Connect with us

Articles

വമ്പുണ്ടോ ട്രംപിസം മറികടക്കാന്‍?

ചൈനക്ക് സ്വന്തം താത്പര്യങ്ങളുണ്ട്. രാഷ്ട്രീയത്തിലും സാമ്പത്തികത്തിലും വ്യാപാരത്തിലും. അവര്‍ അത് വിട്ട് ഒരു കളിക്കും നില്‍ക്കില്ല. മോദി സര്‍ക്കാര്‍ എവിടെയാണ് നിന്നിരുന്നതെന്ന കൃത്യമായ ബോധ്യവും അവര്‍ക്കുണ്ട്. സംഘര്‍ഷാവസ്ഥ അയയുന്നതിന്റെ ഗുണമുണ്ടാകുമെന്നല്ലാതെ ഒന്നുമുണ്ടാകാന്‍ പോകുന്നില്ല. എസ് സി ഒ ഉച്ചകോടിയില്‍ നിന്ന് ഉജ്ജ്വലമായ പടങ്ങള്‍ വന്നു. പക്ഷേ, സോളിഡായ ഒരു പ്രഖ്യാപനം പോലും ബീജിംഗില്‍ നിന്നുണ്ടായില്ലല്ലോ.

Published

|

Last Updated

ട്രംപിന്റെ പ്രതികാരച്ചുങ്കത്തില്‍ കോടികളുടെ നഷ്ടം സഹിക്കുന്ന ഇന്ത്യന്‍ കയറ്റുമതിക്കാരും വരുമാന നഷ്ടവും തൊഴില്‍ നഷ്ടവും അനുഭവിക്കുന്നവരും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ട്രംപ് തന്റെ വിശിഷ്ട സുഹൃത്തായ മോദിയോട് ഇത് ചെയ്യാന്‍ മാത്രം അവര്‍ക്കിടയില്‍ എന്ത് പ്രശ്നമാണുണ്ടായത്? ട്രംപ് അധികാരത്തില്‍ വരാന്‍ പൂജകളും വഴിപാടുകളും നടത്തിയ ഹിന്ദുത്വ അനുയായികള്‍ അധിവസിക്കുന്ന ഇന്ത്യയോട് ഇത്ര ക്രൂരമായി പെരുമാറാന്‍ എന്താണ് കാരണം? ചൈന- റഷ്യ- ഇന്ത്യ സഖ്യം, ജപ്പാനുമായി സഹകരണം, ആഭ്യന്തര വിപണി സജീവമാക്കല്‍ തുടങ്ങിയ അവകാശവാദങ്ങള്‍ക്കപ്പുറം ഉടനടി ഈ പ്രതിസന്ധി പരിഹരിക്കാന്‍ എന്തെങ്കിലും വഴി സര്‍ക്കാറിന്റെ കൈയിലുണ്ടോ? അടച്ചുപൂട്ടിയ തിരുപ്പൂരിലെയും നോയിഡയിലെയും സൂറത്തിലെയും ഫാക്ടറികള്‍ എന്ന് തുറക്കും? സത്യമായും ഹിന്ദുത്വയും ട്രംപിസവും വഴിപിരിഞ്ഞോ?

എന്താണ് ട്രംപിനെ പ്രകോപിപ്പിച്ചത് എന്നതിന് ഒരു ഉത്തരം പുറത്തുവന്നിട്ടുണ്ട്. സാധാരണഗതിയില്‍ വലിയ വിലയില്ലാത്ത, എന്നാല്‍ ട്രംപായതിനാല്‍ പ്രധാനമായ ഉത്തരം. സമാധാന നൊബേല്‍ ജേതാവാകണമെന്ന അടങ്ങാത്ത ആഗ്രഹം. അതിന് കൂട്ടുനില്‍ക്കാന്‍ മോദി ഭരണകൂടം തത്കാലം തയ്യാറാകാത്തതുകൊണ്ടാണത്രേ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ചുമത്തി ശിക്ഷിക്കാന്‍ ട്രംപ് ഒരുമ്പെട്ടത്. അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ ബേങ്കും സാമ്പത്തിക സേവന സ്ഥാപനവുമായ ജെഫറീസിന്റെ റിപോര്‍ട്ടിലാണ് ഇക്കാര്യം സമര്‍ഥിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസും ഇത്തരത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്ക അനുഭവിക്കുന്ന കമ്മിയും റഷ്യയുമായുള്ള സഹകരണവുമാണ് പ്രതികാരച്ചുങ്കത്തിന് ന്യായമായി പറയപ്പെട്ടത്. എന്നാല്‍ ഇന്ത്യ- പാക് സംഘര്‍ഷത്തിലടക്കം ഇടപെട്ട് നൊബേല്‍ നോമിനേഷന്‍ നേടുകയായിരുന്നു ട്രംപിന്റെ ലക്ഷ്യമെന്നും അത് പൊളിഞ്ഞതാണ് യഥാര്‍ഥ പ്രശ്‌നമെന്നും ജെഫറീസ് റിപോര്‍ട്ടില്‍ പറയുന്നു.

