Connect with us

Haritha Issue

കടുപ്പിച്ച് ഹരിത മുൻ ഭാരവാഹികൾ ലീഗ് നേതാക്കൾക്കെതിരെ വെളിപ്പെടുത്തലുകൾ വരും

സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ നേതൃത്വത്തിന്റെ നിലപാടുകൾ തുറന്നു കാട്ടും

Published

|

Last Updated

കോഴിക്കോട് | സംഘടന പിരിച്ചുവിട്ടതിനെ തുടർന്ന് നേതൃത്വത്തിനെതിരെ ഹരിതയിലെ മുൻ ഭാരവാഹികൾ കടുത്ത നടപടിയിലേക്ക്. മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ ചില വെളിപ്പെടുത്തലുകൾ ഹരിത നേതാക്കൾ അടുത്ത ദിവസം നടത്തുമെന്നാണ് സൂചന. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്പി കെ നവാസിനെ സംരക്ഷിച്ച് ഹരിത നേതാക്കളെ തള്ളുന്ന പാർട്ടി നേതാക്കളുടെ നിലപാടിനെതിരെ ഹരിതയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെ ഇന്നലെ പൊന്നാനി മണ്ഡലം എം എസ് എഫ് കൺവെൻഷനിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പരാമർശങ്ങളാണ് ഹരിത നേതാക്കളെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുന്നത്.

മൂന്ന് കുട്ടികൾക്ക് വേണ്ടി 25 ലക്ഷം മെമ്പർഷിപ്പുള്ള മുസ്‌ലിം ലീഗിന്റെ നേതാക്കൾ താഴ്ന്ന് കൊടുക്കണോ എന്നതുൾപ്പെടെയുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. പാർട്ടിയിലെ ചില നേതാക്കളുടെ ഈഗോയാണ് ഹരിത നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ കാരണമെന്ന സൂചന നൽകുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഒപ്പിട്ട പത്ത് പേർക്കെതിരെയും രൂക്ഷ വിമർശനമുന്നയിക്കുന്നുണ്ട്. നാല് വർഷമായി യോഗത്തിൽ പങ്കെടുക്കാത്തവർ പോലും പരാതിയിൽ ഒപ്പിട്ടിട്ടുണ്ടെന്നായിരുന്നു സലാമിന്റെ വിമർശം. പലവട്ടം ചർച്ച നടത്തിയിട്ടും പാർട്ടി നേതൃത്വത്തെ ധിക്കരിച്ചാണ് ഹരിത പരാതിയുമായി മുന്നോട്ട് പോയത്. പാർട്ടി ആവശ്യപ്പെട്ടിട്ടും കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാൻ തയ്യാറായില്ലെന്നും സലാം വിമർശിക്കുന്നു.

എന്നാൽ, പി എം എ സലാം പറഞ്ഞതെല്ലാം ശുദ്ധ കളവാണെന്ന് ഹരിത വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും യഥാർഥ കാര്യങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുമാണ് പരസ്യമായി ഹരിത ഭാരവാഹികൾ കാര്യങ്ങൾ തുറന്നുപറയാനൊരുങ്ങുന്നത്. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെ ശക്തമായി തുറന്നു കാട്ടും. നവാസിനെതിരെ ആരോപണമുയർന്നപ്പോഴോ പിന്നീട് പരാതി നൽകിയപ്പോഴാ അതിന് ശേഷമോ ഹരിത ഒന്നിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നില്ല.

മുൻ സെക്രട്ടറി രാജിവെച്ചു
അതിനിടെ, പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് ഹരിത മുൻ സെക്രട്ടറി മിന ജലീൽ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് അവർ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശമുയർത്തി നിലപാട് വ്യക്തമാക്കിയത്. തങ്ങളെ ആക്ഷേപിച്ചവരുടെ പ്രയോഗങ്ങൾ തെറ്റായി തോന്നാത്തത് ഭീകരമായ അവസ്ഥയാണ്. ഹരിതയുടെ വാദത്തിന് മുസ്‌ലിം ലീഗ് പുല്ലുവില നൽകിയില്ല. ഹരിത നേതാക്കളെ അപമാനിച്ച പി കെ നവാസിനെയും മറ്റുള്ളവരെയും മുസ്‌ലിം ലീഗ് സംരക്ഷിച്ചു. ശാഫി ചാലിയം അടക്കമുള്ളവർ പരാതിക്കാരെ അപമാനിച്ചു കൊണ്ടിരിക്കുന്നു.-മിന ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ഹരിതക്കെതിരെ സ്വീകരിച്ച നടപടി ന്യായീകരിച്ച് പാർട്ടി എം എസ് എഫ് യോഗങ്ങൾ വിളിച്ചു ചേർത്തുവരികയാണ്. പരാതിക്കാധാരമായ കാര്യങ്ങൾ പരിശോധിക്കാതെ പരാതിക്കാരായ ഹരിത നേതാക്കളെ വരുതിയിൽ നിർത്താനുള്ള ശ്രമമാണ് ലീഗ് നേതാക്കൾ നടത്തിയത്. ഇത് പരാജയപ്പെട്ടതോടെയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതായി ജന. സെക്രട്ടറി പ്രഖ്യാപിച്ചത്.

അതൃപ്തിയുമായി ഫാത്വിമ
ഹരിത പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിൽ അതൃപ്തി പരസ്യമാക്കി എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്വിമ തെഹ്‌ലിയ. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളോടല്ല തിരഞ്ഞെടുത്ത രീതിയോടാണ് വിയോജിപ്പെന്ന് അവർ പറഞ്ഞു. അതൃപ്തി മുസ്്ലിം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും. ഹരിത ഭാരവാഹികളെ തീരുമാനിക്കുമ്പോൾ എം എസ് എഫ് ഭാരവാഹികളോട് അഭിപ്രായം തേടേണ്ടതാണ്. വാർത്ത വന്നപ്പോഴാണ് പുതിയ കമ്മിറ്റിയെ കുറിച്ചറിഞ്ഞതെന്നും ഫാത്വിമ തെഹ്‌ലിയ പറഞ്ഞു.

പിന്നിൽ ഗൂഢാലോചന
ഹരിത വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. ഹരിത ഭാരവാഹികൾക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങൾ ഉണ്ടെന്നും പൊന്നാനി മണ്ഡലം എം എസ് എഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിലാണ് പറയേണ്ടതെന്നും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ പിന്തുണച്ച് കൊണ്ടുള്ള പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്