Connect with us

Uae

യു എ ഇ സ്‌കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിച്ചു; വിദ്യാര്‍ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗം

എല്ലാ സ്‌കൂള്‍ കഫ്റ്റീരിയകളിലും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം.

Published

|

Last Updated

അബൂദബി | വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി യു എ ഇയിലെ എല്ലാ സ്‌കൂള്‍ കഫ്റ്റീരിയകളിലും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.

പുതിയ മാര്‍ഗരേഖ അനുസരിച്ച്, സംസ്‌കരിച്ച മാംസങ്ങളായ മോര്‍ട്ടഡെല്ല, സോസേജുകള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, ചോക്ലേറ്റ്, പായ്ക്ക് ചെയ്ത ബിസ്‌ക്കറ്റുകള്‍, ചിപ്‌സ്, കേക്കുകള്‍, കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള പേസ്ട്രികള്‍, ഫ്‌ളേവേഡ് നട്‌സ് എന്നിവ സ്‌കൂളുകളില്‍ വില്‍ക്കാനോ വിദ്യാര്‍ഥികള്‍ കൊണ്ടുവരാനോ പാടില്ല. കടുത്ത അലര്‍ജിയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകടസാധ്യതയുള്ളതിനാല്‍ നിലക്കടലയും നിലക്കടല അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളും നിരോധിച്ചു.

കുട്ടികളില്‍ അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കാരണമാകുമെന്ന അന്താരാഷ്ട്ര ആരോഗ്യ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മോശം ഭക്ഷണം വിദ്യാര്‍ഥികളുടെ ഏകാഗ്രതയെയും അക്കാദമിക് പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

സ്‌കൂളുകള്‍ ആരോഗ്യകരമായ ശീലങ്ങളെ പിന്തുണക്കുന്ന അന്തരീക്ഷമാകണമെന്നും ശരിയായ പോഷകാഹാരം രോഗത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ആദ്യ പടിയാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രഭാതഭക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രാലയം രക്ഷിതാക്കളോട് നിര്‍ദേശിച്ചു. ഇത് കുട്ടികള്‍ക്ക് ഊര്‍ജം നല്‍കുമെന്നും ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ മരുന്നുകള്‍ക്ക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു
അബൂദബി | യു എ ഇയിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് മരുന്ന് നല്‍കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കി. പ്രമേഹം, രക്താതിമര്‍ദം, ആസ്ത്മ, മറ്റ് ദീര്‍ഘകാല രോഗങ്ങള്‍ എന്നിവയുള്ള വിദ്യാര്‍ഥികളുടെ ആരോഗ്യം സംരക്ഷിക്കുക കൂടിയാണ് പുതിയ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, രക്ഷിതാക്കള്‍ വിദ്യാര്‍ഥിയുടെ ആരോഗ്യസ്ഥിതി, മരുന്ന്, അവസ്ഥയെക്കുറിച്ചുള്ള ഔദ്യോഗിക മെഡിക്കല്‍ റിപോര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള കൃത്യമായ ആരോഗ്യ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കണം. മാതാപിതാക്കളുടെ മുന്‍കൂര്‍ സമ്മതമില്ലാതെ മെഡിക്കല്‍ സ്റ്റാഫിന് ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും (അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ) അധികൃതര്‍ വ്യക്തമാക്കി.

 

Latest