കെട്ടിപ്പിടിത്തത്തിലും മൈ പ്രണ്ട് വിളിയിലും സൗഹൃദ പ്രകടനങ്ങളിലും അനുയായിക്കൂട്ടങ്ങളുടെ ട്രംപാരാധനയിലും ഒലിച്ചു പോകാത്ത പരമ്പരാഗത വിദേശനയം രാജ്യത്തിനുള്ളത് കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിറകെയുണ്ടായ ഓപറേഷന്‍ സിന്ദൂറിലേക്ക് കടന്നുകയറാനുള്ള യു എസ് നീക്കം പൊളിക്കാന്‍ ഇന്ത്യക്ക് സാധിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് പരസ്പരം പരിഹരിക്കേണ്ട പ്രശ്നങ്ങളാണെന്നത് ദീര്‍ഘകാലമായി തുടരുന്ന ബോധ്യമാണ്. അന്താരാഷ്ട്ര വേദികളിലേക്ക് ഈ വിഷയം വലിച്ചിഴക്കാന്‍ എപ്പോഴൊക്കെ പാകിസ്താന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യ എതിര്‍ത്തിട്ടുണ്ട്. ട്രംപിന് നൊബേല്‍ കൊടുക്കണമെന്ന് പാക് സൈനിക മേധാവിക്ക് പറയാന്‍ സാധിക്കുന്നത് കശ്മീര്‍ വിഷയത്തിലടക്കം പുറത്ത് നിന്നുള്ള ഇടപെടല്‍ വേണമെന്ന നിലപാട് അവര്‍ക്കുള്ളതുകൊണ്ടാണ്.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ ഇത്ര രൂക്ഷമായി ട്രംപ് എതിര്‍ക്കുന്നതിന് പിന്നിലും നൊബേല്‍ സ്വപ്നത്തിന്റെ നിഴലുണ്ട്. യുക്രൈന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ പുടിനുമായി നടത്തിയ ചര്‍ച്ച മൂര്‍ത്തമായ ഒരു ഫലവുമുണ്ടാക്കിയില്ലെന്നത് വല്ലാത്തൊരു ഇച്ഛാഭംഗമാണ് ട്രംപ് ഭരണകൂടത്തിനുണ്ടാക്കിയത്. വാഷിംഗ്ടണില്‍ പുടിന്‍ ചര്‍ച്ചക്ക് വന്നുവെന്നത് വലിയ നേട്ടമായി ട്രംപിന്റെ പി ആര്‍ സംഘം ആഘോഷിച്ചെങ്കിലും ചര്‍ച്ചയിലുടനീളം മേല്‍ക്കൈ പുടിനായിരുന്നു. യുക്രൈനിലെ യുദ്ധവിരാമത്തിന് റഷ്യ മാത്രം വിചാരിച്ചാല്‍ പോരെന്ന് പുടിന്‍ സുവ്യക്തമായി പറഞ്ഞു. റഷ്യക്ക് നേരെയുള്ള നിഴല്‍ യുദ്ധം യൂറോപ്യന്‍ രാജ്യങ്ങളും നാറ്റോയും അവസാനിപ്പിക്കണം. ട്രംപിന്റെ സുഹൃത്തുക്കള്‍ പ്രകോപനമുണ്ടാക്കുന്ന സമീപനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ഉപരോധം മുഴുവന്‍ നീക്കണം. പുടിന്റെ ആജ്ഞാസ്വരമാണ് വൈറ്റ്ഹൗസില്‍ മുഴങ്ങിയത്. ട്രംപ് അസ്വസ്ഥനായിരുന്നു. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തന്റെ വാചാലത മുഴുവന്‍ മാറ്റിവെച്ച് മൃദുഭാഷിയായ ട്രംപിനെയാണ് കണ്ടത്. ഈ തോല്‍വിയുടെ ഈര്‍ഷ്യ തീര്‍ക്കാന്‍ ഇന്ത്യയെയാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ കണ്ടെത്തിയത്. ചൈന റഷ്യയെ പിന്തുണക്കുന്നത് മനസ്സിലാക്കാം; എന്നാല്‍ എന്തിനാണ് റഷ്യന്‍ എണ്ണ വാങ്ങിയും അവരുമായി പ്രതിരോധ കരാറുകളുണ്ടാക്കിയും ഇന്ത്യ ബന്ധം ഉറപ്പിക്കുന്നതെന്നാണ് ട്രംപിന്റെ ചോദ്യം. യുക്രൈന്‍ യുദ്ധം തുടരുന്നതിന് കാരണം ഇന്ത്യയാണത്രെ.

