From the print
മിനി ലോകകപ്പ്
ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. അഫ്ഗാനിസ്താന്‍-ഹോങ്കോംഗ് ഉദ്ഘാടന മത്സരം രാത്രി 8ന്.

ദുബൈ | ഏഷ്യയില്‍ വീണ്ടും ടി20 ക്രിക്കറ്റ് ആവേശം. മിനി ലോകകപ്പായ ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകും. അബൂദബിയിലെ ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ഹോങ്കോംഗിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നാളെ കളത്തിലിറങ്ങും. ദുബൈയില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ യു എ ഇയാണ് എതിരാളികള്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യ ഒമ്പതാം കിരീടമാണ് ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടമുയര്‍ത്തിയ ടീമും ഇന്ത്യയാണ്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന 2023ലെ കഴിഞ്ഞ പതിപ്പില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്. 2026ല്‍ ടി20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മത്സരം ടി20 ഫോര്‍മാറ്റിലേക്ക് മാറ്റിയത്.
എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി തിരിഞ്ഞ് ഏറ്റുമുട്ടുന്നതാണ് ആദ്യ റൗണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ 4 റൗണ്ടിലെത്തും. അതിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഈ മാസം 28നാണ് ഫൈനല്‍.
വിരാട് കോലി, രോഹിത് ശര്‍മ എന്നീ വമ്പന്മാരില്ലെങ്കിലും ശക്തമായ ടീമുമായാണ് ഇന്ത്യ യു എ ഇയിലെത്തിയിരിക്കുന്നത്. ഈ മാസം 14നാണ് ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം. ഈ മാസം 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ടെങ്കിലും ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് ടീമുകളെ അവഗണിക്കാന്‍ കഴിയില്ല. ശ്രീലങ്ക ആറ് തവണയും പാകിസ്താന്‍ രണ്ട് തവണയും കിരീടമുയര്‍ത്തിയിട്ടുണ്ട്.