Connect with us

Kerala

ട്രോളിംഗ് തീരുന്നു; പ്രതീക്ഷ ചെമ്മീനിലും കിളിമീനിലും

കഴിഞ്ഞതവണ മത്തി ലഭ്യതയിൽ വൻ വർധന

Published

|

Last Updated

കോഴിക്കോട്| സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കുമ്പോൾ പുതിയ പ്രതീക്ഷകളുമായി മത്സ്യമേഖല. 52 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കടലിൽ ഇറങ്ങുമ്പോൾ ചെമ്മീനിലാണ് പ്രതീക്ഷയെന്നാണ് മത്സ്യഗവേഷണ രംഗത്തെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ മത്തിയുടെ ലഭ്യതയിൽ കുറവ് വരാനാണ് സാധ്യത. നിരോധന കാലയളവിൽ തമിഴ്‌നാട്ടിലെ ഫൈബർ വള്ളങ്ങൾ മത്സ്യബന്ധനം നടത്തിയിരുന്നു. കിളിമീനാണ് ധാരാളമായി ലഭിച്ചത്. തൃശൂരിൽ നിന്ന് കരിക്കാടി ചെമ്മീൻ ലഭിച്ചതായും വിവരമുണ്ട്. കൂടാതെ, മത്സ്യഗവേഷകർ ഈയടുത്ത ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ചെറുമത്തിയുടെ അളവ് കുറവായിരുന്നു.

2023 മാർച്ച് വരെ രാജ്യത്ത് 3.49 ദശലക്ഷം ടൺ മത്സ്യം ലഭി ച്ചതായാണ് കേന്ദ്ര മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് 0.44 ദശലക്ഷം ടൺ അധികമാണിത്. സംസ്ഥാനത്തും മത്സ്യലഭ്യതയിൽ വർധനയുണ്ടായിട്ടുണ്ട്. 5.55 ലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞ തവണ 6.87 ലക്ഷം ടണ്ണായി വർധിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണാടകയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2021ൽ ഗുജറാത്തിലായിരുന്നു ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചിരുന്നത്. 2022ൽ അയലയാണ് മുൻപന്തിയിലെത്തിയത്. 3.28 ലക്ഷം ടൺ അയലയാണ് ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 1.15 ലക്ഷം ടൺ അധികമാണിത്. ഓയിൽ മത്തിയുടെ കാര്യത്തിൽ കുതിച്ചു ചാട്ടം തന്നെ കഴിഞ്ഞ വർഷം നടന്നിട്ടുണ്ട്. 2021ൽ 0.87 ആയിരുന്നത് 2022ൽ 2.51 ആയി കുതിച്ചുയർന്നു.

2022ൽ കാലാവസ്ഥയിലുണ്ടായ ശാന്തത മത്സ്യബന്ധനത്തിന് അനുകൂലമായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ഈ വർഷത്തെ മഴക്കുറവ് മത്സ്യത്തൊഴിലാളികളിൽ നിരാശയുണ്ടാക്കുന്നു. മഴ പെയ്യുമ്പോഴാണ് മത്സ്യം ഇറങ്ങുകയെന്നാണ് തൊഴിലാളികൾ പറയുന്നത്. അതേ സമയം, അടിത്തട്ടിലെ മത്സ്യങ്ങളിൽ പ്രജനനം നടക്കുന്നത് ഒക്‌ടോബർ, നവംബർ മാസങ്ങളിലാണെന്ന് ഒരു വിഭാഗം ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഈ സമയത്താണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തേണ്ടതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

തിങ്കളാഴ്ച മുതൽ കടലിലിറങ്ങേണ്ട സാഹചര്യത്തിൽ ബോട്ടുകളിൽ ഇന്ധനവും വെള്ളവും ഭക്ഷ്യ വസ്തുക്കളും ഐസും മറ്റും നിറയ്ക്കുന്ന തിരക്കിലാവും വരും മണിക്കൂറുകളിൽ തൊഴിലാളികൾ. ജി പി എസ്, വയർലസ് സംവിധാനങ്ങളും ക്രമീകരിക്കുന്നുണ്ട്.

Latest