ഇത്ര നിസ്സാരവും വിചിത്രവുമായ കാരണങ്ങളുയര്‍ത്തി ഇന്ത്യക്ക് മേല്‍ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയുടെ കെടുതി കേന്ദ്ര സര്‍ക്കാറും മുഖ്യധാരാ മാധ്യമങ്ങളും പുറത്ത് പറയുന്നതിനേക്കാള്‍ എത്രയോ ഭീകരമാണ്. 48 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നഷ്ടമായിരിക്കും ഹ്രസ്വകാല ആഘാതം. തുണിത്തരങ്ങളുടെ കാര്യത്തില്‍ മാത്രം 37 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് മറ്റൊരു കണക്ക്. ചെമ്മീന്‍ കൃഷി, തുകല്‍ തുടങ്ങിയ മറ്റ് മേഖലകളിലും വന്‍ പ്രഹരമേല്‍ക്കും. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ യു എസിലേക്ക് കയറ്റുമതി ചെയ്തത് 2.4 ബില്യണ്‍ ഡോളറിന്റെ ചെമ്മീനാണ്. മൊത്തം കയറ്റുമതിയുടെ 32.4 ശതമാനം. ആഭരണ, വജ്ര രംഗത്തും വന്‍ തിരിച്ചടിയുണ്ടാകും. ബന്ധം വഷളാകുന്നത് കൊണ്ടുണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങള്‍ വേറെയും. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി കൂടുകയെന്നാല്‍ അതിനര്‍ഥം അമേരിക്കന്‍ വിപണിയില്‍ അവക്ക് അസഹ്യ വിലയാകുമെന്നാണ്. ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക്, ഉദാഹരണത്തിന് തുകല്‍ ഉത്പന്നങ്ങളെടുക്കാം, എത്ര തന്നെ ബ്രാന്‍ഡ് മൂല്യമുണ്ടെങ്കിലും വില ഒരു പരിധിയിലപ്പുറം പോയാല്‍ അമേരിക്കന്‍ സ്റ്റോറുകളില്‍ വാങ്ങാനാളില്ലാതെ അവ കെട്ടിക്കിടക്കും. പരമ്പരാഗത എതിരാളികളായ ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ഈ അവസരം മുതലാക്കും. അതിര്‍ത്തിയിലെ അതിക്രമമെല്ലാം മറന്ന് മോദി ഇപ്പോള്‍ വാരിപ്പുണര്‍ന്നിരിക്കുന്ന ചൈനയുണ്ടല്ലോ, അവര്‍ പോലും ഇന്ത്യയെ നിഷ്‌കരുണം മറിച്ചിട്ട് യു എസ് വിപണിയില്‍ മുന്നേറും. കാരണം, ട്രംപിന്റെ കോപത്തിനിരയായ ഒരു രാജ്യത്തിനു മേലും 50 ശതമാനം നികുതി ചുമത്തിയിട്ടില്ല. ഇന്ത്യയില്‍ താരിഫ് കൂട്ടാത്ത ഒരേയൊരു ഇനം ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം പറയുന്നു, 40 രാജ്യങ്ങളുമായി സംസാരിക്കുമെന്ന്. യു കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ആസ്‌ത്രേലിയ എന്നിവയുള്‍പ്പെടെ 40 രാജ്യങ്ങളിലേക്ക് ദൂതന്‍മാര്‍ പോകും. നല്ലത് തന്നെ. എത്രകാലമെടുക്കും ഈ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍? എത്രകാലമെടുക്കും പിന്നെ കരാറാകാന്‍? അവരുടെ നിലവിലെ വ്യാപാര പങ്കാളികളെ ഒഴിവാക്കി ഒറ്റയടിക്ക് ഇന്ത്യയെ അവര്‍ പുണരുമോ? എത്ര മഹത്തരമായാലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണിയിലേക്ക് ഒറ്റയടിക്ക് കടന്നു കയറാനാകുമോ? അപ്പോഴേക്കും അടച്ചു പൂട്ടിയ ഉത്പാദന ശാലകളില്‍ തുരുമ്പ് കയറില്ലേ? പിന്നെ പറയുന്ന പരിഹാരം ആഭ്യന്തര വിപണി സജീവമാക്കുമെന്നാണ്. ജി ഡി പി കണക്കുകള്‍ വളരുമ്പോഴും അതിന്റെ പങ്ക് സാധാരണ മനുഷ്യരിലെത്താത്ത കടുത്ത സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ആര്‍ക്കാണ് ഈ ‘എക്സ്പോര്‍ട്ട് ക്വാളിറ്റി’ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ക്രയശേഷിയുണ്ടാകുക. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങുന്നത് തുടരും, അത് രാജ്യത്തിന്റെ താത്പര്യമാണ് എന്നൊക്കെ വിളിച്ചു കൂവുന്നവര്‍ ഒരു കാര്യത്തിന് കൂടി ഉത്തരം പറയണം. റഷ്യന്‍ എണ്ണ വിപണിയിലെത്തുന്നതിന്റെ ഗുണം എന്നെങ്കിലും സാധാരണ ഉപഭോക്താക്കള്‍ക്ക് കിട്ടിയിട്ടുണ്ടോ? കാലാകാലവും എണ്ണക്കമ്പനികള്‍ ‘നഷ്ടം’ നികത്തുന്നു. അല്ലെങ്കില്‍ സര്‍ക്കാര്‍ നികുതി കൂട്ടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സ്വന്തക്കാര്‍ വില കുറഞ്ഞ എണ്ണ സംഭരിച്ച് അന്താരാഷ്ട്ര വിപണിയില്‍ വിറ്റ് പണമുണ്ടാക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ റിഫൈനറികള്‍ വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങി ശുദ്ധീകരിച്ച ഉത്പന്നങ്ങള്‍ വിറ്റ് ഏകദേശം 16 ബില്യണ്‍ ഡോളറിന്റെ ലാഭം ഉണ്ടാക്കുന്നുവെന്നാണ് കണക്ക്.സാധാരണക്കാര്‍ക്ക് ക്രയശേഷി വര്‍ധിപ്പിക്കാത്തിടത്തോളം ആഭ്യന്തര വിപണി ഉണരില്ല. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച രക്ഷാപദ്ധതികള്‍ മുഴുവന്‍ വിജയിച്ചാലും വര്‍ഷങ്ങളെടുക്കും ക്ഷീണം മാറാനെന്ന് ചുരുക്കം.

