളില്‍ മുക്കി
അഭിഷേക്, സുഖ്ജീത് സിങ്, ജുഗ്‌രാജ് സിങ് എന്നിവര്‍ക്ക് ഹാട്രിക്.

രാജ്ഗിര്‍ (ബിഹാര്‍) | ഏഷ്യാ കപ്പ് ഹോക്കിയില്‍ കസാകിസ്താനെ നിലംപരിശാക്കി ഇന്ത്യ. എതിരില്ലാത്ത 15 ഗോളാണ് എതിര്‍ ഗോള്‍ വലയില്‍ ഇന്ത്യ നിക്ഷേപിച്ചത്. രാജ്ഗിറിലെ ബിഹാര്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റി ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന പുരുഷ വിഭാഗം പൂള്‍ എ മത്സരത്തിലായിരുന്നു തകര്‍പ്പന്‍ വിജയം.
മന്ദഗതിയില്‍ തുടങ്ങിയ ഇന്ത്യ അഭിഷേകിന്റെയും സുഖ്ജീത് സിങിന്റെയും ഗോളുകളിലൂടെ നേരത്തെത്തന്നെ കളിയുടെ നിയന്ത്രണം കൈവശപ്പെടുത്തി. അഭിഷേക്, സുഖ്ജീത് സിങ്, ജുഗ്‌രാജ് സിങ് എന്നിവരുടെ ഹാട്രിക്കിനും സ്റ്റേഡിയം സാക്ഷിയായി. അഭിഷേക് നാല് ഗോളാണ് സ്വന്തം പേരിലെഴുതിയത്. 5, 8, 20, 59 മിനുട്ടുകളിലാണ് അഭിഷേക് പന്ത് കസാകിസ്താന്‍ വലയിലെത്തിച്ചത്.
സുഖ്ജീത് 15, 32, 38 മിനുട്ടുകളിലും ജുഗ്‌രാജ് 24, 31, 47 മിനുട്ടുകളിലും സ്‌കോര്‍ ചെയ്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് 26, അമിത് രോഹിദാസ് 29, സഞ്ജയ് 54, ദില്‍പ്രീത് സിങ് 55 മിനുട്ടുകളിലും ഇന്ത്യക്കായി ഗോള്‍ നേടി. പെനാല്‍ട്ടി സ്‌ട്രോക്കിലൂടെ ഹാട്രിക് പൂര്‍ത്തീകരിച്ച ജുഗ്‌രാജ് ഒരു മത്സരത്തില്‍ മൂന്ന് ഗോള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി.