Connect with us

Union Budget 2026

കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ പ്രത്യേക ധാതു മണൽ ഇടനാഴികൾ

അപൂർവ ധാതുക്കളുടെ കാര്യത്തിൽ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക ലക്ഷ്യം

Published

|

Last Updated

ന്യൂഡൽഹി | അപൂർവ ധാതുക്കളുടെ (Rare Earths) കാര്യത്തിൽ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ പ്രത്യേക ധാതു മണൽ ഇടനാഴികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ധാതു മണൽ ഇടനാഴികൾ സജ്ജമാക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ധാതുസമ്പത്ത് പ്രയോജനപ്പെടുത്തി ഖനനം, സംസ്കരണം, ഗവേഷണം, നിർമാണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2025 നവംബറിൽ ആരംഭിച്ച റേർ എർത്ത് പെർമനന്റ് മാഗ്നറ്റ് പദ്ധതിക്ക് പിന്നാലെയാണ് നിർണായകമായ ഈ പുതിയ പ്രഖ്യാപനം വരുന്നത്.

സ്മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങളിലും യുദ്ധവിമാനങ്ങളിലും വരെ ഉപയോഗിക്കുന്ന 17 മൂലകങ്ങളുടെ കൂട്ടമാണ് അപൂർവ ധാതുക്കൾ. നിലവിൽ ഇതിന്റെ ആഗോള ഉൽപാദനത്തിന്റെ 60 ശതമാനവും സംസ്കരണത്തിന്റെ 90 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്. ചൈന കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സ്വയംപര്യാപ്തത ലക്ഷ്യമിടുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ പ്രഖ്യാപനം.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി സെമികണ്ടക്ടർ മേഖലയ്ക്കായി 40,000 കോടി രൂപയുടെ അടങ്കൽ തുകയോട് കൂടി ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0 ഉം മന്ത്രി പ്രഖ്യാപിച്ചു. സെമികണ്ടക്ടർ ഗവേഷണത്തിനും പരിശീലനത്തിനുമായി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം പൂർണ്ണമായും ഇന്ത്യൻ ബൗദ്ധിക സ്വത്തവകാശമുള്ള ഉപകരണങ്ങളും സാമഗ്രികളും നിർമിക്കുന്നതിൽ ഈ മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കും.

Latest