Kerala
ഹണി ട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു; ദമ്പതികള്‍ അറസ്റ്റില്‍
ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. ദമ്പതികളായ ജയേഷ്, രശ്മി എന്നിവരാണ് മര്‍ദിച്ചത്. ഇവര്‍ മനോവൈകൃതമുള്ളവരാണെന്ന് പോലീസ്.

പത്തനംതിട്ട | ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശികളും യുവ ദമ്പതികളുമായ ജയേഷിനെയും ഭാര്യ രശ്മിയെയും പോലീസ് അറസ്റ്റ് ചെയ്തു.
ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയും ചെയ്‌തെന്നാണ് യുവാക്കള്‍ പറയുന്നത്. യുവാക്കളുടെ വെളിപ്പെടുത്തല്‍ കേട്ടും ദമ്പതികള്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കണ്ടും പോലീസും ഞെട്ടി. ദമ്പതികള്‍ മനോവൈകൃതമുള്ളവരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. യുവാക്കളുമായി ഫോണിലൂടെ സൗഹൃദത്തിലാകുകയും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി മര്‍ദിക്കുകയുമായിരുന്നു.
മാരാമണ്‍ ജങ്ഷനില്‍ എത്തിയ റാന്നി സ്വദേശിയെ ജയേഷാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ ശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുപോലെ അഭിനയിക്കാന്‍ പറയുകയും രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് ജയേഷ് കയര്‍ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. ജനനേന്ദ്രിയത്തില്‍ മുളക് സ്‌പ്രേയും 23 സ്റ്റാപ്ലര്‍ പിന്നുകളും അടിച്ചു. നഖം പിഴുതെടുത്തു. പിന്നീട് യുവാവിനെ റോഡില്‍ ഉപേക്ഷിച്ചു.
ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയെയും തിരുവല്ലയില്‍ വച്ച് ജയേഷാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിച്ച് സമാനരീതിയില്‍ അതിക്രൂരമായി മര്‍ദിച്ചു. പിന്നാലെ റോഡില്‍ ഇറക്കിവിട്ടു. റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്.
നാണക്കേടു കാരണം യുവാക്കള്‍ ആരോടും വിവരം പറഞ്ഞിരുന്നില്ല. പോലീസിനോടും നടന്ന സംഭവം മറച്ചുവെച്ചു. സംശയം തോന്നിയ പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്. ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികള്‍ തട്ടിയെടുത്തിരുന്നു.