Connect with us

articles

പശ്ചിമേഷ്യ ചാമ്പലാക്കിയേ നെതന്യാഹു അടങ്ങൂ

ഗസ്സ വംശഹത്യക്ക് അന്ത്യം കാണലോ ഫസല്തീൻ പ്രശ്‌നത്തിന് പരിഹാരം കാണലോ അല്ല അമേരിക്ക ലക്ഷ്യമിടുന്നത്. ഹമാസിന്റെ പക്കലുള്ള 48 ബന്ദികളെ മോചിപ്പിച്ച് നെതന്യാഹു അഭിമുഖീകരിക്കുന്ന മുഖ്യമായ ആഭ്യന്തര വെല്ലുവിളിക്ക് ശമനം കണ്ടെത്തുകയും ആഗോള സയണിസ്റ്റുകളെ സമാധാനിപ്പിക്കലുമാണ്.

Published

|

Last Updated

എന്തെല്ലാം കപട നാടകങ്ങളാണ് ലോകത്തിനു മുന്നിൽ കെട്ടഴിഞ്ഞുവീഴുന്നത്? ഇസ്റാഈൽ ഖത്വറിനു നേരെ ഭീകരാക്രമണം നടത്തിയതിന്റെ പിറ്റേന്നാൾ യു എൻ രക്ഷാ സമിതി അടിയന്തര പ്രമേയത്തിലൂടെ ആക്രമണത്തെ അപലപിച്ചപ്പോൾ അമേരിക്കയടക്കം 15 രാഷ്ട്രങ്ങളും അത് അംഗീകരിച്ചു. സംഘർഷം കുറക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട പ്രമേയം ഖത്വറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മറന്നില്ല. എന്നാൽ പ്രമേയം അവതരിപ്പിച്ച ബ്രിട്ടനും ഫ്രാൻസും സമാധാന ചർച്ചക്കായി ഒത്തുചേർന്ന ഹമാസ് നേതാക്കളുടെ ഉന്മൂലനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇസ്റാഈൽ എന്ന തെമ്മാടി രാഷ്ട്രത്തിന്റെ പേര് തെളിച്ചുപറയാൻ മാന്യത കാണിച്ചില്ല. ഇസ്റാഈലിന്റെയോ നെതന്യാഹുവിന്റെയോ പേര് ഒരു മഹാപാതകത്തോട് ചേർത്തുപറയുന്നത് മഹാ അപരാധമായി ഇപ്പോഴും ഇവർ കരുതുന്നുണ്ടെന്ന് വ്യക്തം. ഉസ്മാനിയ്യ ഖിലാഫത്തിന്റെ ഭാഗമായിരുന്ന ഫലസ്തീൻ ഉൾക്കൊള്ളുന്ന വിശാലമായ പശ്ചിമേഷ്യയെ ഒന്നാം ലോകയുദ്ധാനന്തരം വിഹിതം വെച്ചെടുത്ത കൊളോണിയൽ കൊള്ളക്കാരാണ് ഈ ശക്തികളെന്നത് ഓർമയിലുണ്ടാകണം.

ദോഹ ആക്രമണത്തിന് ശേഷം ഒരു പകൽ മുഴുവൻ മൗനം ദീക്ഷിച്ച പ്രസിഡന്റ്ട്രംപിന്റെ ആശീർവാദമില്ലാതെ “ബീബി’ സാഹസികമായ ഈ ഈക്രൂരതക്ക് ഇറങ്ങിപ്പുറപ്പെടില്ല എന്ന് ലോകം മുഴുവൻ ചർച്ച ചെയ്യാൻ തുടങ്ങിയതിൽ പിന്നെയാണ് ആക്രമണത്തിൽ ട്രംപ് സന്തുഷ്ടനല്ല എന്ന തരത്തിൽ വൈറ്റ് ഹൗസിൽനിന്ന് റിപോർട്ടുകൾ വന്നുതുടങ്ങിയത്. ഇത്തരമൊരു ആക്രമണത്തെ കുറിച്ച് തങ്ങൾക്ക് ഒരു സൂചനയും ലഭിച്ചിരുന്നില്ല എന്ന ഖത്വർ ഭരണകൂടത്തിന്റെ വെളിപ്പെടുത്തൽ യഥാർഥത്തിൽ യു എസ് ഭരണകൂടത്തോടുള്ള പരോക്ഷമായ പ്രതിഷേധമാണ്.

നെതന്യാഹു ലക്ഷ്യമിട്ട ഖാലിദ് മിശ്അൽ അടക്കമുള്ള ഹമാസിന്റെ ഉന്നതനേതാക്കളെ ബോംബിട്ട് ചുട്ടുകൊല്ലാൻ സാധിച്ചിരുന്നുവെങ്കിൽ തന്റെ നിർദേശപ്രകാരമാണ് ഓപറേഷൻ പൂർത്തിയാക്കിയതെന്ന് ട്രംപ് വീമ്പിളക്കിയേനെ. ട്രംപ് ചെയ്തത് കൊലച്ചതിയാണ്. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് ഖത്വർ നേതാക്കൾ വിലപിക്കുന്നത് വെറുതെ അല്ല. അമേരിക്കയുടെ നിർദേശപ്രകാരമാണ് ഹമാസ് നേതാക്കൾ ദോഹയിൽ കൂടിയാലോചനക്കിരുന്നത്. ഗസ്സയിൽ തുടരുന്ന ചരിത്രത്തിൽ തുല്യതയില്ലാത്ത വംശഹത്യക്ക് അന്ത്യം കാണലോ ഫസല്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കരുപ്പിടിപ്പിച്ചെടുക്കുകയോ അല്ല അമേരിക്ക ലക്ഷ്യമിടുന്നത്. ഹമാസിന്റെ പക്കലുള്ള 48 ബന്ദികളെ മോചിപ്പിച്ച് നെതന്യാഹു അഭിമുഖീകരിക്കുന്ന മുഖ്യമായ ആഭ്യന്തര വെല്ലുവിളിക്ക് ശമനം കണ്ടെത്തുകയും ആഗോള സയണിസ്റ്റുകളെ സമാധാനിപ്പിക്കലുമാണ്.

പക്ഷേ, വെളുക്കാൻ തേച്ചത് പാണ്ടായി. ദോഹ ആക്രമണത്തോടെ, ബന്ദികൾ തിരിച്ചുവരുമെന്ന സ്വപ്നം പോലും നെതന്യാഹു കരിച്ചുകളഞ്ഞിരിക്കുന്നുവെന്ന ഖത്വർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്്മാൻ അൽതാനിയുടെ പ്രസ്താവനയിൽ സമയവും ഊർജവും പണവും ചെലവിട്ട് തങ്ങൾ ഇന്നലെ വരെ നടത്തിയ മാധ്യസ്ഥ്യ ശ്രമങ്ങളെല്ലാം വിഫലമാവുകയാണെന്ന ധ്വനിയുണ്ട്. യു എസ് നയതന്ത്ര പടുക്കൾ ട്രംപിന്റെ നിലപാടിൽ ക്ഷുഭിതരാണ്. ട്രംപിന്റെ വിശ്വാസ്യത തകർന്നിരിക്കയാണെന്നാണ് പലരുടെയും അഭിപ്രായം.

പ്രസിഡന്റുമാരായ ജോ ബൈഡനും ഡോണാൾഡ് ട്രംപും വാരിക്കോരി നൽകിയ ബില്യൻ കണക്കിന് ഡോളറും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചാണ് 20 ലക്ഷം മനുഷ്യർ അന്തിയുറങ്ങുന്ന ഗസ്സാ തുരുത്തിനെ ശവപ്പറമ്പാക്കിയതും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നുകുഴിച്ചുമൂടിയതും. ഫലസ്തീനു വേണ്ടി ശബ്ദമുയർത്തുന്ന ഒരു കുഞ്ഞും ഭൂമുഖത്ത് ബാക്കിയാകരുത് എന്ന ദുശ്ശാഠ്യത്തോടെ വെള്ളവും ഭക്ഷണവും നിഷേധിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട് കൊന്നൊടുക്കുന്നതും അമേരിക്കയുടെ പിന്തുണയോടെത്തന്നെ.

ആഗോള സയണിസത്തിന്റെ ആസൂത്രിത പദ്ധതി നടപ്പാക്കുന്ന വഴിയിൽ തങ്ങൾക്ക് രാഷ്ട്രാന്തരീയ നിയമമോ നയതന്ത്ര ബന്ധങ്ങളോ പ്രശ്‌നമല്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് നെതന്യാഹു ദോഹ ആക്രമണം നടന്നയുടൻ ഉത്തരവാദിത്വം സ്വയമേറ്റെടുത്തത്. ഖത്വർ ഭരണാധികാരികളും ഇസ്റാഈലിലെ തന്നെ ബന്ദിമോചന പ്രസ്ഥാനങ്ങളും ചൂണ്ടിക്കാട്ടിയത് പോലെ വെടിനിർത്തൽ കരാറിലേക്കെത്തുന്ന സമാധാന ധാരണയോട് നെതന്യാഹുവിന് അശേഷം താത്പര്യമില്ല. വംശഹത്യക്കെതിരെ ആഗോള സമൂഹം രോഷപ്രകടനം നടത്തുന്പോഴും പ്രതിദിനം ശരാശരി 50 ഫലസ്തീനികളെയെങ്കിലും സയണിസ്റ്റുകൾക്ക് കൊന്നുതള്ളുന്നു.

നിണമുറ്റുന്ന ദംഷ്ട്രകൾ
ഫലസ്തീനെ കുറിച്ച് ഇപ്പോഴും മങ്ങിയ പ്രതീക്ഷ വെച്ചുപുലർത്തുന്നതും ഹിംസാത്മകമായ വംശഹത്യ കണ്ട് ഞെട്ടുന്നതും ഇന്നല്ലെങ്കിൽ നാളെ പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ അരുണോദയം പുലരുമെന്ന് സ്വപ്നം കാണുന്നതുമെല്ലാം സയണിസം യഥാർഥത്തിൽ എന്താണെന്നും അതിന്റെ വിശ്വാസപരമായ അടിത്തറ എത്ര ആപത്കരമാണെന്നും വ്യക്തമായ ധാരണ ഇല്ലാത്തത് കൊണ്ടാണ്. ഇസ്റാഈലിന്റെ കഴിഞ്ഞ 75 വർഷത്തെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ ബോധ്യപ്പെടും ഇവർ കെട്ടഴിച്ചുവിടുന്ന ആസുരശക്തി എന്തുമാത്രം മനുഷ്യത്വഹീനവും വിശ്വാസാന്ധതയിൽ സർവതും ചുട്ടെരിക്കാൻ കെൽപുള്ളതാണെന്നും. വിശ്വവിഖ്യാതനായ ചരിത്രകാരൻ ആർണോൾഡ് ടോയിൻബി യഹൂദ സമൂഹത്തെ എന്നോ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകേണ്ടിയിരുന്ന “ഫോസിൽ കമ്മ്യൂണിറ്റി’ എന്നാണ് വിശേഷിപ്പിച്ചത്.

റോമാസാമ്രാജ്യത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത വർഗം എന്ന നിലയിൽ കടുത്ത പീഡനങ്ങൾ ഇവർ ഏറ്റുവാങ്ങി. ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ്, എ ഡി 60-70 കാലഘട്ടത്തിലാണ് കലാപകാരികാരികളായ ജൂതരെ പരാജയപ്പെടുത്തിക്കൊണ്ട് റോമൻ ഭരണകൂടം ജറൂസലമിലെ അവരുടെ പള്ളി തകർക്കുന്നതും യഹൂദ സമൂഹത്തെ പശ്ചിമേഷ്യയിൽ നിന്നും റോമാസാമ്രാജ്യത്തിൽ നിന്നും ഉത്തരാഫ്രിക്കയിൽ നിന്നും നാട് കടത്തുന്നതും. അഭയം തേടിയത് മുസ്‌ലിം ഭരണ പ്രദേശങ്ങളിലായിരുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട പ്രവാചകന്മാരുടെ അനുയായികൾ എന്ന പരിഗണനയിൽ ചെന്നിടെത്തല്ലാം സ്വസ്ഥമായി ജീവിക്കാനും കച്ചവടത്തിലൂടെ ധന്യത കൈവരിക്കാനും മുസ്‌ലിം ഭരണകൂടങ്ങൾ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. എന്തിനേറെ പറയുന്നു. ആന്തലൂസിയയിൽ (മുസ്‌ലിം സ്പെയിനിൽ) ധനകാര്യമന്ത്രി സ്ഥാനം വരെ നൽകി ആദരിച്ചു. ബഗ്ദാദിലും കോൺസ്റ്റാന്റ്‌നോപ്പിളിലും അലക്‌സാണ്ടറിയയിലുമൊക്ക സാംസ്‌കാരിക ആദാനപ്രദാനങ്ങളിലൂടെ ജീവിച്ചു. മധ്യകാലത്ത് യൂറോപ്പിലാണ് കൊടിയ പീഡനങ്ങൾക്ക് ഇവർ ഇരകളാക്കപ്പെട്ടത്. സഹസ്രാബ്ദങ്ങൾ നീണ്ട അപരവത്കരണമാണ് അഡോൾഫ് ഹിറ്റ്‌ലർക്ക് “ഭൂമുഖത്ത് ജീവിക്കാൻ കൊള്ളാത്ത വർഗം’എന്ന മുദ്രകുത്തി അറുപത് ലക്ഷത്തോളം യഹൂദരെ വംശഹത്യ നടത്തുക എളുപ്പമാക്കിയത്.

യൂറോപ്പിലും അമേരിക്കയിലും അലഞ്ഞുജീവിക്കുന്ന ജൂത സമൂഹത്തിന് സ്വന്തമായി ഒരു രാജ്യം എന്ന സ്വപ്നത്തെ രാഷ്ട്രീയ സിദ്ധാന്തമായി പരിവർത്തിപ്പിച്ചെടുക്കാൻ മാധ്യമപ്രവർത്തകനായ തിയോഡർ ഹെർസലിന് സാധിച്ചിടത്തുനിന്നാണ് ഫലസ്തീനികൾക്ക് നക്ബകൾക്ക് പിറകെ നക്ബകൾ ഏറ്റുവാങ്ങേണ്ടിവന്നത്. ഇന്ന് ഗസ്സാ നഗരത്തിൽ പത്ത് ലക്ഷത്തോളം വരുന്ന ഫലസ്തീനികൾ ഏറ്റവും കിരാതമായ ദുരന്തങ്ങൾ ഏറ്റുവാങ്ങുമ്പോൾ ലോകം അത് കണ്ട് ഞെട്ടിത്തരിക്കുന്നുണ്ടെങ്കിലും യഥാർഥ നാസികൾ അത് ഫലസ്തീനികൾ അർഹിക്കുന്നതാണെന്നും തങ്ങൾക്ക് വാഗ്ദാനം ചെയ്ത ജന്മനാട് തിരിച്ചുകിട്ടാനും യഹൂദർക്ക് സ്വസ്ഥമായി അവിടെ ജീവിക്കാനും ഇതാണ് ദൈവത്തിന്റെ വിധി എന്ന് വിശ്വസിക്കുന്നവരുമാണ്. ഇവിടെയാണ് നാസിസത്തിന്റെ അതിക്രൂരമായ മുഖം നാം തിരിച്ചറിയേണ്ടത്.

ഫലസ്തീനെ സംബന്ധിച്ചിടത്തോളം 1946ൽ തുടങ്ങിയതാണ് ബോംബ് വർഷവും കൂട്ടക്കൊലയും. അന്ന് ഫലസ്തീന്റെ മണ്ണ് ബ്രിട്ടീഷ് കോളനി ശക്തികളുടെ കൈയിലായിരുന്നു. 1918ലെ ബാൾഫർ പ്രഖ്യാപനത്തിനു ശേഷം പുണ്യഭൂമിയായ ജറൂസലമും വിശാലമായ ഫലസ്തീനും ബ്രിട്ടീഷ് മാൻഡേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. എത്രയും പെട്ടെന്ന് കടിഞ്ഞാൺ പിടിച്ചെടുക്കാനാണ് ഭീകരവാദ സംഘടനയായ ഇർഗുൻ എന്ന സയണിസ്റ്റ് മിലീഷ്യ ജറൂസലമിലെ കിംഗ് ദാവീദ് ഹോട്ടലിൽ ബോംബ് വെച്ച് 91 ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ജീവനെടുത്ത്. ആധുനിക പശ്ചിമേഷ്യയുടെ ചരിത്രത്തിലെ ആദ്യത്തെ ബോംബ് സ്‌ഫോടനം.

1948ഓടെ ഇസ്റാഈൽ രാഷ്ട്രത്തിന്റെ പിറവി പ്രഖ്യാപിക്കപ്പെട്ടു. അതോടെ തുടങ്ങിയതാണ് ഫലസ്തീനിൽ ജീവിക്കുന്ന മനുഷ്യരെ കൂട്ടംകൂട്ടമായി കൊന്നൊടുക്കുകയോ ആട്ടിയോടിക്കുകയോ ചെയ്യുക എന്നത്. അന്ന് ജീവനും കൊണ്ട് ഓടിയ ലക്ഷക്കണക്കിന് ഫലസ്തീനികളുടെ പിൻതലമുറയാണ് ഗസ്സയിലും പടിഞ്ഞാറെ കരയിലും ഇന്ന് ജീവിക്കുന്നത്. ഫലസ്തീനികൾ മുഴുവൻ ഭീകരവാദികളാണ് എന്ന വാദമുയർത്തിയാണ് അവരെ പൂർണമായി ഉന്മൂലനം ചെയ്യാനും പിറന്ന മണ്ണിൽ നിന്ന് പിഴുതെറിയാനും നെതന്യാഹു തീരുമാനിച്ചിരിക്കുന്നത്.

നെതന്യാഹു എന്ന അഭിനവ ഫറോവ
ഇസ്റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരനും നിഷ്ഠൂരനുമായ ഭരണാധികാരിയാണ് ബെഞ്ചമിൻ നെതന്യാഹു. ചരിത്രത്തിൽ നാം വായിച്ചുകേട്ട ഫറോവമാരുടെയും നംറൂദിന്റെയും അതേ ജനുസ്സിൽപെട്ട തൊമ്മാടിയും ധിക്കാരിയും. ഒരു നിമിഷം തന്റെ കൈയിൽ നിന്ന് ഭരണം നഷ്ടപ്പെട്ടാൽ നേരെ പോകേണ്ടിവരിക ജയിലിലേക്കാണെന്ന് അയാൾക്കറിയാം. അത്രമാത്രം ക്രിമിനൽ കുറ്റങ്ങൾ ചാർത്തപ്പെട്ട വെറുക്കപ്പെട്ടവനാണയാൾ. അതുകൊണ്ട് തന്നെ ജവിതാവസാനം വരെ പ്രധാനമന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള പോംവഴിയാണ് യുദ്ധവും ഏറ്റുമുട്ടലുകളും. മുൻ ഇസ്റാഈലി മുഖ്യ മധ്യസ്ഥനായ ഡാനിയൽ ലെവിയുടെ അഭിപ്രായത്തിൽ ദോഹ ആക്രമണം മേഖലയിലെ എല്ലാ ശക്തികൾക്കുമുള്ള മുന്നറിയിപ്പാണ്. എത്ര തിരിച്ചടി നേരിട്ടാലും ഫലസ്തീനികളെ പൂർണമായി ഉന്മൂലനം ചെയ്യുക എന്ന സയണിസ്റ്റുകളുടെ അജൻഡയിൽ നിന്ന് ഒരു നിലക്കും പിന്തിരിയാൻ ഈ സമാധാന വിരോധി തയ്യാറാകില്ല.

തിയോഡർ ഹെർസൽ ഇസ്റാഈലികൾക്ക് സ്വന്തമായി ഒരു രാഷ്ട്രം എവിടെയായിരിക്കണമെന്ന് ഒരിക്കലും കൃത്യമായി പറഞ്ഞിട്ടില്ല. എന്നാൽ ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള ഉത്ഖനനങ്ങളിലും ഗവേഷണങ്ങളിലും ഇന്നത്തെ പശ്ചിമേഷ്യ ഇന്ധനങ്ങളുടെ കലവറയാണെന്ന് കണ്ടതോടെയാണ് അമേരിക്കയും ബ്രിട്ടനും ചേർന്ന് മേഖലയിലേക്ക് അധിനിവേശം നടത്താനും ജൂതരെ ഫലസ്തീനിൽ കുടിയിരുത്താനും പദ്ധതി തയ്യാറാക്കുന്നത്. അമേരിക്ക ഇത്ര കണ്ട് സമ്പന്നമായത് സഊദി അറേബ്യയിൽ നിന്ന് മുപ്പതുകൾ തൊട്ട് ചില്ലിക്കാശിന് എണ്ണകയറ്റികൊണ്ടുപോയി കൊഴുത്ത് തടിച്ചതോടെയാണ്. ആ കാശ് കൊണ്ട് കെട്ടിപ്പടുത്ത ആയുധശാലകളാണ് ഫലസ്തീനികളെ ചുട്ടുചാമ്പലാക്കാൻ മാരകായുധങ്ങൾ നിർമിക്കുന്നത്. കേവലം ഗസ്സയോ ഫലസ്തീനോ അല്ല, അറബ് ഇസ്‌ലാമിക ലോകമാണ് ജൂത-ക്രൈസ്തവ ലോബിയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ഹമാസിന്റെ പേരിലുള്ള യുദ്ധങ്ങളും ആക്രമണങ്ങളും.

Latest