Kerala
പഴയ സംഘർഷത്തിന്റെ വിരോധം; ഒമ്പതാം ക്ലാസുകാരന് മർദനം
അക്രമത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റു
താമരശ്ശേരി | നാല് വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം മനസ്സിൽ സൂക്ഷിച്ച് ഒമ്പതാം ക്ലാസുകാരൻ ഇളയ സഹോദരനൊപ്പം ചേർന്ന് അതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു ഒമ്പതാം ക്ലാസുകാരനെ മർദിച്ച് പരിക്കേൽപ്പിച്ചു.
ചുങ്കം കലറക്കാംപൊയിൽ നൗഷാദ്–ഫാമിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാഫി (14)യ്ക്കാണ് മർദനമേറ്റത്. അക്രമത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. മർദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ അക്രമം നടത്തിയ കുട്ടികളുടെ പേരിൽ താമരശ്ശേരി പോലീസ് സാമൂഹിക പശ്ചാത്തല റിപ്പോർട്ട് രജിസ്റ്റർ ചെയ്തു.
മുഹമ്മദ് നാഫിയുടെ ഇളയ സഹോദരനെ കുറ്റാരോപിതനായ ഒമ്പതാം ക്ലാസുകാരന്റെ അനിയൻ നാല് വർഷം മുൻപ് മദ്രസയിൽ വെച്ച് ഉപദ്രവിക്കുകയും, തുടർന്ന് ഇത് ചോദ്യം ചെയ്ത് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാർ ഇടപെട്ട് പ്രശ്നം പറഞ്ഞുതീർക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നാഫി ചുങ്കത്ത് പള്ളിയിലേക്ക് പോകുന്ന വഴിയിൽ തന്റെ മൂന്ന് സഹോദരങ്ങളുമായി ഒമ്പതാം ക്ലാസുകാരൻ എത്തുകയായിരുന്നു. തുടർന്ന് കുട്ടി നാഫിയെ കയ്യേറ്റം ചെയ്തെന്നും സഹോദരൻ പിടിച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു






