National
ട്രംപിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ; മോദി ഫോണില്‍ സംസാരിച്ചേക്കും
സാഹചര്യം മെച്ചപ്പെട്ടാല്‍ മോദി യു എസ് സന്ദര്‍ശിക്കാനും സാധ്യത.

ന്യൂഡല്‍ഹി | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. ട്രംപുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചേക്കും. സാഹചര്യം മെച്ചപ്പെട്ടാല്‍ മോദി യു എസ് സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം 50 ശതമാനം തീരുവ പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. റഷ്യ, ചൈന രാഷ്ട്രങ്ങളുമായി സൗഹൃദം ശക്തമാക്കുന്ന നീക്കങ്ങള്‍ മോദി നടത്തിയതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഇന്ത്യക്കും റഷ്യക്കും പരിഹാസവുമായി ട്രംപ് രംഗത്തെത്തി. ഇരു രാഷ്ട്രങ്ങളും ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തെത്തിയതായി ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. മൂന്ന് രാജ്യങ്ങള്‍ക്കും സമൃദ്ധി ആശംസിച്ചും ട്രംപ് പരിഹാസം ചൊരിഞ്ഞു. നരേന്ദ്ര മോദി, വ്ളാദിമിര്‍ പുടിന്‍, ഷി ജിന്‍പിങ് എന്നിവരുടെ ഫോട്ടോ സഹിതമായിരുന്നു ട്രംപിന്റെ പോസ്റ്റ്.
എന്നാല്‍ ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റം വരുത്തുന്ന രൂപത്തിലുള്ള പ്രതികരണം ട്രംപ് ഇന്നലെ നടത്തിയിരുന്നു. ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണെന്നും തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നുമാണ് ട്രംപ് നിലപാടു തിരുത്തിയത്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിലാണ് എതിര്‍പ്പെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ് വിശ്വാസമെന്ന് ട്രംപ് പറയുമ്പോള്‍ ഇന്ത്യ സത്യം അഭിമുഖീകരിക്കാന്‍ തയ്യാറല്ലെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ലാഭം ഉണ്ടാക്കാന്‍ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു.