Connect with us

Union Budget 2026

പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് പുതിയ അതിവേഗ റെയിൽ കോറിഡോറുകൾ; കേരളമില്ല

രാജ്യത്തെ ഗതാഗത ചെലവ് കുറയ്ക്കുന്നതിനും മൾട്ടിമോഡൽ ട്രാൻസ്പോർട്ട് സംവിധാനം വികസിപ്പിക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനസജ്ജമാക്കും.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ അതിവേഗ റെയിൽ കോറിഡോറുകൾ വികസിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദമായ യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നഗരങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം വർധിപ്പിക്കാനുതകുന്ന ഗ്രോത്ത് കണക്ടറുകളായി ഈ പാതകൾ പ്രവർത്തിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. മുംബൈ – പൂനെ, ഹൈദരാബാദ് – പൂനെ, ഹൈദരാബാദ് – ബംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബംഗളൂരു, ഡൽഹി – വാരണാസി, വാരണാസി – സിലിഗുരി എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച അതിവേഗ റെയിൽ പാതകൾ. കേരളം ഇതിൽ ഉൾപ്പെടുന്നില്ല.

ചരക്ക് നീക്കം സുഗമമാക്കുന്നതിനായി കിഴക്കൻ മേഖലയിലെ ദൻകുനിയെയും പടിഞ്ഞാറൻ മേഖലയിലെ സൂറത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് പുതിയ ഈസ്റ്റ് വെസ്റ്റ് ഫ്രൈറ്റ് കോറിഡോറും മന്ത്രി പ്രഖ്യാപിച്ചു. ഇതിനുപുറമെ രാജ്യത്തെ ഗതാഗത ചെലവ് കുറയ്ക്കുന്നതിനും മൾട്ടിമോഡൽ ട്രാൻസ്പോർട്ട് സംവിധാനം വികസിപ്പിക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനസജ്ജമാക്കും.

അഞ്ച് ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള ടയർ 2, ടയർ 3 നഗരങ്ങളെ പുതിയ വളർച്ചാ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി 12.2 ലക്ഷം കോടി രൂപയുടെ മൂലധന ചെലവാണ് 2026 – 27 സാമ്പത്തിക വർഷത്തേക്ക് സർക്കാർ ലക്ഷ്യമിടുന്നത്.

Latest