Connect with us

Uae

അബൂദബിയില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റ് വില്‍പ്പനക്ക് പുതിയ നിയമം

വ്യതിരിക്തമായ നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാന്‍ ലളിതമായ നടപടിക്രമങ്ങള്‍.

Published

|

Last Updated

അബൂദബി | ഉടമസ്ഥാവകാശമില്ലാത്ത വാഹന നമ്പര്‍ പ്ലേറ്റുകളുടെ വില്‍പ്പനയും ഉടമസ്ഥാവകാശവും നിയന്ത്രിക്കുന്നതിനുള്ള പുതിയ ഭരണപരമായ നിയമത്തിന് മുന്‍സിപ്പാലിറ്റികളും ഗതാഗത വകുപ്പും അംഗീകാരം നല്‍കി. ലളിതമായ നടപടികളിലൂടെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുന്ന സുതാര്യമായ സംവിധാനം ഒരുക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

എമിറേറ്റിലെ നമ്പര്‍ പ്ലേറ്റുകള്‍ വ്യതിരിക്തമായ പ്ലേറ്റുകള്‍, വ്യതിരിക്തമല്ലാത്ത പ്ലേറ്റുകള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സിംഗിള്‍, ഇരട്ട, മൂന്ന്, നാല് അക്ക പ്ലേറ്റുകള്‍ വ്യതിരിക്ത വിഭാഗത്തില്‍ ഉള്‍പ്പെടും. പുതിയ നിയമമനുസരിച്ച്, ഒരു വ്യക്തിക്ക് എത്ര നമ്പര്‍ പ്ലേറ്റുകളും അതിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകളും സ്വന്തമാക്കാന്‍ സാധിക്കും. ഉടമസ്ഥാവകാശ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍, ഈ പ്ലേറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയും.

നിലവില്‍ ഉടമസ്ഥാവകാശമില്ലാതെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഉടമസ്ഥാവകാശം തെളിയിച്ചില്ലെങ്കില്‍ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. എന്നിരുന്നാലും, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി അല്ലെങ്കില്‍ കുട്ടികള്‍ എന്നിവരുള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ക്ക് പ്ലേറ്റിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ അനുവാദമുണ്ട്.

ആദ്യ ഘട്ടത്തില്‍, ഉപഭോക്താക്കള്‍ക്ക് സേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ഈ സേവനം ഉപയോഗിക്കാം. പിന്നീട്, ഇത് ‘തമ്മ്’ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായി ലഭ്യമാക്കും. പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉടമസ്ഥാവകാശമില്ലാതെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന നമ്പര്‍ പ്ലേറ്റുകളുടെ ഉടമകളെ ടെക്സ്റ്റ് സന്ദേശങ്ങള്‍ വഴി വിവരങ്ങള്‍ അറിയിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ ടി സി) അറിയിച്ചു.

 

Latest