Articles
സർവരുടേയും കാരുണ്യ ദൂത്

ഒരു ദിവസം തിരുനബി(സ്വ)യും അബ്ദുല്ലാഹി ബ്നു ജഅ്ഫറും (റ) വാഹനമായി ഉപയോഗിക്കാറുള്ള മൃഗത്തിന്റെ പുറത്തുകയറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ഒരു തോട്ടത്തിൽ ക്ഷീണിച്ച് അവശനായ ഒട്ടകം തേങ്ങിക്കരയുന്നത് കണ്ടു. ആരമ്പ ദൂതരുടെ സമക്ഷം കല്ലുകളും മരങ്ങളും മനുഷ്യേതര ജീവികളും സലാം പറയുകയും സംസാരിക്കുകയും സങ്കടം പറയുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു. കൂടെയുള്ളവരും പലപ്പോഴും അതൊക്കെ കാണുകയും കേൾക്കുകയും അറിയുകയും ചെയ്തിരുന്നു.
ഒട്ടകത്തിന്റെ വിഷമം കണ്ട തിരുനബി (സ്വ) ഇറങ്ങിച്ചെന്ന് വാത്സല്യത്തോടെ അതിന്റെ മുതുക് തലോടി. ആരുടേതാണ് ഈ ഒട്ടകമെന്ന് അന്വേഷിച്ചു. അൻസ്വാരിയായ ഒരു ചെറുപ്പക്കാരൻ തന്റേതാണെന്ന് പറഞ്ഞ് മുന്നോട്ടു വന്നു. തങ്ങൾ അയാളോട് ചോദിച്ചു: മൃഗങ്ങളോട് കാണിക്കണമെന്ന് അല്ലാഹു നിർദേശിച്ച മര്യാദകളെ നിങ്ങൾ സൂക്ഷിക്കാറില്ലേ? നിങ്ങൾ പട്ടിണിക്കിടുന്നെന്നും അമിതമായി ജോലി ചെയ്യിപ്പിച്ച് ക്ഷീണിപ്പിക്കുന്നെന്നും ഈ ഒട്ടകം എന്നോട് പരാതി പറയുന്നല്ലോ. എല്ലാവരുടെയും ആശ്രയ കേന്ദ്രമായിരുന്നു തങ്ങൾ!
കാരുണ്യത്തിന്റെ നിർവചനമായിരുന്നു തിരുനബി (സ്വ). ആ നിസ്തുല കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹം മനുഷ്യരെയും മനുഷ്യേതര മൃഗങ്ങളെയും അചേതന വസ്തുക്കളെ പോലും ഒരുപോലെ സ്പർശിച്ചു. പ്രപഞ്ചത്തിനാകെയും കാരുണ്യമായാണ് അല്ലാഹു അവന്റെ ദൂതനെ അവതരിപ്പിച്ചത്. ഒരു പൂച്ചയെ ഭക്ഷണം കൊടുക്കാതെയും സ്വൈരമായി അലഞ്ഞ് ഭക്ഷണം കണ്ടെത്താൻ അനുവദിക്കാതെയും കെട്ടിയിട്ടു കൊന്ന ബനൂ ഇസ്റാഈൽ ജനതയിലുണ്ടായിരുന്ന സ്ത്രീയുടെ കഥ പറയുന്നുണ്ട് തിരുനബി (സ്വ). ആ പൂച്ചയോടുള്ള പെരുമാറ്റം കാരണം ആ സ്ത്രീ കൊടിയ ശിക്ഷ നേരിടേണ്ടിവന്നെന്നും തങ്ങൾ പഠിപ്പിച്ചു.
തിരുനബി (സ്വ)ക്ക് പല സമയങ്ങളിലായി നിരവധി വളർത്തു മൃഗങ്ങൾ ഉണ്ടായിട്ടുണ്ട്. അവക്ക് പേരിടുന്ന രീതിയും തിരുജീവിതത്തിൽ കാണാം. സക്ബ്, മുർതജസ് (കുതിര), ദുൽദുൽ (കോവർ കഴുത), ഉഫൈർ (കഴുത), ഖസ്്വാഅ് (ഒട്ടകം) തുടങ്ങിയവ അവയിലെ ചില ഉദാഹരണങ്ങളാണ്.
ചുറ്റിലുമുള്ള സർവതിനോടും മാന്യമായി മാത്രമേ പെരുമാറാവൂ എന്നാണ് തിരുജീവിതം നമ്മെ ഓർമപ്പെടുത്തുന്ന മഹനീയ സന്ദേശങ്ങളിലൊന്ന്. എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയാണ്. ഒന്നിനെയും വില കുറച്ചു കാണാനോ അവമതിക്കാനോ നമുക്ക് അവകാശമില്ല. സൃഷ്ടികളിൽ വെച്ചേറ്റവും ഉത്തമരായ തിരുദൂതരെക്കാൾ അനുകരണീയമായ മാതൃകകൾ നമുക്ക് എങ്ങനെ ലഭിക്കാനാണ്?