National
രാജ്യത്ത് ഉപയോഗശൂന്യമായ 97 ലക്ഷം വാഹനങ്ങള്‍; ഇവ പൊളിക്കുന്നതിലൂടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ലഭിക്കുക 40,000 കോടി രൂപ ജി എസ് ടി: മന്ത്രി
70 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

ന്യൂഡല്‍ഹി | രാജ്യത്ത് ഉപയോഗയോഗ്യമല്ലാത്തതും മലിനീകരണം വരുത്തുന്നതുമായ 97 ലക്ഷം വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്കെന്നും ഇവ പൊളിക്കുന്നതിലൂടെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 40,000 കോടി രൂപ വരെ ജി എസ് ടി നേടാനാകുമെന്നും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി. 70 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 2025 ആഗസ്റ്റ് മാസം വരെ ഉള്‍പ്പെടെ മൂന്ന് ലക്ഷം യോഗ്യമല്ലാത്തതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇതില്‍ 1.41 ലക്ഷം സര്‍ക്കാര്‍ വാഹനങ്ങളാണെന്നും എ സി എം എ (ഓട്ടോമേറ്റിവ് കമ്പോനന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍) വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് കേന്ദ്ര മന്ത്രി നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
പ്രതിമാസം ശരാശരി 16,830 വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നുണ്ട്. സ്വകാര്യമേഖല ഇതുവരെ 2,700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ ഘട്ടംഘട്ടമായി ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ വെഹിക്കിള്‍ സ്‌ക്രാപ്പിങ് പോളിസി അല്ലെങ്കില്‍ വോളണ്ടറി വെഹിക്കിള്‍ ഫ്‌ളീറ്റ് മോഡേണൈസേഷന്‍ പ്രോഗ്രാം (വി-വി എം പി) നടപ്പിലാക്കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന നിയമപ്രകാരം, വാണിജ്യ വാഹനങ്ങള്‍ക്ക് എട്ട് വര്‍ഷം വരെ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും അതിനുശേഷം വര്‍ഷം തോറും ഫിറ്റ്‌നസ് പരിശോധന നിര്‍ബന്ധമാണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്ന സമയത്ത്, 15 വര്‍ഷത്തിന് ശേഷവും പിന്നീട് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പരിശോധന ആവശ്യമാണ്, അതേസമയം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നിശ്ചിത ഉപയോഗ കാലപരിധിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.