National
ട്രംപിന്റെ പുതിയ നികുതി നയം: രൂപയുടെ മൂല്യം റെക്കോർഡ് തകര്‍ച്ചയിൽ
ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായി ഇന്ത്യൻ രൂപ

ന്യൂയോർക്ക് / ന്യൂഡൽഹി | ഇന്ത്യൻ കയറ്റുമതിക്ക് 25% തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയതോടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. കഴിഞ്ഞ 90 ദിവസത്തിനിടെ രൂപയുടെ മൂല്യം 28 പൈസ കുറഞ്ഞ് 87.71 നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങുന്നതാണ് ഇന്ത്യക്കെതിരെ അധിക ഇറക്കുമതി നികുതി അമേരിക്ക ചുമത്തുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഏറ്റവുമധികം വാങ്ങുന്നത് റഷ്യയുടെ യൂറൽസ് ഗ്രേഡ് ക്രൂഡ് ഓയിലാണ്. റഷ്യക്ക് പിന്നാലെ സഊദി അറേബ്യ, ഇറാഖ്, യു എ ഇ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ട്രംപിന്റെ പുതിയ നികുതിതീരുവകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്കും കയറ്റുമതിക്കും തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
യു എസ് ഡോളറിനെതിരെ ആഭ്യന്തര കറൻസി 87.71 ൽ ആരംഭിച്ചെങ്കിലും തുടർച്ചയായ അഞ്ചാം ദിവസവും ഇടിവോടെ ഒരു ഡോളറിന് 87.43 ന് രൂപയിലായിരുന്നു അവസാനിച്ചത്. നിലവിൽ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായ ഇന്ത്യൻ രൂപക്ക് 3.25% ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഇടിഞ്ഞത്.