ഇന്ത്യയെ തീരുവ രാജാവെന്ന് അധിക്ഷേപിച്ചപ്പോഴും പ്രധാനമന്ത്രി മോദിയെ നേരിട്ട് കളിയാക്കിയപ്പോഴുമെല്ലാം അക്ഷന്തവ്യമായ മൗനം പാലിച്ചവരാണ് ഇപ്പോള്‍ ഗതികെട്ട് ട്രംപിനെതിരെ വാ തുറക്കുന്നത്. എസ് ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദേശകാര്യ വകുപ്പിനെ വാഴ്ത്തുന്നവര്‍ ഈ നിലയില്‍ പ്രതികാരദാഹിയായി ട്രംപ് മാറുന്നതിന്റെ സൂചനകള്‍ അവഗണിച്ചത് എന്തുകൊണ്ട് കാണുന്നില്ല. ഇന്ത്യ അതിജീവിക്കുമെന്ന് ഇപ്പോള്‍ നെഞ്ചുവിരിക്കുന്നവര്‍ ആ സന്ദേശം തുടക്കിത്തിലേ കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്. ചൈനക്കെതിരെ ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ അത് അവസരമാക്കാമെന്ന് കരുതി പമ്മിയിരിക്കുകയായിരുന്നു ടീം മോദി. അര്‍ഥവത്തായ വിമര്‍ശമുയര്‍ത്തി ആഗോള പ്രതിരോധത്തിന് നേതൃത്വം നല്‍കാന്‍ ഇന്ത്യ തയ്യാറായില്ല. ചൈനക്കെതിരെ യു എസ് ഉണ്ടാക്കിയ ക്വാഡ് സഖ്യ(ആസ്ത്രേലിയ, ജപ്പാന്‍, ഇന്ത്യ, യു എസ്)ത്തിന്റെ മേഖലയിലെ വക്താവായി വിലസുകയായിരുന്നു ഈ അടുത്ത കാലം വരെ ഇന്ത്യ. എന്നിട്ടിപ്പോള്‍ എല്ലാ വഴികളുമടഞ്ഞപ്പോള്‍ ഗാല്‍വനും ദോക്ലാമും മറന്ന് ചൈനയെ ശത്രുവല്ല, പങ്കാളിയായി പ്രഖ്യാപിച്ചാല്‍ ആര് വിശ്വസിക്കും. ചൈനക്ക് സ്വന്തം താത്പര്യങ്ങളുണ്ട്. രാഷ്ട്രീയത്തിലും സാമ്പത്തികത്തിലും വ്യാപാരത്തിലും. അവര്‍ അത് വിട്ട് ഒരു കളിക്കും നില്‍ക്കില്ല. മോദി സര്‍ക്കാര്‍ എവിടെയായിരുന്നു നിന്നിരുന്നതെന്ന കൃത്യമായ ബോധ്യവും അവര്‍ക്കുണ്ട്. സംഘര്‍ഷാവസ്ഥ അയയുന്നതിന്റെ ഗുണമുണ്ടാകുമെന്നല്ലാതെ ഒന്നുമുണ്ടാകാന്‍ പോകുന്നില്ല. എസ് സി ഒ ഉച്ചകോടിയില്‍ നിന്ന് ഉജ്ജ്വലമായ പടങ്ങള്‍ വന്നു. പക്ഷേ, സോളിഡായ ഒരു പ്രഖ്യാപനം പോലും ബീജിംഗില്‍ നിന്നുണ്ടായില്ലല്ലോ.

