National
ജി എസ് ടി പരിഷ്‌ക്കരണം: പരാതികള്‍ പരിഹരിക്കാന്‍ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി
വിളിച്ചത് മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം. സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കുന്നത് ചര്‍ച്ചയാകുമെന്ന് സൂചന.

ന്യൂഡല്‍ഹി | ജി എസ് ടി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ പരിഹരിക്കാന്‍ നാളെ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി. സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കുന്നത് യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
വസ്ത്ര മേഖലയില്‍ നിന്നുള്ളവര്‍, സൈക്കിള്‍ നിര്‍മാതാക്കള്‍, ഇന്‍ഷ്വറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. സൈക്കിളിന്റെ ജി എസ് ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചിട്ടുണ്ടെങ്കിലും നിര്‍മാണ വസ്തുക്കളുടെ ജി എസ് ടിയില്‍ കുറവ് വരുത്തിയിട്ടില്ലെന്നാണ് സൈക്കിള്‍ നിര്‍മാതാക്കളുടെ പരാതി. വസ്ത്രങ്ങള്‍ക്ക് പരിഷ്‌കരണ നടപടി പ്രകാരം 2500 രൂപയ്ക്ക് മുകളില്‍ ഉള്ളവയാണെങ്കില്‍ 18 ശതമാനവും അതിന് താഴെയാണെങ്കില്‍ അഞ്ച് ശതമാനവുമാണ് ജി എസ് ടി. എന്നാല്‍, വസ്ത്ര നിര്‍മാണത്തിനുള്ള ഫാബ്രിക്കിന് അഞ്ച് ശതമാനം ജി എസ് ടിയാണെന്നത് സാങ്കേതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് വസ്ത്ര വ്യാപാരികള്‍ പറയുന്നു.
ധനമന്ത്രി നിര്‍മല സീതാരാമനാണ് ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു ശേഷം പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ട് സ്ലാബുകളിലായിരിക്കും ജി എസ് ടി നിരക്കുകള്‍. അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ക്ക് ജി എസ് ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. 12 ശതമാനം, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കും. പുതിയ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് നിത്യോപയോഗ സാധനങ്ങള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ എന്നിവയ്ക്ക് വില കുറയും. പനീര്‍, വെണ്ണ, ചപ്പാത്തി, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി. 2,500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും നികുതി അഞ്ച് ശതമാനമായി കുറയും. സോപ്പുകള്‍, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, സൈക്കിള്‍, വീട്ടാവശ്യ സാധനങ്ങള്‍, ഗ്ലൂക്കോ മീറ്റര്‍, കണ്ണാടി, സോളാര്‍ പാനലുകള്‍, പാസ്ത, നൂഡില്‍സ്, നെയ്യ്, വെണ്ണ, കോഫി, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ ഈ സ്ലാബില്‍ വരും.
യു എച്ച് ടി പാല്‍, പനീര്‍, ചപ്പാത്തി, റൊട്ടി, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെ ജി എസ് ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. എ സി, 32 ഇഞ്ചിനു മുകളിലുള്ള ടി വി, 1200 സി സിക്ക് താഴെയുള്ള കാറുകള്‍, 350 സി സിക്ക് താഴെ വരുന്ന ബൈക്കുകള്‍, ട്രാക്ടറുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ 18 ശതമാന പരിധിയില്‍ വരും. ബസുകള്‍, ട്രക്കുകള്‍, ആംബുലന്‍സ് എന്നിവക്കും എല്ലാ വാഹന ഭാഗങ്ങള്‍ക്കും 18 ശതമാനമായിരിക്കും ജി എസ് ടി. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാര്‍ട്സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍ എന്നിവക്കും 18 ശതമാനമാണ്.
വ്യക്തിഗത ലൈഫ് ഇന്‍ഷ്വറന്‍സ്, ആരോഗ്യ ഇന്‍ഷ്വറന്‍സിന് എന്നിവക്ക് ജി എസ് ടി ഇല്ല. പുകയില ഉത്പന്നങ്ങള്‍, ആഡംബര വസ്തുക്കള്‍, ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവക്ക് 40 ശതമാനമാണ് ജി എസ് ടി.