Ongoing News
മോശം പെരുമാറ്റം; സുവാരസിനെതിരെ നടപടി സ്വീകരിച്ച് എം എല്‍ എസും
മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി.

വാഷിങ്ടണ്‍ | മോശം പെരുമാറ്റത്തിന് ഇന്റര്‍ മയാമി താരം ലൂയിസ് സുവാരസിനെതിരെ നടപടി സ്വീകരിച്ച് മേജര്‍ ലീഗ് സോക്കറും (എം എല്‍ എസ്). മൂന്ന് മത്സരങ്ങളില്‍ സുവാരസിന് വിലക്കേര്‍പ്പെടുത്തി.
ലീഗ്സ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്റര്‍ മിയാമി താരങ്ങളും എതിര്‍ ടീമായ സിയാറ്റില്‍ സൗണ്ടേഴ്സ് താരങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ സൗണ്ടേഴ്‌സ് സഹപരിശീലകനു നേരെ സുവാരസ് തുപ്പി. ഇതോടെ ലീഗ്സ് കപ്പ് ടൂര്‍ണമെന്റില്‍ താരത്തിന് ആറ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് എം എല്‍ എസിന്റെ നടപടി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുവാരസ് പരസ്യ ക്ഷമാപണം നടത്തിയിരുന്നു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും അത് പിരിമുറുക്കവും നിരാശയും നിറഞ്ഞ ഒരു നിമിഷമായിരുന്നുവെന്നും താരം പറഞ്ഞു. എങ്കിലും അത് ആ രീതിയിലുള്ള പെരുമാറ്റത്തെ ന്യായീകരിക്കത്തക്കതല്ലെന്നും ആത്മാര്‍ഥമായി ഖേദിക്കുന്നുവെന്നും താരം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.