പൊഖ്റാന്‍ ആണവ പരീക്ഷണ ഘട്ടത്തിലും കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്തും സിവില്‍ ആണവ കരാറിന്റെ ചര്‍ച്ചയിലുമെല്ലാം നിവര്‍ന്നു നിന്ന ഒരു ഇന്ത്യയുണ്ടായിരുന്നു. നെഹ്റുവിയന്‍ വിദേശ നയം ഇന്ത്യക്ക് സമ്മാനിച്ച ആത്മബലമുണ്ടായിരുന്നു. ആ നട്ടെല്ല് പണയം വെച്ചപ്പോഴാണ് ട്രംപ് മോദിയുടെ മൈ പ്രണ്ടായത്. എന്നാല്‍ മോദിയോടുള്ള ട്രംപിന്റെ സമീപനം അതായിരുന്നില്ലെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. ട്രംപിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന സെര്‍ജിയോ ഗോറാണ് ഇന്ത്യയിലെ സ്ഥാനപതിയായി വരാന്‍ പോകുന്നത്. അദ്ദേഹം സൗത്ത്, സെന്‍ട്രല്‍ ഏഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധി കൂടിയായിരിക്കും. എന്നുവെച്ചാല്‍ ഇന്ത്യയെ ‘മൊത്തത്തില്‍’ നിരീക്ഷിക്കും. ഇന്ത്യ- പാക് ബന്ധവും കശ്മീരുമെല്ലാം വിഷയമാകും. അങ്ങനെ അധികച്ചുമതലയുള്ള അംബാസഡറെ വേണ്ടെന്ന് പറയാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുമോ? ഞങ്ങളിപ്പോള്‍ ചൈനയുടെ യഥാര്‍ഥ സുഹൃത്താണ്, ക്വാഡില്‍ ഇനി ഞങ്ങളില്ലെന്ന് തുറന്ന് പറയുമോ? അപ്പോള്‍ കാണാം വ്യത്യാസം. ഇന്ത്യക്ക് ആര്‍ക്ക് മുന്നിലും പതറാതെ നില്‍ക്കാനുള്ള കരുത്തുണ്ട്. അത് പക്ഷേ, ഇന്നുണ്ടായതല്ല. എല്ലാതരം തീവ്രദേശീയതയോടും സമ്രാജ്യത്വ പ്രവണതകളോടും എതിരിട്ട വലിയ നേതാക്കള്‍ ഈ ജനതയോടൊപ്പം നിന്ന് സൃഷ്ടിച്ചതാണത്. ബീജിംഗില്‍ നിന്ന് മടങ്ങിവന്ന് ആദ്യം വായിക്കേണ്ടത് പഞ്ചശീല തത്ത്വങ്ങളാണ്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest