Connect with us

From the print

ട്രംപാഘാതം

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്.

Published

|

Last Updated

മുംബൈ | ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 88ന് താഴെയെത്തി. മൂല്യം 61 പൈസ ഇടിഞ്ഞ് 88.19ലെത്തി. മുമ്പ് 87.95 ആയിരുന്നു ഏറ്റവും താഴ്ന്ന നിലവാരം. മൂല്യം ഇടിഞ്ഞതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 88.19 രൂപ നല്‍കണം. ഇന്ത്യക്ക് മേല്‍ യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പ്രതികാരച്ചുങ്കം പ്രാബല്യത്തില്‍ വന്നത് കയറ്റുമതി മേഖലയെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപക്ക് തിരിച്ചടിയായത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും എണ്ണക്കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍തോതില്‍ ഡിമാന്‍ഡ് ലഭിച്ചതും തിരിച്ചടിയായി.

ഡോളറിനെതിരെ 87.73 നിലവാരത്തില്‍ വ്യാപാരം ആരംഭിച്ചതിന് ശേഷം മൂല്യം 88.33 വരെ ഇടിഞ്ഞു. പിന്നീട് നില അല്‍പ്പം മെച്ചപ്പെടുത്തുകയായിരുന്നു. 25 ശതമാനം പകരച്ചുങ്കത്തിന് പുറമെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഈ മാസം 27 മുതല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനവും ചേര്‍ന്നതോടെ ഇന്ത്യയില്‍ നിന്ന് യു എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമാണ്. ഉയര്‍ന്ന താരിഫ് മൂലം കയറ്റുമതിയിലുണ്ടാകുന്ന ഇടിവ് വ്യാപാര അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

രൂപയുടെ വീഴ്ച ഇന്ത്യക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്. ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് മൂല്യമിടിവ് ഇറക്കുമതി ബില്ല് കുത്തനെ കൂട്ടും. എന്നാല്‍, പ്രവാസികള്‍ക്ക് രൂപയുടെ തളര്‍ച്ച നേട്ടമാണ്. നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാനാകും. രാജ്യത്തേക്ക് വിദേശനിക്ഷേപം കൂടാനും പ്രവാസികളില്‍ നിന്ന് കൂടുതല്‍ പണം ഇന്ത്യയിലേക്ക് എത്താനും രൂപയുടെ മൂല്യം കുറയുന്നതിലൂടെ സാധിക്കും.