Connect with us

Kerala

ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | വര്‍ഗീയതയെ എന്നും എതിര്‍ത്ത ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. മനുഷ്യത്വത്തെക്കാള്‍ വലുതാണ് ജാതിയെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടര്‍ത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങള്‍ വേരുപിടിക്കുകയാണ്. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ എഫ് ബി കുറിപ്പ്:
കേരളീയ നവോത്ഥാനത്തിന്റെ സാരഥ്യത്തില്‍ ഉജ്ജ്വല ശോഭയോടെ തിളങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മലയാളിയെ പഠിപ്പിച്ച ഗുരു പലമതസാരവും ഏകമാണെന്നാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. 1924 ല്‍ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ്വമത സമ്മേളനം മതവൈരമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തെ വിഭാവനം ചെയ്തു.

ഗുരുവും മഹാത്മാ ഗാന്ധിയും തമ്മില്‍ ശിവഗിരി മഠത്തില്‍ നടന്ന പ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും ഈ വര്‍ഷം നൂറു തികയുകയാണ്. ആധുനിക കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങള്‍ക്ക് ചാലകശക്തിയായി മാറാന്‍ ഗുരുചിന്തകള്‍ക്കു കഴിഞ്ഞു. ഗുരുവിന്റെ ദര്‍ശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. സവര്‍ണ്ണ മേല്‍ക്കോയ്മയേയും സാമൂഹ്യതിന്മകളേയും ശക്തമായി ചോദ്യം ചെയ്ത ഗുരു ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും സാമ്പത്തിക ചൂഷണങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാടെടുത്തു.

‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്ന ഗുരുവിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു ഓര്‍മിക്കേണ്ട കാലമാണിത്. മനുഷ്യനെ മനുഷ്യനായി കാണാന്‍, ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറം സാഹോദര്യത്തോടെ ജീവിക്കാന്‍ ഈ വാക്കുകള്‍ പഠിപ്പിക്കുന്നു. സമൂഹത്തില്‍ വര്‍ഗ്ഗീയത പടര്‍ത്തി, മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാള്‍ വലുതാണ് ജാതിയെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടര്‍ത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങള്‍ വേരുപിടിക്കുകയാണ്.

കേരളത്തിന് വെളിച്ചം പകര്‍ന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. വര്‍ഗ്ഗീയതയെ എന്നും എതിര്‍ത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ല. അത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതായിരുന്നു.

നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദര്‍ശനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ എക്കാലവും ചലനാത്മകമാക്കുകയാണ്. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ മതജാതി വര്‍ഗ്ഗീയതയും വിഭജന രാഷ്ട്രീയവും ഉള്‍പ്പെടെ നമുക്കു മുന്നിലിന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും ഈ പ്രതിബന്ധങ്ങള്‍ മുറിച്ചുകടക്കാന്‍ നമുക്ക് ഊര്‍ജ്ജമാവും. ഏവര്‍ക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍.

 

Latest