International
ബന്ദികളെ തിരികെക്കൊണ്ടുവരാനുള്ള ഏക മാര്‍ഗം ഹമാസിനെ നശിപ്പിക്കലെന്ന് ട്രംപ്
ആറ് മാസത്തിനിടെ ആറ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് അവകാശവാദം

വാഷിംഗ്ൺ | ആറ് മാസം കൊണ്ട് ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന് യു എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസിനെ നശിപ്പിക്കുക എന്നതാണ് ഗസ്സയിലെ ശേഷിക്കുന്ന ബന്ദികളെ നാട്ടിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ഏക മാര്‍ഗമെന്നും ട്രംപ് പറഞ്ഞു.
സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഹമാസിന്റെ നാശം എത്രയും വേഗം സംഭവിക്കുന്നുവോ അത്രയും വിജയസാധ്യത കൂടുതലാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ചര്‍ച്ചകള്‍ നടത്തി നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്റാഈലിലേക്കും അമേരിക്കയിലേക്കും വിട്ടയച്ചത് ഞാനാണ്. വെറും ആറ് മാസത്തിനുള്ളില്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഞാനാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതും ഞാനാണ്. കളിക്കുന്നുവെങ്കില്‍ ജയിക്കാന്‍വേണ്ടി കളിക്കുക, അല്ലെങ്കില്‍ കളിക്കാതിരിക്കുക. ഈ വിഷയത്തില്‍ നിങ്ങള്‍ നല്‍കിയ ശ്രദ്ധയ്ക്ക് നന്ദിയെന്നും 12 ദിവസം നീണ്ട ഇസ്റാഈല്‍- ഇറാന്‍ സംഘര്‍ഷത്തെ പരാമര്‍ശിച്ച് ട്രംപ് കുറിച്ചു.
ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി ട്രംപ് നേരത്തേ രംഗത്തെത്തിയിരുന്നു. ഗസ്സയിലെയും യുക്രൈനിലെയും യുദ്ധങ്ങൾ 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു.